പാലക്കാട്: (www.kvartha.com) തേങ്ങ പൊതിക്കുന്ന യന്ത്രത്തില്‍ അബദ്ധത്തില്‍ കൈ കുടുങ്ങി യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷിച്ചു. മഞ്ചേരി വള്ളുവമ്പ്രം പുലിക്കത്ത് വീട്ടില്‍ അബ്ദുര്‍ റൗഫിന്റെ (38) കൈയാണ് അട്ടപ്പാടി ഭൂതിവഴിയിലെ വഴിയോരം റസ്റ്റോറന്റിന് സമീപത്തെ കൃഷിയിടത്തില്‍ തേങ്ങ പൊതിക്കുന്നതിനിടെ കുടുങ്ങിയത്.
ശനിയാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. സഹായിയോടൊപ്പം യന്ത്ര സഹായത്തോടെ തേങ്ങ പൊതിക്കുന്നതിനിടെയാണ് റൗഫിന്റെ വലതുകൈ യന്ത്രത്തില്‍ അകപ്പെട്ടത്. ഉടന്‍ തന്നെ സഹായി യന്ത്രത്തിന്റെ സ്വിച് ഓഫ് ചെയ്തതുകൊണ്ട് വന്‍ അപകടം ഒഴിവായി. വലതു കൈയുടെ മുട്ടുവരെ യന്ത്രത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു. യന്ത്രം പൊളിച്ച് കൈ പുറത്തെടുക്കുക മാത്രമായിരുന്നു ഏകപോംവഴി.
വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് മണ്ണാര്‍ക്കാട് അഗ്നിരക്ഷാ യൂനിറ്റിന്റെ സഹായം തേടി. ഏറെ നേരം പരിശ്രമിച്ച് ഉച്ചയ്ക്ക് ഒന്നരയോടെ യന്ത്രം പൊളിച്ച് റൗഫിനെ രക്ഷപ്പെടുത്തി കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റി.
ഇതിനിടെ വേദന കൊണ്ട് പുളഞ്ഞ റൗഫിന് പ്രാഥമിക ശുശ്രൂഷ നല്‍കാനായി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെയും വിവേകാനന്ദ മിഷന്‍ ആശുപത്രിയിലെയും മെഡികല്‍ സംഘവും സ്ഥലത്തെത്തി. റൗഫിന്റെ കൈ മരവിപ്പിച്ച ശേഷമാണ് കൈ പുറത്തെടുത്തത്.
വലതു കൈയുടെ വിരലുകള്‍ക്കും കൈപ്പത്തിയ്ക്കും സാരമായി പരുക്കേറ്റ ഇയാളെ കോട്ടത്തറ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയെ നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയില്‍ നിന്നും അറിയിച്ചു.
Keywords: News, Kerala-News, Kerala, News-Malayalam, Local-News, Regional-News, Palakkad, Accident, Rescued, Youth, Treatment, Hospital, Fire Force, Palakkad: Young man's hand stuck in coconut peeling machine, rescued.