Suicide Threat | 'കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം'; ആത്മഹത്യ ഭീഷണിയുമായി ആദിവാസി യുവാവ്

 


തൊടുപുഴ: (www.kvartha.com) വനം വകുപ്പ് ഓഫീസ് വളപ്പിലെ മരത്തില്‍ കയറി ആത്മഹത്യ ഭീഷണിയുമായി ആദിവാസി യുവാവ്. കണ്ണംപടി മുല്ല പുത്തന്‍പുരയ്ക്കല്‍ സരുണ്‍ സജി(24) ആണ് കിഴുകാനം ഫോറസ്റ്റ് ഓഫിസിനു മുന്‍പിലെ മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്. 

ഇടുക്കി കിഴുകാനത്ത് കള്ളക്കേസ് എടുത്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന മുഴുവന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സസ്പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ആദിവാസി യുവാവിന്റെ പ്രതിഷേധം. കാട്ടിറച്ചിയുമായി പിടികൂടിയെന്ന കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാണ് യുവാവിന്റെ ആവശ്യം.

സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കി 2022 സെപ്റ്റംബര്‍ 20ന് ആണ് കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തില്‍ കള്ളക്കേസ് എടുത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 10 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞശേഷം പുറത്തിറങ്ങിയപ്പോഴാണ് ബസില്‍ യാത്ര ചെയ്യുന്നതിനിടെ തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് യുവാവ് നാട്ടുകാരോട് പറഞ്ഞത്.

തുടര്‍ന്ന് നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമായി നടന്ന അന്വേഷണത്തില്‍ അത് കള്ളക്കേസാണെന്ന് വനം വകുപ്പിലെ മേലുദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതിന്റെ തുടര്‍ച്ചയായി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അടക്കം ഏഴ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. അനില്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എന്‍ ആര്‍ ഷിജിരാജ്, വി സി ലെനിന്‍, ഡ്രൈവര്‍ ജിമ്മി ജോസഫ്, വാചര്‍മാരായ കെ ടി ജയകുമാര്‍, കെ എന്‍ മോഹനന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രാഹുല്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. 

കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിട്ടും കേസ് പിന്‍വലിക്കാതിരുന്നതിനെ തുടര്‍ന്ന് സരുണ്‍ ഹൈകോടതിയെ സമീപിച്ചെങ്കിലും വനം വകുപ്പ് അധികൃതര്‍ നടപടികള്‍ വൈകിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ കേസിന്റെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുമെന്ന് വനം മന്ത്രി സരുണിന് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ യുവാവിനെ കേസില്‍ നിന്നൊഴിവാക്കുന്ന നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പ് അതിന്റെ പേരില്‍ നടപടി നേരിട്ട ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വനം വകുപ്പ് തിരിച്ചെടുത്തു.

കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കാന്‍ പലതവണ സരുണ്‍ പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. ഒടുവില്‍ മനുഷ്യാവകാശ-ഗോത്ര വര്‍ഗ കമിഷനുകള്‍ ഇടപെട്ടതോടെയാണ് 2022 ഡിസംബര്‍ 5ന് 13 ഉദ്യോഗസ്ഥര്‍ക്ക് എതിരെ പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ പൊലീസ് തയാറായത്. 

കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും അവരെ അറസ്റ്റു ചെയ്യുന്നത് പൊലീസ് വൈകിപ്പിക്കുകയാണെന്നാണ് സരുണിന്റെ ആരോപണം.

Suicide Threat | 'കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം'; ആത്മഹത്യ ഭീഷണിയുമായി ആദിവാസി യുവാവ്


Keywords:  News, Kerala-News, Kerala, Idukki-News, Case, Complaint, Youth, Suicide Threat, Police, Forest Department, Tribal Youth, News-Malayalam, Idukki: Tribal Youth Poses Suicide Threat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia