കോഴിക്കോട്: (www.kvartha.com) ചെറിയ മൂന്ന് കുട്ടികളെ കാറിന്റെ സണ്‍റൂഫില്‍ ഇരുത്തി അപകടകരമായി കാറോടിച്ച സംഭവത്തില്‍ നടപടിയുമായി മോടോര്‍ വാഹന വകുപ്പ് (എംവിഡി). വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഉടമയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.
കാറുടമയായ നരിക്കുനി പന്നിക്കോട് സ്വദേശി മുജീബിന്റെ ലൈസന്‍സാണ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. മുജീബില്‍നിന്ന് വിശദീകരണം തേടിയശേഷമാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
കോഴിക്കോട് കുന്നമംഗലത്ത് കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു കാണുന്നവരുടെ നെഞ്ചിടിപ്പിക്കുന്ന സംഭവം. മൂന്നു കുട്ടികളെ കാറിന്റെ സണ്‍റൂഫില്‍ ഇരുത്തിയാണ് മുജീബ് അമിതവേഗത്തില്‍ വാഹനമോടിച്ചത്. പിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാര്‍ കാറിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് എംവിഡി വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊടുവള്ളി ജോയിന്റ് ആര്‍ടിഒ ഓഫിസില്‍ രെജിസ്റ്റര്‍ ചെയ്ത വാഹനമാണെന്ന് കണ്ടെത്തി. പിന്നാലെ മുജീബിനെ ആര്‍ടിഒ ഓഫിസില്‍ വിളിച്ചുവരുത്തി കാരണം കാണിക്കല്‍ നോടീസ് നല്‍കി. കാറോടിച്ചത് താനാണെന്ന് മുജീബ് സമ്മതിക്കുകയായിരുന്നുവെന്ന് എംവിഡി അറിയിച്ചു.
Keywords: News, Kerala, Kerala-News, News-Malayalam, Vehicles, Mobile Phone, Social Media, MVD, Driving, License, Dangerous, Kozhikode-News, Children sitting on Sunroof of running Car, Owner's Licence suspended.