കണ്ണൂര്‍: (www.kvartha.com) എഐ കാമറ വിവാദം കണ്ണൂരിലെ സിപിഎമിനെ പിടിച്ചുകുലുക്കുന്നു. കാമറ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു ആരോപണവിധേയനായതോടെയാണ് കണ്ണൂരിലെ സിപിഎം പ്രതിരോധത്തിലായത്. എഐ കാമറ വിവാദത്തിലുള്‍പെട്ട പ്രകാശ് ബാബു മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ബന്ധുക്കളിലൊരാളാണ്. മുഖ്യമന്ത്രിയുടെ മകന്‍ വിവേക്, പ്രകാശ് ബാബുവിന്റെ മകളെയാണ് വിവാഹം കഴിച്ചത്. തലശേരി സ്വദേശിയായ പ്രകാശ് ബാബു മസ്‌കറ്റില്‍ വന്‍വ്യവസായിയാണ്. സിപിഐ നേതാവും യുക്തിവാദി പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ അന്തരിച്ച എടത്തില ബാലകൃഷ്ണന്റെ മകളെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. മസ്‌കറ്റു കേന്ദ്രീകരിച്ചു ബിസിനസ് നടത്തിയിരുന്ന പ്രകാശ് ബാബുവിന് തലശേരിയിലും സ്വത്തുക്കളുണ്ടന്നാണ് റിപോര്‍ട്.
ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത് ഇങ്ങനെയാണ്: 'പിണറായിയുമായി കുടുംബബന്ധം പുലര്‍ത്തിയിരുന്ന പ്രകാശ് ബാബു തലശേരി കുയ്യാലിയിലുളള എംസി എന്‍ക്ലേവ് എന്ന ആഡംബര വിലകളിലൊന്നാണ് നവദമ്പതികള്‍ക്ക് വാങ്ങി നല്‍കിയത്. ഇവരുടെ വിവാഹസല്‍ക്കാരവും നടന്നത് ഇവിടെ തന്നെയാണ്. വിഐപികള്‍ ഉള്‍പെടെയുളളവര്‍ പങ്കെടുത്ത ആഡംബര സല്‍കാരമായിരുന്നു പ്രകാശ് ബാബു ഒരുക്കിയത്. ഗള്‍ഫില്‍ നിന്നും പിണറായി വിജയന്റെ മകന്‍ വിവേക് ജന്മനാട്ടിലെത്തുമ്പോള്‍ പുഴയരികിലുളള എംസി എന്‍ക്ലേവിലാണ് താമസിച്ചിരുന്നത്.
നേരത്തെ പുഴ നികത്തിയും കണ്ടല്‍ക്കാടുകള്‍ വെട്ടിമാറ്റിയുംവില്ല നിര്‍മിക്കുന്നതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷതടക്കമുളള സംഘടനകള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ പാര്‍ടിയില്‍ അവസാന വാക്കായ പിണറായി വിജയന്റെ ഇടപടെലിനെ തുടര്‍ന്ന് എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാവുകയായിരുന്നു. മകളുടെ വിവാഹം കഴിയുന്നതിന് മുന്‍പേ കോടികളുടെ സ്വത്തുക്കളുളള മസ്‌കറ്റിലെ വന്‍ ബിസിനസുകാരനാണ് പ്രകാശ് ബാബു. തലശേരിയിലെ അതീവ സമ്പന്നരില്‍ ഒരാളായാണ് പ്രകാശ് ബാബു അറിയപ്പെടുന്നത്. വല്ലപ്പോഴും മാത്രമേ ഇദ്ദേഹം തലശേരിയിലേക്ക് വരാറുളളുവെന്നാണ് പരിചയമുളളവര്‍ പറയുന്നത്'.
എഐ കാമറ വിവാദത്തിലുള്‍പ്പെട്ട കംപനിയായ പ്രസാഡിയോയ്ക്കു മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവായ പ്രകാശ് ബാബുവുമായി അടുത്ത ബന്ധമുണ്ടെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. നേരത്തെ കണ്ണൂര്‍ കേന്ദ്രീകരിച്ചുളള കറക്കുകംപനിയാണ് ഇതിനു പിന്നിലെന്ന ആരോപണം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകാശ് ബാബുവിന്റെ പേര് വെളിപ്പെടുത്തികൊണ്ടു ശോഭാ സുരേന്ദ്രന്‍ രംഗത്തുവന്നത്. പ്രസാഡിയോയ്ക്കു പ്രകാശ് ബാബുവിന് ബന്ധമുണ്ടെന്നു തെളിയിക്കുന്നുവെന്ന് കാണിച്ച് രേഖകളും പുറത്തുവിട്ടിരുന്നു. കംപനി രജിസ്ട്രാര്‍ക്കു സമര്‍പിച്ച ഫിനാഷ്യല്‍ റിപോര്‍ടിലാണ് പ്രസാഡിയോയ്ക്കു പ്രകാശ് ബാബുവുമായുളള ഇടപാടുകള്‍ വ്യക്തമാക്കുന്നതെന്നാണ് ആരോപണം.
വര്‍ഷങ്ങള്‍ക്കു മുന്‍പ് എസ്എന്‍സി ലാവ്ലിന്‍ കേസ് തലശേരി കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഉയര്‍ന്നു വന്നത്. ഇതിനു സമാനമായാണ് ഇപ്പോള്‍ മറ്റൊരു വിവാദം കൂടി ഉയര്‍ന്നുവന്നിട്ടുളളത്. കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്കെതിരെ വിഎസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ വിഭാഗം ഉന്നയിച്ച ആരോപണങ്ങളിലൊന്നായിരുന്നു എസ്എന്‍സി ലാവ്ലിന്‍ കേസ്. ഇപ്പോള്‍ ഉയര്‍ന്നിട്ടുളള എഐ കാമറ വിവാദത്തെ രണ്ടാം ലാവ്ലിനായാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്.
Keywords: Malayalam News, Kerala News, AI Camera, Traffic Fine, Pinarayi Vijayan, CPM, LDF, Politics, Political News, AI camera controversy: CPM in Kannur is on defensive.