Follow KVARTHA on Google news Follow Us!
ad

Conference | എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനം ശനിയാഴ്ച സമാപിക്കും; വിദ്യാര്‍ഥി റാലിയില്‍ ഒന്നര ലക്ഷം പേര്‍ അണിനിരക്കും; യുവതയുടെ ധൈഷണിക മേന്മകളെ പ്രധാനമന്ത്രി അവഗണിക്കുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ്

കാന്തപുരം എപി അബൂബകര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും Kannur News, SSF News, Kerala News, Malayalam News, കണ്ണൂര്‍ വാര്‍ത്തകള്‍
കണ്ണൂര്‍: (www.kvartha.com) 'നമ്മള്‍ ഇന്‍ഡ്യന്‍ ജനത' എന്ന പ്രമേയത്തില്‍ ആറ് ദിവസമായി കണ്ണൂരില്‍ നടന്നുവരുന്ന എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ഥി സമ്മേളനം ഏപ്രില്‍ 29ന് സമാപിക്കും. വൈകുന്നേരം മൂന്ന് മണിക്ക് 14 ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒന്നര ലക്ഷം വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന റാലിയും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും. കണ്ണൂര്‍ പ്രഭാത് ജന്‍ക്ഷനില്‍ നിന്ന് ആരംഭിച്ച് ജവഹര്‍ സ്റ്റേഡിയത്തിലാണ് റാലി സമാപിക്കുക. ഇന്‍ഡ്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബകര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
        
Kannur News, SSF News, Kerala News, Malayalam News, SSF Golden Fifty Conference, Kanthapuram A. P. Aboobacker Musliyar, SSF Golden Fifty Conference will conclude on Saturday.

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. 27 മുതല്‍ ആരംഭിച്ച രണ്ടായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന സംഘടന കാംപിനും വെള്ളിയാഴ്ച സമാപനമാകും .
പുസ്തകലോകം എന്നപേരില്‍ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ആരംഭിച്ച പുസ്തകോത്സവത്തില്‍ ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും സന്ദര്‍ശനം നടത്തുന്നത്, എജുസൈന്‍ എന്ന ശീര്‍ഷകത്തിലുള്ള കരിയര്‍ എക്‌സ്‌പോ എസ് എസ് എഫ് വിദ്യാര്‍ഥി സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമായിമാറി. എസ് എസ് എഫിന്റെ കരിയര്‍ വിഭാഗമായ വിസ്ഡം എജുകേഷന്‍ ഫൗന്‍ഡേഷന്‍ ഓഫ് ഇന്‍ഡ്യ (വെഫി)യുടെ നേതൃത്വത്തിലാണ് എജുസൈന്‍ കരിയര്‍ എക്‌സ്‌പോ സംഘടിപ്പിച്ചത്.

വിദ്യാഭ്യാസം, സംരംഭകത്വം, ഭാഷാ പഠനം, മീഡിയ, നിയമപഠനം, മെഡികല്‍, എന്‍ജിനീയറിങ്, ഓണ്‍ലൈന്‍ കോഴ്‌സുകള്‍, സ്‌കോളര്‍ഷിപുകള്‍, ഫെലോഷിപുകള്‍, വിദേശ യൂണിവേഴ്‌സിറ്റികള്‍, സര്‍ടിഫികറ്റ് കോഴ്‌സുകള്‍, ഷോര്‍ട് ടേം കോഴ്‌സുകള്‍, അപ്‌സ്‌കിലിംഗ് തുടങ്ങിയ എണ്‍പതോളം മേഖലകള്‍ ചര്‍ച ചെയ്യുന്ന നൂറോളം സ്റ്റാളുകള്‍ എജുസൈനില്‍ സംവിധാനിച്ചിട്ടുണ്ട്. 250 ല്‍ അധികം കരിയര്‍ മെന്റര്‍മാരുടെ സേവനം, 25ലധികം കേന്ദ്ര സര്‍വകലാശാല പ്രതിനിധികള്‍, 15ലധികം അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ കരിയര്‍ എക്സ്‌പോയുടെ ഭാഗമായി. വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രൊഫഷണലുകളുമുള്‍പെടെ നിരവധിയാളുകളാണ് ഓരോ സ്റ്റാളുകളിലും നിരന്തരമായ സന്ദര്‍ശനം നടത്തുന്നത്.

സമ്മേളനത്തിന്റെ ഭാഗമായ വിദ്യാര്‍ഥി സമ്മേളനം, സാംസ്‌കാരിക പരിപാടികള്‍, അഭിമുഖം, സംവാദം, ചരിത്രപ്രദര്‍ശനം, ഓപണ്‍ ഫോറം, പ്രഭാഷണങ്ങള്‍ സംഘടന കാംപ് അടക്കമുള്ള വിവിധ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നു. വിവിധ മേഖലകളിലെ പ്രമുഖരായ എഴുത്തുകാര്‍ ഇതിനകം തന്നെ സമ്മേളനത്തിന്റെ ഭാഗമായി. മൈക്രോസോഫ്റ്റ് ഉള്‍പെടെ വ്യത്യസ്ത ബഹുരാഷ്ട്ര കംപനികളുടെ പ്രതിനിധികളുമായി സംവദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടായി. ദീപു എസ് നാഥ്, രാഹുല്‍ റെഡ്ഡി മൈക്രോസോഫ്റ്റ്, ഐ ഐ എം കാലികറ്റ് പ്രൊഫസര്‍ രൂപേഷ് കുമാര്‍, മുഹമ്മദ് നദീം, ജമാല്‍ മാളിക്കുന്ന്, നാസര്‍ കുന്നുമ്മല്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന വിദേശ പഠന സമിറ്റും, നൂറിലധികം നടന്നു.

ഏപ്രില്‍ 26 മുതല്‍ 28 വരെ നാല് വേദികളിലായി നടന്നുകൊണ്ടിരിക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ രാജ്യത്തിന്റെ വര്‍ത്തമാനം, പൗരന്റെ ഭാവി, ദേശീയ വിദ്യാഭ്യാസ നയം, ഭരണകൂട മുഖപത്രങ്ങളും ജനാധിപത്യവും, അംബേദ്കറിന്റെ രാഷ്ട്ര സങ്കലപ്പങ്ങള്‍, ഫാഷിസത്തിന്റെ സാമൂഹിക ഭാവനകള്‍, മതേതര കേരളം: ആകുലതകള്‍, ആശ്വാസങ്ങള്‍, ചരിത്രത്തിന്റെ നിറംമാറ്റങ്ങള്‍; വ്യാജ നിര്‍മിതകളുടെ ബദലുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആര്‍ രാജഗോപാല്‍, വിനില്‍ പോള്‍, പി ജെ വിന്‍സന്റ്, ഡോ.കെ എം അനില്‍, കെ കെ ബാബുരാജ്, സണ്ണിം എം കപിക്കാട്, സുകുമാരന്‍ ചാലിഗ്ദ്ധ, രാജീവ് ശങ്കരന്‍, എം ലിജു, ഡോ. മുസ്ത്വഫ സി യു, പി കെ സുരേഷ് കുമാര്‍, സനീഷ് ഇളയിടത്ത് തുടങ്ങിയവര്‍ സംബന്ധിച്ചതായി സംഘാടകര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സുറൈജി സഖാഫി, ജെനറല്‍ കണ്‍വീനര്‍ കെ അബ്ദുല്‍ റശീദ്, നിസാര്‍ അതിരകം, ശബീറലി സി കെ എന്നിവര്‍ പങ്കെടുത്തു.

യുവതയുടെ ധൈഷണിക മേന്മകളെ പ്രധാനമന്ത്രി അവഗണിക്കുന്നുവെന്ന് എസ് എസ് എഫ്

കണ്ണൂര്‍: വൈജ്ഞാനിക ധൈഷണിക മികവുകള്‍ കൊണ്ട് അടയാളപ്പെടുത്തലുകള്‍ നടത്തി ലോക ശ്രദ്ധ നേടിയ നിരവധി പ്രതിഭകള്‍ കേരളത്തില്‍ ഉണ്ടായിരിക്കെ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ സിനിമാ സെലിബ്രറ്റികളെ ഐകണുകളായി അവതരിപ്പിച്ചത് പരിഹാസ്യമാണെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി കെ ഫിര്‍ദൗസ് സുറൈജി സഖാഫി അഭിപ്രായപ്പെട്ടു. ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ധൈഷണിക മികവുകള്‍ കൊണ്ട് ശ്രദ്ധേയരായ വിദ്യാര്‍ഥികളേയും യുവാക്കളേയുമാണ് ഈ നാട് ഈടുവെക്കേണ്ടത്. രാഷ്ട്രീയ ധാരണയുള്ള ഭരണകൂടം പ്രഥമമായി പരിഗണിക്കേണ്ടതും അവതരിപ്പിക്കേണ്ടതും നാടിന്റെ ബൗദ്ധിക പ്രതിഭകളെയാണ്. വിദ്യഭ്യാസത്തേയും ചരിത്രത്തേയും ഭയപ്പെടുകയും തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരുടെ ശൂന്യത കേരളീയ സമൂഹത്തിന് ബോധ്യപ്പെടുന്നുണ്ട്. ഏതു പുരോഗമന സമൂഹത്തിന്റെയും ഉണര്‍വിന്റെ അടയാളങ്ങള്‍ സര്‍വകലാശാലകളും കലാലയങ്ങളുമാണ്. വിദ്യഭ്യാസം നേടുന്ന യുവതലമുറയിലാണ് രാഷ്ട്രങ്ങളുടെ പ്രതീക്ഷ.

എന്നാല്‍ വിദ്യഭ്യാസ സമ്പ്രദായങ്ങളെ വികലമാക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന സംഹാര രാഷ്ട്രീയം ചരിത്രത്തേയും ഭാവിയേയും റദ്ദുചെയ്യുകയാണ്. ധൈഷണിക മികവുകള്‍ കൊണ്ട് ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഉയര്‍ന്ന് നിന്ന ഇന്‍ഡ്യന്‍ സമൂഹത്തെ വിജ്ഞാന ദാരിദ്ര്യത്തിലേക്ക് നയിക്കപ്പെടുന്ന സാഹചര്യം ഭയപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്ര പഠനവും ഗവേഷണങ്ങളും ശാസ്ത്ര സാങ്കേതിക പഠനങ്ങളും രാജ്യത്ത് കൂടുതല്‍ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. വിദ്യാര്‍ത്ഥി തലമുറക്ക് ഏറ്റവും മികച്ച വിദ്യഭ്യാസ അവസരങ്ങളിലേക്ക് വഴി പറഞ്ഞ് കൊടുക്കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ എസ് എസ് എഫ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ. പി.എ മുഹമ്മദ് ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, മുഹമ്മദ് അനസ് അമാനി പുഷ്പഗിരി, എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, സി എം സ്വാബിര്‍ സഖാഫി, പി ജാബിര്‍, യാസീന്‍ കൊളപ്പുറം എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

വിഭജനം ഇപ്പോഴും തത്വശാസ്ത്രമായി നിലനില്‍ക്കുന്നുവെന്ന് കെ കെ ബാബുരാജ്

കണ്ണൂര്‍: ഇന്‍ഡ്യയില്‍ വിഭജന ചിന്തകള്‍ ഇപ്പോഴും തത്വശാസ്ത്രമായി നിലനില്‍ക്കുന്നുണ്ടെന്ന് ദളിത് ആക്റ്റിവിസ്റ്റ് കെ. കെ ബാബുരാജ്. എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിയോടനുബന്ധിച്ച് സംഘടിപ്പിച്ച ദളിത് മുസ്ലിം ആദിവാസി സൗഹൃദം: ബദല്‍ രാഷ്ട്രീയത്തിന്റെ ഭാവി എന്ന ചര്‍ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ന്യൂനപക്ഷങ്ങളെ എല്ലാവിധത്തിലും അരികുവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ദളിത് -മുസ്ലിം ആദിവാസി രാഷ്ട്രീയ ഐക്യം മാത്രമാണ് ഇതിന് പ്രധിവിധി.

ദളിതുകളെ പുറന്തള്ളാനാണ് സവര്‍ണ ശക്തികള്‍ ശ്രമിക്കുന്നത്. മുസ്ലിം ഭരണാധികാരികള്‍ ഇന്‍ഡ്യയ്ക്ക് നല്‍കിയ ചരിത്ര സ്മാരകങ്ങളെ തകര്‍ക്കുന്നതിലൂടെ ഇസ്ലാമിനെ ഒറ്റപ്പെടുത്താന്‍ സാധിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടി ഇസ്ലാമേതര വിഭാഗങ്ങളെ കൂട്ട് പിടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇതിനെയെല്ലാം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വത്വത്തെ മുറുകെപ്പിടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ആദിവാസികള്‍. പക്ഷേ അവരുടെ സംസ്‌കാരങ്ങളെ കൂട്ടിക്കലര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് സംഭാഷണത്തില്‍ സുകുമാര്‍ ചാലിഗദ്ധ അഭിപ്രായപ്പെട്ടു. വൈകീട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ചര്‍ചയില്‍ എന്‍ എം സ്വാദിഖ് സഖാഫി സ്വാഗതം പറഞ്ഞു.

Keywords: Kannur News, SSF News, Kerala News, Malayalam News, SSF Golden Fifty Conference, Kanthapuram A. P. Aboobacker Musliyar, SSF Golden Fifty Conference will conclude on Saturday.

Post a Comment