FTRD | ഉത്തര കേരളത്തില്‍ ആദ്യം! ഫുള്‍ തിക്നസ് റിസക്ഷന്‍ ഡിവൈസ് വഴി മലാശയത്തിലെ മുഴ നീക്കം ചെയ്ത് കണ്ണൂര്‍ ആസ്റ്റര്‍ മിംസ്

 


കണ്ണൂര്‍: (www.kvartha.com) ഉത്തര കേരളത്തില്‍ ആദ്യമായി ഫുള്‍ തിക്നസ് റിസക്ഷന്‍ ഡിവൈസ് (FTRD) വഴി മലാശയത്തിലെ മുഴ നീക്കം ചെയ്ത് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് നേട്ടം കൈവരിച്ചു. എന്‍ഡോസ്‌കോപിക് ചികിത്സാ രംഗത്ത് ഏറ്റവും നൂതനമായ ചികിത്സാ ഉപാധിയാണ് എഫ് ടി ആര്‍ ഡി. മലാശയം പോലുള്ള ശരീരഭാഗങ്ങളില്‍ ഉണ്ടാകുന്ന മുഴകളും മറ്റും വിജയകരമായി നീക്കം ചെയ്യാന്‍ സഹായിക്കുന്ന എഫ് ടി ആര്‍ ഡി ഉപയോഗിച്ച് കേരളത്തില്‍ കൊച്ചിയില്‍ മാത്രമായിരുന്നു വിജയകരമായി ചികിത്സ പൂര്‍ത്തീകരിച്ചിരുന്നത്. എന്നാലിപ്പോള്‍ കൊച്ചിക്ക് പുറത്ത് കേരളത്തില്‍ എഫ് ടി ആര്‍ ഡി ചികിത്സ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കണ്ണൂരിലെ ആസ്റ്റര്‍ മിംസിന് സാധിച്ചു.
          
FTRD | ഉത്തര കേരളത്തില്‍ ആദ്യം! ഫുള്‍ തിക്നസ് റിസക്ഷന്‍ ഡിവൈസ് വഴി മലാശയത്തിലെ മുഴ നീക്കം ചെയ്ത് കണ്ണൂര്‍ ആസ്റ്റര്‍ മിംസ്

58 വയസുകാരിയായ കൂത്തുപറമ്പ് സ്വദേശിനിക്കാണ് ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്. കടുത്ത ശ്വാസം മുട്ടലുമായാണ് ഇവര്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ എത്തിയത്. പള്‍മണോളജി വിഭാഗത്തിലെ ഡോക്ടര്‍ വിഷ്ണു ജി കൃഷ്ണന്റെ പരിശോധനയില്‍, ആസ്റ്റര്‍ മിംസിലെത്തുന്നതിന് മുമ്പ് മറ്റൊരാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മലാശയത്തില്‍ ഒരു മുഴയുള്ളത് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിലേക്കയച്ചു. സ്‌കാനിംഗ് ഉള്‍പെടെയുള്ള പരിശോധനകള്‍ക്ക് ശേഷം മലാശയത്തിന്റെ നാളിക്കകത്തുള്ള മുഴയാണ് ബുദ്ധിമുട്ടിന് കാരണം എന്ന് മനസിലായി. രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു.

സാധാരണഗതിയില്‍ ശരീരം തുറന്നുള്ള ശസ്ത്രക്രിയയാണ് ഇതുവരെ ഈ രോഗാവസ്ഥയ്ക്ക് സ്വീകരിച്ചിരുന്നത്. മലദ്വാരത്തിന്റെ ഭാഗം ശസ്ത്രക്രിയ വഴി തുറന്ന് ഉള്ളിലേക്കെത്തി മുഴയുള്ള മലാശയത്തിന്റെ നാളി രണ്ടായി കീറിമുറിച്ച് മുഴ നീക്കം ചെയ്ത ശേഷം തുന്നിച്ചേര്‍ക്കുക എന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് അവലംബിക്കേണ്ടിയിരുന്നത്. എന്നാല്‍ എഫ് ടി ആര്‍ ഡിയുടെ സഹായത്തില്‍ ശസ്ത്രക്രിയ ഇല്ലാതെ ഈ അവസ്ഥ ചികിത്സിക്കാനുള്ള സാധ്യത ഡോക്ടര്‍മാര്‍ രോഗിയുടെയും കുടുംബാംഗങ്ങളുടേയും മുമ്പില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് അവരുടെ സമ്മതത്തോടെയാണ് നടപടികള്‍ ആരംഭിച്ചത്.
   
മലാശയത്തിന്റെ നാളിയുടെ ഉള്ളിലായി ഒരു സെന്റിമീറ്റര്‍ നീളത്തിലാണ് മുഴ സ്ഥിതി ചെയ്തത്. മലദ്വാരത്തിന്റെ ഭാഗം കീറിമുറിക്കാതെ മലദ്വാരത്തിലൂടെ എന്‍ഡോസ്‌കോപ് ഉള്ളിലേക്ക് കടത്തുകയും കൃത്യഭാഗം അടയാളപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് എഫ് ടി ആര്‍ ഡിയുടെ സഹായത്തോടെ ഒരേ സമയം മുഴ മുറിക്കുകയും അതേ സമയം മുറിക്കപ്പെടുന്ന ഭാഗം ക്ലിപ് ചെയ്യുകയും ചെയ്തു. ഇതോടെ മുഴ പൂര്‍ണമായും നീക്കം ചെയ്യുന്ന സമയത്ത് തന്നെ മലാശയനാളി യോജിപ്പിച്ചുകൊണ്ടുള്ള ക്ലിപിംഗും പൂര്‍ത്തിയായി. അതിസങ്കീര്‍ണമായി മാറേണ്ടിയിരുന്ന ശസ്ത്രക്രിയ വളരെ അനായാസകരമായ രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. സാധാരണ ഗതിയില്‍ ദിവസങ്ങളോളം ആശുപത്രി വാസം ആവശ്യമായി വരുമായിരുന്ന രോഗിയെ ഒറ്റദിവസം കൊണ്ട് ഡിസ്ചാര്‍ജ് ചെയ്യാനും സാധിച്ചു. എന്‍ഡോസ്‌കോപിക് ഫുള്‍ തിക്നസ് റിസക്ഷന്‍ (EFTR) എന്നാണ് ഇതിനെ വിളിക്കുന്നത്.
     
FTRD | ഉത്തര കേരളത്തില്‍ ആദ്യം! ഫുള്‍ തിക്നസ് റിസക്ഷന്‍ ഡിവൈസ് വഴി മലാശയത്തിലെ മുഴ നീക്കം ചെയ്ത് കണ്ണൂര്‍ ആസ്റ്റര്‍ മിംസ്

അതിസങ്കീര്‍ണമാകുമായിരുന്ന ശസ്ത്രക്രിയ ഒട്ടും സങ്കീര്‍ണതകളില്ലാതെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു എന്നതാണ് ഈ രീതിയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം. അതിന് പുറമെ ശരീരത്തിന്റെ മറ്റേത് ഭാഗത്തും മുറിവുണ്ടാക്കുന്നതിനേക്കാള്‍ ദുഷ്‌കരമാണ് മലദ്വാരത്തിന്റെ ഭാഗത്ത് മുറിവ് സൃഷ്ടിക്കുന്നത്, ഇത് രോഗിക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. എന്നാല്‍ ഈ രീതിയില്‍ മുറിവ് സൃഷ്ടിക്കാതെ മലദ്വാരത്തിനുള്ളിലൂടെ എന്‍ഡോസ്‌കോപ് സന്നിവേശിപ്പിക്കാന്‍ സാധിച്ചതിനാല്‍ രോഗിക്ക് വളരെ ആശ്വാസകരമായി മാറി. മുഴ നീക്കുന്നതിനൊപ്പം തന്നെ ക്ലിപിംഗും നടന്നത് മറ്റൊരു നേട്ടമാണ്. കൂടാതെ രക്തനഷ്ടമില്ല, അതിവേഗമുള്ള സുഖപ്രാപ്തി, ദൈനംദിന ജീവിതത്തിലേക്ക് പെട്ടെന്നുള്ള തിരിച്ച് വരവ്, വളരെ കുറഞ്ഞ ആശുപത്രിവാസം തുടങ്ങിയ നേട്ടങ്ങളും എഫ് ടി ആര്‍ ഡിക്കുണ്ട്.


കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഡോ. സാബു കെജി നയിക്കുന്ന ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോക്ടര്‍ ജസീം അന്‍സാരി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി. ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഗ്യാസ്ട്രോ എന്ററോളജി, പള്‍മണോളജി വിഭാഗം ഡോക്ടര്‍മാരായ സാബു കെ ജി, ജസീം അന്‍സാരി, കവിത ആര്‍, ജാവേദ് പി, വിവേക് കുമാര്‍ കെ വി, വിജോഷ് വി കുമാര്‍, വിഷ്ണു ജി കൃഷ്ണന്‍, വിവിന്‍ ജോര്‍ജ് (എജിഎം ഓപറേഷന്‍സ്) എന്നിവര്‍ പങ്കെടുത്തു.

Keywords:  Malayalam News, Kerala News, Health News, Aster MIMS, Kannur Aster Mims, Kannur Aster Mims removes rectal tumor using full thickness resection device.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia