കോഴിക്കോട്: (www.kvartha.com) നടന്‍ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടന്‍ ഭാഷയും സ്വാഭാവികനര്‍മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത.
മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ വണ്ടൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളായത്.
ഹാസ്യനടനായും സ്വഭാവനടനായും മലയാള വെള്ളിത്തിരയേയും നിലപാടുകളിലെ കൃത്യതയിലൂടെ കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടായ്മകളെയും ഒരേപോലെ വിസ്മയിപ്പിച്ച താരം വൈക്കം മുഹമ്മദ് ബശീറിനെപ്പോലുള്ള പ്രതിഭകളുടെ റോളിനായി ശുപാര്‍ശ ചെയ്ത പ്രതിഭയായിരുന്നു.
ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ. സ്‌നേഹത്തിന്റെ കോഴിക്കോടന്‍ ഭാഷ സംസാരിച്ച, നന്മനിറഞ്ഞ കലാകാരന്‍. നാടകത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം ഹാസ്യവേഷങ്ങളിലും കാരക്ടര്‍ റോളുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടായ്മകളില്‍ അദ്ദേഹം എന്നും സജീവമായിരുന്നു.
ഒരുകാലഘട്ടത്തിലെ കോഴിക്കോടിന്റെ സാഹിത്യ, സാംസ്‌കാരിക ജീവിതം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതിന്റെ ഉള്ളാഴമുണ്ടായിരുന്നു മാമുക്കോയയുടെ ജീവിതക്കാഴ്ചകള്‍ക്ക്. വൈക്കം മുഹമ്മദ് ബശീര്‍, എസ് കെ പൊറ്റക്കാട്, എംഎസ് ബാബുരാജ് തുടങ്ങിയവരുമായി ഏറെ അടുത്ത സൗഹൃദവും അദ്ദേഹത്തിനുണ്ടായിരുന്നു.
സിനിമയിലെ ഹാസ്യ കഥാപാത്രത്തിന്റെയല്ല സമകാലിക സംഭവവികാസങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്ന, അവയില്‍ കൃത്യവും വ്യക്തവുമായ നിലപാടുകളുള്ള ഗൗരവക്കാരനായ സാമൂഹ്യനിരീക്ഷകന്റെ റോളായിരുന്നു യഥാര്‍ഥ ജീവിതത്തില്‍ മാമുക്കോയയുടേത്. സാമൂഹികപരവും മതപരവും രാഷ്ട്രീയപരവുമായ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉറക്കെ പ്രകടിപ്പിക്കാന്‍ അദ്ദേഹം ഒരിക്കലും മടിച്ചില്ല.
കോഴിക്കോട് പള്ളിക്കണ്ടിയില്‍ മമ്മദിന്റെയും ഇമ്പിച്ചി ആയിശയുടെയും മകനായി 1946 ജൂലൈ അഞ്ചിനായിരുന്നു ജനനം. സുഹ്‌റയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് നിസാര്‍, ശാഹിദ, നാദിയ, അബ്ദുര്‍ റശീദ്.
Keywords: News, Kerala-News, Kerala, Obituary, Kozhikode, Death, Hospital, Treatment, Kozhikode-News, News-Malayalam, Malayalam Film Actor Mamukkoya Passed Away.