ആലപ്പുഴ- കണ്ണൂര്‍ എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ചുതീവെച്ച കേസ് അന്വേഷിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി ഡിജിപി അനില്‍കാന്ത് പറഞ്ഞു.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചുകഴിഞ്ഞതായും അനില്‍കാന്ത് അറിയിച്ചു.
മൂന്നുപേര്‍ മരിക്കാനിടയായ കേസില്‍ പതിനെട്ടംഗ അന്വേഷണസംഘം രൂപീകരിച്ചതായും എഡിജിപി എം ആര്‍ അജിത് കുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും ഡിജിപി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കണ്ണൂര്‍ കേളകത്തിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് എഡിജിപി കണ്ണൂരിലെത്തിയത്. എലത്തൂരില്‍ നടന്ന ട്രെയിന്‍ അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലാണ് ഡിജിപി വിളിച്ചു ചേര്‍ത്ത ഉന്നത യോഗം നടന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പിടിച്ചിട്ട ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് പരിശോധനയ്ക്കായി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിലാണുളളത്. അക്രമം നടന്ന ഡി വണ്‍, ഡി ടൂ കംപാര്‍ട് മെന്റുകള്‍ സീല്‍ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഫോറന്‍സിക് പരിശോധന കംപാര്‍ട് മെന്റില്‍ നടത്തിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി അക്രമത്തില്‍ പൊളളലേറ്റവരുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. അക്രമിയെ കണ്ടാല്‍ തിരിച്ചറിയാമെന്നാണ് ഇവര്‍ മൊഴി നല്‍കിയിട്ടുളളത്. പൊലീസ് ദൃക്സാക്ഷിയുടെ സഹായത്തോടെ തയാറാക്കിയ രേഖാചിത്രത്തിനോട് സാമ്യമുളള പ്രതിയാണ് കൃത്യം ചെയ്തതെന്ന് പരുക്കേറ്റവരില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്.
അന്വേഷണത്തില്‍ പങ്കെടുക്കുന്ന പതിനെട്ട് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് വിജ്ഞാപനമായി തിരുവനന്തപുരം പൊലീസ് ഹെഡ് ക്വാര്‍ടേഴ്സില്‍ നിന്നും പുറത്തുവന്നിട്ടുണ്ട്. ഏതാനും മണിക്കൂറുകള്‍ക്കുളളില്‍ തന്നെ തീവയ്പ്പുകേസിലെ പ്രതിയേയും ഇയാളെ സഹായിച്ചയാളെയും പിടികൂടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പൊലീസ്.
Keywords: Train tragedy: DGP Anilkanth says investigation is for special team, Kannur, News, Police, Investigates, Kerala.