Madhu's death | മകളുടെ മുലപ്പാല്‍ കുടിച്ച് ജീവന്‍ നിലനിര്‍ത്തേണ്ടി വന്ന ഒരച്ഛന്റെ കഥയ്ക്ക് അനുബന്ധമാണ് മധുവിന്റെ മരണം

 


നേര്‍കാഴ്ചകള്‍ 

-പ്രതിഭാരാജന്‍

(www.kvartha.com) ഇലപൊഴിയും കാലം, ശൈത്യകാലം. പൂന്തേന് പോലും ക്ഷാമം നേരിടുന്ന തേനീച്ചകളടക്കം പട്ടിണി പുല്‍കുന്ന കാലം. കാട്ടിലെ നരിക്കും പുലിക്കൂട്ടങ്ങള്‍ക്കും, ഒറ്റയാനും വിശപ്പടക്കാന്‍ നാട്ടിലിറങ്ങുന്ന സാഹചര്യം. അപ്പോഴാണ് 2018 ഫെബ്രുവരി 22ന് മധു എന്ന ആദിവാസി യുവാവിനെ ഒരുസംഘം കെട്ടിയിട്ടു തല്ലിക്കൊന്നത്. അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ തലക്കു വെളിവില്ലാത്ത മധു കള്ളനാണത്രെ. വിശപ്പ് സഹിച്ചില്ല. ഭക്ഷണമില്ല. അരുവിയില്‍ കുടിനീരു പോലുമില്ലാത്ത മലിനമായ ഊര്. ഭക്ഷണം പൗരാവകാശമാണ്. വിശപ്പ് അസഹ്യമായപ്പോള്‍ അവനതു തട്ടിപ്പറിച്ചെടുത്തു. വിശപ്പു മാറി. പക്ഷെ ചെയ്ത കുറ്റത്തിനു ശിക്ഷ ലഭിച്ചു. അകാലമരണം. ആള്‍ക്കൂട്ടക്കൊല.
             
Madhu's death | മകളുടെ മുലപ്പാല്‍ കുടിച്ച് ജീവന്‍ നിലനിര്‍ത്തേണ്ടി വന്ന ഒരച്ഛന്റെ കഥയ്ക്ക് അനുബന്ധമാണ് മധുവിന്റെ മരണം

ഓരോ പൗരനും ഭക്ഷണം നല്‍കേണ്ടുന്ന ചുമതല സര്‍ക്കാരിനാണ്. അത് പൗരാവകാശമാണ്. പട്ടിണിയെ തോല്‍പ്പിക്കാന്‍ മോഷണം നടത്തിയവനെ തല്ലിക്കൊല്ലാന്‍ ഒരു പൗരനും അവകാശമില്ല. എങ്കിലും ചിലര്‍ ചേര്‍ന്ന് അത് ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ചു. നമ്മുടെ നീതിന്യായം വെറുതെവിട്ടില്ല. ഭീകര സംഘടനകള്‍ പോലും ചെയ്യില്ല ഇത്തരം കടുംകൈ. പട്ടിയേപ്പോലും തല്ലിക്കൊല്ലാന്‍ നിയമമില്ലാത്ത നാട്ടിലാണ് ആ 27കാരനെ ആള്‍ക്കൂട്ടം പട്ടിയേക്കാള്‍ നീചമായി തല്ലിക്കൊന്നത്. രാഷ്ട്രത്തെ കട്ടുമുടിക്കുന്ന രാഷ്ട്രീയക്കാര്‍, കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍, ചാക്കുകെട്ടുകളില്‍ കുത്തി നിറച്ച് പാര്‍ലിമെന്റില്‍ നോട്ടുകള്‍ വിതറുന്ന ഖനി മുതലാളിമാര്‍ വിഹരിക്കുന്ന നാട്ടില്‍ മധുവിനെന്തു പ്രസക്തി.

സര്‍ക്കാര്‍ വരെ ഒരു വട്ടം അങ്ങനെ ചിന്തിച്ചിരുന്നു. വിശപ്പെന്താണെന്നറിയാത്തവരോട്, പോത്തിനോട് വേദമോദിയിട്ടെന്തു കാര്യം. പാപം ചെയ്യാത്തവര്‍ മധുവിനെ കല്ലെറിയട്ടെ, വിശന്നു വലഞ്ഞപ്പോള്‍ മധു ആഹാരം മോഷിച്ചതിനെ ന്യായീകരിക്കാനല്ല ഇവിടെ ശ്രമം. മനുഷ്വത്വം, നീതി, ഇവ അസ്തമിക്കുകയാണ്. മഹാഭാരതയുദ്ധത്തിനു സാക്ഷിയായ ഇന്ത്യയുടെ നീതിബോധം ഒരു നേരത്തെ കഞ്ഞിയുടെ കാര്യത്തില്‍ പോലും നിലനില്‍ക്കുന്നില്ല, എന്നോര്‍ക്കുമ്പോഴാണ് മധു ഒരു സത്യവും രാഷ്ട്രീയവും, പൗരാവകാശവുമാകുന്നത്. വിശ്വാമിത്ര മഹര്‍ഷിയെ നാം പുരാണങ്ങളില്‍ വായിച്ചതാണ്. മുനിവര്യന്‍, ബ്രഹ്മര്‍ഷി, മന്ത്രങ്ങളുടെ മാതാവായ ഗായത്രീ മന്ത്രത്തിന്റെ പിതാവ്, രാമായണത്തിലെ ബാലകാണ്ഠത്തില്‍ രാമലക്ഷമണന്മാരേയും, കൂടി കാട്ടിലെത്തി താമസിക്കാനും വേട്ടക്കും, കാടു പരിചയപ്പെടുത്തിക്കൊടുത്ത കാനനവാസി.

ഒരിക്കല്‍ ഘോര വനത്തില്‍ തപസില്‍ ഏര്‍പ്പെട്ട സമയം. ഉണര്‍ന്നപ്പോള്‍ വിശപ്പ്. അസഹനീയമായ വിശപ്പ്.
കാര്‍ന്നു തിന്നുന്ന വിശപ്പ്. പൊതുവെ സസ്യഭുക്കായിരുന്ന മുനിവര്യന്‍ കൈയ്യില്‍ കിട്ടിയ മൃഗത്തെ ചാടിപ്പിടിച്ച് ചുട്ടു തിന്നു. അതാണ് വിശപ്പ്. വിശപ്പിനെ കീഴിടക്കാന്‍ ഒരു സിദ്ധിക്കും സാധ്യമല്ല. രാജവാഴ്ച അവസാനിച്ചതോടെ എല്ലാം നഷ്ടപ്പെട്ട് തന്റെ ഉത്തരീയത്തിലെ അവസാനത്തെ സ്വര്‍ണപ്പതക്കം വരെ തൂക്കി വിറ്റ് വിശപ്പിന്റെ വിളി സഹിക്കവയ്യാതെ തെരുവില്‍ പുഴുവരിച്ചു മരിച്ച രാജാവിന്റെ കഥ പറയാനുണ്ട് യുപിക്ക്. അവിടെ ആരും തിരിഞ്ഞു നോക്കാത്തിടത്താണ് കേരളം മധുവിനെ കൊന്നവരെ കാരാഗ്രഹത്തിലെത്തിക്കുന്നത്.

ലോകത്തിന്റെ ധാന്യപ്പുരയാണ് ഇന്ത്യയും ചൈനയും. സമ്പന്ന വ്യാവസായിക രാഷ്ട്രങ്ങളെ പോറ്റുന്ന രണ്ടു വന്‍ കാര്‍ഷിക രാജ്യങ്ങള്‍. അതിലൊരു രാഷ്ട്രത്തിലെ ഒരു മൂലയിലെ മധുവിനെയാണ് വിശപ്പിന്റെ പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. സ്വയം പര്യാപ്തതയാര്‍ന്നു എന്ന് ഭരണകര്‍ത്താക്കള്‍ അവകാശപ്പെടുന്ന ഭാരതമാണ് പട്ടിണിയുടെ ലോക തലസ്ഥാനമെന്ന് 2020ലെ ലോക ഹംഗര്‍ വാച്ചിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നത്. അതവിടെ നില്‍ക്കട്ടെ. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഭക്ഷ്യക്ഷാമത്തിന്റെയും പ്രതീകമായിരുന്നു സൊമാലിയ, യമന്‍, ലബനന്‍, മൊറോക്ക, സിറിയ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍. റഷ്യ-യുക്രൈന്‍ യുദ്ധം ഭക്ഷണ ദാരിദ്യത്തിന്റെ ആക്കം കൂട്ടി. അവരുടെ പട്ടിണി മാറ്റാന്‍ ധാന്യങ്ങളെത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് ഇന്ത്യയാണ്. എന്നിട്ടും ഇന്ത്യന്‍ പട്ടിണിയെ സദാചാരക്കാര്‍ അടിച്ചും ചതച്ചും കൊല്ലുന്നു.

മധു ഓര്‍മ്മപ്പെടുത്തുന്ന രാഷ്ട്രീയം അതാണ്. ഭാരതത്തിന്റെ രാജാരവിവര്‍മ്മ- യുറോപ്പിലെ വിഖ്യാതനായ ചിത്രകാരന്‍ - 'ബാര്‍തൊളോമിസോ എസ്തെബന്‍ മുരില്ലോ' എന്ന ചിത്രകാരന്റെ പ്രസിദ്ധമായ ഒരു പെയിന്റിങ്ങുണ്ട്. (വേറെയും നിരവധി ചിത്രങ്ങള്‍ പ്രശസ്തി ആര്‍ജ്ജിച്ചിട്ടുണ്ട്), 'അച്ഛന് അമ്മിഞ്ഞ കൊടുക്കുന്ന മകള്‍'. കേസ് സ്പെയിനിലാണ്. കടുത്ത ഭക്ഷണ ക്ഷാമം. വിശപ്പു അസഹ്യമായപ്പോള്‍ ആ വൃദ്ധന്‍ റോട്ടി മോഷ്ടിച്ചു. രാജകിങ്കരന്മാരുടെ പിടിയില്‍ പെട്ടു. കോടതി വിധി വന്നു. 41 ദിവസത്തെ സമയം. ജലപാനം പോലുമില്ലാതെ പട്ടിണിക്കിട്ടു കൊല്ലുക. മരണം കാത്തുകിടക്കുന്ന വൃദ്ധനെ പരിചരിക്കാന്‍, മലമൂത്രവിസര്‍ജനം എടുത്തു മാറ്റാന്‍ മാത്രം മകള്‍ക്ക് അകത്ത് പ്രവേശിക്കാം.

കൂടിക്കാഴ്ചയ്ക്ക് മുന്‍പായി മകളെ കര്‍ക്കശമായി പരിശോധിക്കും. മുലകുടി മാറാത്ത കുഞ്ഞിനു മാത്രം ഒപ്പം ചെല്ലാം. ആഹാര സാധനങ്ങള്‍ കടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ മകള്‍ക്കും വധശിക്ഷ. അസഹനീയവും അതികഠിനവുമായ വിശപ്പിനാല്‍ അച്ഛന് ശ്വാസം നിലക്കുന്നു. തന്റെ പിതാവ് നേര്‍പ്പകുതിയായി ചുരുങ്ങി. മരണം അടുത്തെത്തിത്തുടങ്ങി. മരണ ശയ്യയില്‍ ദാഹവും വിശപ്പും സഹിക്കവയ്യാതെ കേഴുന്ന അച്ഛനെ കണ്ടപ്പോള്‍ അവള്‍ക്കു സഹിക്കാനായില്ല. മാറിടത്തിലെ അടിവസ്ത്രം മാറ്റി. അമ്മിഞ്ഞപ്പാല്‍ ചുരത്തി. അച്ഛനത് ആവോളം നുകര്‍ന്നു. പാപത്തിനു സമാനമായ ലോക അലിഖിത നിയമങ്ങള്‍ ലംഘിക്കപ്പെടുകയായിരുന്നു അവിടെ. മകള്‍, മറ്റൊരു ചരിത്രത്തിന്റെ അദ്ധ്യായവും. മരണം മുഖാമുഖം കണ്ട ആ വൃദ്ധന് പതിയെ ജീവന്‍ വച്ചു തുടങ്ങി.
                 
Madhu's death | മകളുടെ മുലപ്പാല്‍ കുടിച്ച് ജീവന്‍ നിലനിര്‍ത്തേണ്ടി വന്ന ഒരച്ഛന്റെ കഥയ്ക്ക് അനുബന്ധമാണ് മധുവിന്റെ മരണം

ഈ സംഭവം ലോകശ്രദ്ധയില്‍ വന്നു. കോടതിവിധിക്കെതിരെ ജനം ആള്‍ക്കൂട്ട സ്ഫോടനമായി മാറി. പവിത്രമായ പിതൃ - പുത്രി ബന്ധത്തിന് കളങ്കം വരുത്തിയെന്ന വാദം മരണത്തില്‍ നിന്നും പിതാവിനെ രക്ഷിക്കുവാന്‍ ശ്രമിച്ച പുത്രിയുടെ മനുഷ്യത്വത്തിനു വഴിമാറിക്കൊടുത്തു. സ്പെയിനിനോട് ലോകം ചോദിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രാകൃത ഈശ്വരീയ നിയമങ്ങള്‍ക്കോ അതോ സ്നേഹത്തില്‍ അധിഷ്ടിതമായ കളങ്കരഹിത മാനുഷിക മൂല്യങ്ങള്‍ക്കോ പ്രാധാന്യം?. കത്തിപ്പടര്‍ന്ന ജനകീയ പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ വിജയം മാനവികതയുടെ പക്ഷത്തു വന്നു ചേര്‍ന്നു. വൃദ്ധന്‍ കാരാഗ്രഹത്തില്‍ നിന്നും മോചിപ്പിക്കപ്പെട്ടു.

ഇവിടെ മധുവിനെ സദാചാരക്കാര്‍ തല്ലിക്കൊന്നതും സമൂഹ മധ്യത്തില്‍ കൊണ്ടു വന്നത് മാനവികത, മനുഷ്വത്വം ഇനിയും വറ്റിത്തീരാത്ത ജനസമൂഹത്തിന്റെ വേരറ്റിട്ടില്ലെന്നതിന്റെ തെളിവാണ്. ജനകീയ വിചാരണ സര്‍ക്കാരിനെതിരെയും നടന്നു. വിശന്ന മധുവിന് ഇപ്പോള്‍ അല്‍പ്പമെങ്കിലും വിശപ്പു ശമിച്ചിരിക്കണം. കാരണം സത്യത്തിനു നീതി ലഭിച്ചിരിക്കുന്നു.

Keywords: Article, Malayalam Article, Madhu, Malayalam Story, Hungry, Madhu-Murder-Case, Attappadi-News, Spain-News, Madhu's death is related to the story of a father who had to drink his own daughter's breast milk to sustain life.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia