Follow KVARTHA on Google news Follow Us!
ad

Committee | മെഡികല്‍ വിദ്യാര്‍ഥികളുടെ പ്രശ്നം പരിഹരിക്കാന്‍ കമിറ്റി രൂപവത്കരിക്കും; മുമ്പ് തീരുമാനമെടുത്തത് കര്‍ശനമായി നടപ്പിലാക്കാന്‍ നിര്‍ദേശം, വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാളും അത്യാഹിത വിഭാഗത്തില്‍ രണ്ടുപേരും മാത്രം

ഒരു മാസത്തിനകം റിപോര്‍ട് സമര്‍പ്പിക്കും #Veena-George-News, #Medical-Students-Problem-News, #Committee-News, #Kerala-News
തിരുവനന്തപുരം: (www.kvartha.com) പിജി വിദ്യാര്‍ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡികല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രടറിയുടെ നേതൃത്വത്തില്‍ കമിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഒരു മാസത്തിനകം കമിറ്റി റിപോര്‍ട് സമര്‍പ്പിക്കും. മെഡികല്‍ റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി മറ്റ് ആശുപത്രികളില്‍ പോകുന്നവര്‍ക്കായി ഉടന്‍ തന്നെ എസ് ഒ പി പുറത്തിറക്കും. ഹൗസ് സര്‍ജന്‍മാരുടെ പ്രശ്നങ്ങളും കമിറ്റി പരിശോധിക്കും. റസിഡന്‍സി മാന്വല്‍ കര്‍ശനമായി നടപ്പിലാക്കും.

അടിയന്തരമായി ഇതിനായി ഡിഎംഇ സര്‍കുലര്‍ ഇറക്കും. വകുപ്പ് മേധാവികള്‍ വിദ്യാര്‍ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. പിജി വിദ്യാര്‍ഥികള്‍ ഹൗസ് സര്‍ജന്‍മാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ചയിലാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഡോക്ടര്‍മാര്‍ക്കൊപ്പമാണ് സര്‍കാര്‍. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ സമരം ചെയ്യരുത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിശദമായ അവലോകന യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു. ആശുപത്രികളിലെ സുരക്ഷ ഓഡിറ്റ് സമയബന്ധിതമായി നടത്തും. എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട് പോസ്റ്റ് സ്ഥാപിക്കും. മറ്റിടങ്ങളില്‍ പൊലീസ് നിരീക്ഷണമുണ്ടാകും. ആശുപത്രികളില്‍ സിസിടിവി കാമറ ഉറപ്പാക്കും.

മുമ്പ് പിജി വിദ്യാര്‍ഥികളുമായി ചര്‍ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഹോസ്റ്റല്‍ സൗകര്യം അതാത് സ്ഥാപനങ്ങള്‍ പരിശോധിച്ച് മുന്‍ഗണന നല്‍കാന്‍ ഡിഎംഇയെ ചുമതലപ്പെടുത്തി. ന്യായമായ സ്റ്റൈപെന്‍ഡ് വര്‍ധനയ്ക്കുള്ള പ്രൊപോസല്‍ സര്‍കാര്‍ പരിഗണനയിലാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍ ഇനി ആക്രമിക്കപ്പെടാന്‍ പാടില്ല. അതിനുള്ള നടപടികള്‍ കര്‍ശനമായി സ്വീകരിക്കും. മെഡികല്‍ കോളജുകളില്‍ പബ്ലിക് അഡ്രസ് സിസ്റ്റം നടപ്പിലാക്കും. ചികിത്സാ ക്വാളിറ്റി, ജീവനക്കാരുടെ സുരക്ഷ എന്നിവ പ്രധാനമാണ്. രോഗികളുടെ വിവരങ്ങള്‍ അറിയിക്കുന്നതിന് ബ്രീഫിംഗ് റൂം ഉറപ്പാക്കണം. വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. അത്യാഹിത വിഭാഗത്തില്‍ രണ്ടു പേര്‍ മാത്രം. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള അലാറം സമ്പ്രദായം നടപ്പിലാക്കണം. ചീഫ് സെക്യൂരിറ്റി ഓഫീസറുടെ നമ്പര്‍ എല്ലാവര്‍ക്കും നല്‍കണം.

Committee to resolve problem of medical students, Thiruvananthapuram, News, Health Minister, Veena George, Committee, Patients, Medical students, Report, Kerala

മെഡികല്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രഷ് സംവിധാനം എല്ലാ മെഡികല്‍ കോളജിലും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

മെഡികല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രടറി, മെഡികല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍, സ്പെഷ്യല്‍ ഓഫീസര്‍, എല്ലാ മെഡികല്‍ കോളജുകളിലേയും പ്രിന്‍സിപല്‍മാര്‍, സൂപ്രണ്ടുമാര്‍, പിജി വിദ്യാര്‍ഥികളുടേയും ഹൗസ് സര്‍ജമാരുടേയും സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ചയില്‍ പങ്കെടുത്തു.

Keywords: Committee to resolve problem of medical students, Thiruvananthapuram, News, Health Minister, Veena George, Committee, Patients, Medical students, Report, Kerala. 

Post a Comment