കോട്ടയം: (www.kvartha.com) യുകെ മലയാളികള്‍ക്ക് നൊമ്പരമായി ആശുപത്രി കന്റീനില്‍ കുഴഞ്ഞുവീണ് മരിച്ച നെടുംകുന്നം മുളയംവേലി മുരിക്കാനിക്കല്‍ ഷൈജു സ്‌കറിയ ജയിംസ് (37). കഴിഞ്ഞ ദിവസം വൈകിട്ടാണ് മലയാളി യുവാവ് ഡെറിഫോഡ് യൂനിവേഴ്‌സിറ്റി എന്‍എച്എസ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം.
അഞ്ച് ദിവസം മുന്‍പാണ് ഷൈജുവിന്റെ ഭാര്യ നിത്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നിത്യയ്ക്കു കൂട്ടായി ആശുപത്രിയിലായിരുന്നു ഷൈജു. ഇതിന്റെ സന്തോഷ വാര്‍ത്ത ഷൈജു ഫേസ്ബുകില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും തേടിയെത്തിയത്.
ഇവരുടെ മൂത്ത കുട്ടി ഷൈജുവിന്റെ സുഹൃത്തിനൊപ്പമായിരുന്നു. മകനെ സ്‌കൂളില്‍ വിടുന്നതിനായി വീട്ടിലേക്കു പോയ ഷൈജു തിരിച്ച് ആശുപത്രിയില്‍ വന്നശേഷം കന്റീനിലേക്ക് പോയി. ഉച്ചയോടെ ശുചിമുറിയില്‍ പോയി മടങ്ങിവരാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ഷൈജു തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോയിട്ട് ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ഷൈജുവിന്റെ ഫോണിലേക്ക് ഭാര്യ പലതവണ വിളിച്ചെങ്കിലും കോള്‍ അറ്റന്‍ഡ് ചെയ്തില്ല. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു. അവര്‍ നടത്തിയ അന്വേഷണത്തില്‍ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആംബുലന്‍സ് ജീവനക്കാര്‍ സ്ഥലത്തെത്തി അടിയന്തര ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
രണ്ട് വര്‍ഷം മുമ്പ് യുകെയില്‍ എത്തിയ അദ്ദേഹം നേരത്തെ കുവൈതില്‍ ജോലി ചെയ്തിരുന്നു. പ്ലിമത്തില്‍ ബട്‌സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ നിത്യ പ്ലിമത്ത് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ ന്യൂറോ സര്‍ജറി യൂനിറ്റില്‍ നഴ്‌സാണ്.
സംസ്‌കാരം പിന്നീട്. പിതാവ്: പുന്നവേലി മുളയംവേലി മുരിക്കനാനിക്കല്‍ വീട്ടില്‍ ജയിംസ് ജോസഫ് (തങ്കച്ചന്‍). അമ്മ: നടുവിലേപ്പറമ്പില്‍ ജോളിമ്മ. ഭാര്യ നിത്യ വരകുകാലായില്‍ കുടുംബാംഗമാണ്. മക്കള്‍: ആരവ് (5), അന്ന(5 ദിവസം).
Keywords: News, Kerala, Kerala-News, Kottayam-News, Kottayam, Family, Hospital, Found Dead, Obituary, Death, Wife, Delivery, Malayali youth dies in UK.