തൃശൂര്‍: (www.kvartha.com) തൃശൂര്‍ പൂരാവേശത്തില്‍. വര്‍ണവിസ്മയം തീര്‍ത്ത് കുടമാറ്റം പുരോഗമിക്കുന്നു. പാറമേക്കാവിലമ്മയുമായി ഗുരുവായൂര്‍ നന്ദനും, തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തിടമ്പേറ്റുന്നത്. ഇരുവശത്തെയും ആനച്ചന്തവും കുടകളുടെ വൈവിധ്യവും കാണാന്‍ ജനസഹസ്രങ്ങള്‍ പൂരപ്പറമ്പില്‍ എത്തി. 15 കൊമ്പന്‍മാരാണ് ഇരുവശവും അണിനിരക്കുന്നത്.
ആനപ്പുറത്ത് കുടകള്‍ പലവിധം മാറിമാറി നിവരുമ്പോള്‍ ജനം ആര്‍പ്പുവിളിച്ചു. ഘടക ക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പോടെയായിരുന്നു പൂരാഘോഷങ്ങളുടെ തുടക്കം. ശ്രീമൂലസ്ഥാനത്ത് മേളം പെരുപ്പിച്ച് വടക്കുന്നാഥനെ വണങ്ങി നീങ്ങിയ ഘടകപൂരങ്ങളെല്ലാം കാണികളുടെ കണ്ണും കാതും മനസ്സും നിറച്ചു. നെയ്തലക്കാവിലമ്മയെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാന്‍ ആയിരങ്ങള്‍ എത്തി.
ആനപ്രേമികളുടെ ഇഷ്ടതാരം പാമ്പാടി രാജന്‍ അയ്യന്തോള്‍ ഭഗവതിയെയാണ് തിടമ്പേറ്റിയത്. രാത്രി 10.30നു പാറമേക്കാവിന്റെ പഞ്ചവാദ്യത്തിനു ചോറ്റാനിക്കര നന്ദപ്പ മാരാര്‍ പ്രമാണിയാകും. ഈ സമയം തിരുവമ്പാടിയുടെ മഠത്തില്‍വരവ് സമയത്തെ പഞ്ചവാദ്യം ആവര്‍ത്തിക്കും. തിങ്കളാഴ്ച പുലര്‍ചെ മൂന്നുമണിക്ക് വെടിക്കെട്ട് ആരംഭിക്കും. ആദ്യം തിരുവമ്പാടിയും തുടര്‍ന്നു പാറമേക്കാവും തിരികൊളുത്തും.
Keywords: Thechikkottukavu Ramachandran steals the show in Thrissur Pooram, Thrissur, News, Religion, Thechikkottukavu Ramachandran, Thrissur Pooram, Pilgrims, Pambadi Rajan, Naithalakkavu Bhagavathy, Kerala.