Follow KVARTHA on Google news Follow Us!
ad

Kedarnath | ശൈത്യകാലത്തെ താല്ക്കാലിക അടച്ചിടലിനുശേഷം പ്രത്യേക പൂജയോടെ കേദാര്‍നാഥ് ക്ഷേത്രം തുറന്നു; യാത്രയ്ക്കായി ശ്രദ്ധിക്കേണ്ട തീയതികള്‍, ബുകിംഗ് അറിയാം

ചാര്‍ധാം തീര്‍ഥാടനത്തിനും തുടക്കമാകുന്നു #മതം-ആത്മീയ-വാർത്തകൾ, #Kedarnath-Temple, #Uttarakhand-News, #Ukhimath’s-Omkareshwar-Temple, #Travel-Tourism
ന്യൂഡെല്‍ഹി: (www.kvartha.com) ശൈത്യകാലത്തെ താല്ക്കാലിക അടച്ചിടലിനുശേഷം ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രനട രാവിലെ തുറന്നു. പ്രതികൂല കാലാവസ്ഥ ഉണ്ടായിട്ടും ഏകദേശം 10,000 തീര്‍ഥാടകര്‍ നടതുറപ്പ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. രാവിലെ ആറരയോടെയാണ് പ്രത്യേക പൂജയോടെ ക്ഷേത്രം തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടിയുള്ളതായിരുന്നു ആദ്യദിനത്തിലെ പൂജ. 

മഹാശിവരാത്രിയില്‍ (2023 ഫെബ്രുവരി 18), ഓഖിമഠിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തില്‍ വച്ച് പുരോഹിതന്മാര്‍ പഞ്ചാംഗം അടിസ്ഥാനമാക്കി പ്രഖ്യാപിച്ച തീയതിയിലും മുഹൂര്‍ത്തതിലുമാണ് കേദാര്‍നാഥ് ക്ഷേത്രം തുറന്നത്. കേദാര്‍നാഥ് നടത്തുറപ്പ് ദിവസം ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ഒട്ടേറേ ഭക്തര്‍ ശ്രമിക്കുന്നുണ്ടെങ്കിലും വളരെക്കുറച്ച് പേര്‍ക്ക് മാത്രമെ ഈ ദര്‍ശന സായൂജ്യം ലഭിക്കുന്നുള്ളൂ. 

പുരോഹിതരുടെ നീണ്ട പൂജകള്‍ക്കും മന്ത്രജപങ്ങള്‍ക്കും ശേഷമായിരിക്കും കേദാര്‍നാഥ് ക്ഷേത്രത്തിന്റെ വാതിലുകള്‍ തുറക്കുക. ഇതിന് ശേഷം മാത്രമാണ് ഭക്തര്‍ക്ക് കേദാര്‍ നാഥനെ (പരമശിവന്‍) ദര്‍ശിക്കാന്‍ സാധിക്കൂ.
News, National, National-News, Religion-News, Travel and Tourism, CM, Temple, Religion, Top Headlines, Prime Minister, Narendra Modi, Opening and Closing Date of Kedarnath Temple shrine in 2023.



*കേദാര്‍നാഥ് യാത്ര 2023: ശ്രദ്ധിക്കേണ്ട തീയതികള്‍

കേദാര്‍നാഥ് ക്ഷേത്രം തുറക്കുന്ന തീയതി - 2023 ഏപ്രില്‍ 25, രാവിലെ 06:20
കേദാര്‍നാഥ് ക്ഷേത്രം അടയ്ക്കുന്ന തീയതി - 2023 നവംബര്‍ 14

കേദാര്‍നാഥ് ക്ഷേത്രത്തിന്റെ നടയടയ്ക്കുന്ന ആ വര്‍ഷത്തെ സമാപന ചടങ്ങും വലിയ ആഘോഷങ്ങളായി കൊണ്ടാടുന്നു. കേദാര്‍നാഥ് ധാമിന്റെ സമാപന ചടങ്ങില്‍, കേദാര്‍നാഥന്റെ ശൈത്യകാലത്തെ കേന്ദ്രമായ ഓഖിമഠിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നു. ദീപാവലി ശേഷം, രണ്ട് ദിവസം കൂടി കഴിഞ്ഞ്, അതായത് ഭായ് ദൂജ് ദിനത്തില്‍ ക്ഷേത്ര വാതിലുകള്‍ അടയ്ക്കും. 2023-ല്‍ ദീപാവലി നവംബര്‍ 12-ന് ആഘോഷിക്കും, അതിനാല്‍ കേദാര്‍നാഥ് ക്ഷേത്രം നവംബര്‍ 14-ന് അടച്ചിടും.

*കേദാര്‍നാഥ് യാത്ര 2023: എങ്ങനെ ബുക് ചെയ്യാം? എങ്ങനെ സന്ദര്‍ശിക്കാം?

ക്ഷേത്രത്തിന്റെയും ഉത്തരാഖണ്ഡ് ടൂറിസം ഡിപാര്‍ടുമെന്റിന്റെയും ഔദ്യോഗിക വെബ്‌സൈറ്റ് വഴി ദര്‍ശനത്തിനായി ബുക് ചെയ്യാം. വെബ്സൈറ്റ് ലിങ്കുകള്‍: 

*കേദാര്‍നാഥ് ക്ഷേത്രത്തിന്റെ വെബ്സൈറ്റ് ലിങ്ക് - badrinath-kedarnath(dot)gov(dot)in

*ഉത്തരാഖണ്ഡ് ടൂറിസം ഡിപാര്‍ടുമെന്റ് വെബ്സൈറ്റ് ലിങ്ക് -https://uttarakhandtourism(dot)gov(dot)in

ദര്‍ശനത്തിനായി ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനായി രെജിസ്റ്റര്‍ ചെയ്യണം. ശേഷം ഒരു ഇ-പാസ് അതേ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. അത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക. ഓരോ ദിവസവും നിശ്ചിത എണ്ണം സന്ദര്‍ശകരെ മാത്രമേ അനുവദിക്കൂ. ഗൗര്‍ കുണ്ഡില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം, ഫാറ്റ, സെര്‍സി, സീതാപൂര്‍, ഗുപ്ത്കാശി എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ക്ക് ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്.

ശൈത്യകാലത്ത് (നവംബര്‍ - ഏപ്രില്‍) കേദാര്‍നാഥ് ക്ഷേത്രം മഞ്ഞുമൂടി കിടക്കുന്നതിനാല്‍ 45 കി.മീ അകലെയുള്ള ഓഖിമഠിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തിലാണ് കേദാന്‍നാഥിലെ ചടങ്ങുകള്‍ നടത്തുന്നത്. കനത്ത മഞ്ഞുവീഴ്ചയുണ്ടാകും ഈ സമയത്തെ എല്ലാ വഴികളും ആറ് മാസത്തേക്ക് അടഞ്ഞുകിടക്കുകയാകും. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഈ പാതകള്‍ വീണ്ടും സ്ഥാപിക്കുകയും ചെയ്യുന്നു.

ഹിമാലയന്‍ ഗര്‍വാള്‍ പര്‍വ്വതനിരകളില്‍ മന്ദാകിനി നദിക്കരയിലാണ് കേദാര്‍നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഞ്ചപാണ്ഡവന്മാരാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നും പിന്നീട് ആദിശങ്കരാചാര്യര്‍ ഈ ക്ഷേത്രം പുനര്‍നിര്‍മിച്ച് പൂജാവിധികള്‍ കല്‍പിച്ചുവെന്നുമാണ് ഐതീഹ്യം. ഭാരതത്തിലെ 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണിവിടെ പൂജിക്കുന്നത്. ശൈത്യകാലത്ത് ക്ഷേത്രത്തിലെ പൂജാബിബം ഓംകാരേശ്വര്‍ ക്ഷേത്രത്തില്‍ കൊണ്ടുവന്ന് പൂജാ ചടങ്ങുകള്‍ നടത്തുന്നു.

അതേസമയം, ചാര്‍ധാം യാത്ര തീര്‍ഥാടകര്‍ക്ക് അനായാസമാക്കുന്നതിനായി ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 'ഉത്തരകാശി ജില്ലയിലെ ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. വ്യാഴാഴ്ച ബദരിനാഥ് ക്ഷേത്രവും തുറക്കും. ചാര്‍ധാം തീര്‍ഥാടനം സുരക്ഷിതവും ആയാസരഹിതവുമാക്കുന്നതിന് വേണ്ടുന്നതെല്ലാം ചെയ്യും. വിവിധ സന്നദ്ധ സംഘടനകള്‍ അവരുടെ സേവനവും സഹകരണവും ഉറപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ട്.'- മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാന സര്‍കാരിന്റെ കണക്കനുസരിച്ച് 17 ലക്ഷത്തോളം പേരാണ് ഇത്തവണ ചാര്‍ധാം യാത്രക്കായി രെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് ഉത്തരാഖണ്ഡ് സര്‍കാര്‍ ഈ വര്‍ഷം മുതല്‍ ചാര്‍ധാം യാത്രയ്ക്ക് രെജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയായിരുന്നു. 

തീര്‍ഥാടകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിന്റെ ഭാഗമായാണ് രെജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. ഇതിലൂടെ സഞ്ചാരികളെ ട്രാക് ചെയ്യാനും തിരക്കുകള്‍ ഒഴിവാക്കാനും സാധിക്കും. പ്രധാന ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് തിരക്ക് ഒഴിവാക്കാനായി തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ വഴി തന്നെ ടോകണുകള്‍ നല്‍കും.

Keywords: News, National, National-News, Religion-News, Travel and Tourism, CM, Temple, Religion, Top Headlines, Prime Minister, Narendra Modi, Opening and Closing Date of Kedarnath Temple shrine in 2023.

Post a Comment