Follow KVARTHA on Google news Follow Us!
ad

Karnataka Election | ദക്ഷിണേന്ത്യയില്‍ ആദ്യമായി അധികാരത്തിലേക്കുള്ള ബിജെപിയുടെ വളര്‍ച്ച; തോറ്റാലും വോട്ട് വിഹിതത്തില്‍ മുന്നിലെത്തുന്ന കോണ്‍ഗ്രസ്; ജനതാ പാര്‍ട്ടികളുടെ അത്ഭുതങ്ങള്‍; കര്‍ണാടകയുടെ രാഷ്ട്രീയം ഇങ്ങനെയൊക്കെയാണ്

ഏറ്റവും കൂടുതല്‍ ലോക്സഭാ എംപിമാരുള്ള സംസ്ഥാനങ്ങളില്‍ ഏഴാം സ്ഥാനത്താണ് #Karnataka-Election-News, #കര്‍ണാടക-വാര്‍ത്തകള്‍, #Congress-News, #JDS-News,
ബെംഗ്‌ളുറു: (www.kvartha.com) എല്ലാ കണ്ണുകളും കര്‍ണാടകയിലാണ്. 2024-ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് വലിയ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കര്‍ണാടകയില്‍ നിന്നാണ് അതിന് തുടക്കമാവുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 5.04 ശതമാനം വരുന്ന കര്‍ണാടക, 543 ലോക്സഭാ അംഗങ്ങളില്‍ 28 (5.35 ശതമാനം) പേരെ തിരഞ്ഞെടുക്കുന്നു, ഏറ്റവും കൂടുതല്‍ ലോക്സഭാ എംപിമാരുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. സംസ്ഥാനം രൂപീകരിച്ച 1956 മുതല്‍ 14 നിയമസഭാ തിരഞ്ഞെടുപ്പുകളാണ് കര്‍ണാടകയില്‍ നടന്നത്.
            
Karnataka-Election-News, Congress-News, JDS-News, BJP-News, National News, Malayalam News, Bengaluru News, Karnataka News, Karnataka: BJP's rise, Cong's firm hold.

ബിജെപിയുടെ ഉയര്‍ച്ച

കര്‍ണാടകയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപിയുടെ വളര്‍ച്ച പടിപടിയായിട്ടായിരുന്നു. 1980-ല്‍ സ്ഥാപിതമായതിനുശേഷം, 1983-ല്‍ സംസ്ഥാനത്ത് നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ചു. 224 അംഗ നിയമസഭയിലേക്ക് പാര്‍ട്ടി മത്സരിച്ച 110 സീറ്റുകളില്‍ 18 എണ്ണത്തില്‍ വിജയിക്കുകയും 7.93 ശതമാനം വോട്ട് നേടുകയും ചെയ്തു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍, 1985ല്‍, പാര്‍ട്ടി 116 സീറ്റുകളില്‍ മത്സരിച്ചെങ്കിലും രണ്ട് സീറ്റില്‍ മാത്രമാണ് വിജയിച്ചത്, വോട്ട് വിഹിതം 3.88 ശതമാനമായി കുറഞ്ഞു. രാമകൃഷ്ണ ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള ജനതാ പാര്‍ട്ടി 1985 ലെ തിരഞ്ഞെടുപ്പില്‍ 43.60 ശതമാനം വോട്ട് വിഹിതത്തോടെ 139 സീറ്റുകള്‍ നേടി തൂത്തുവാരി.

1989ലും ബിജെപിയുടെ പ്രകടനം മോശമായിരുന്നു, നാല് സീറ്റും 4.14 ശതമാനം വോട്ടും. എന്നാല്‍ തൊണ്ണൂറുകളുടെ മധ്യത്തില്‍ അയോധ്യാ സമരത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് ഉത്തേജനം ലഭിച്ചപ്പോള്‍ ഗ്രാഫ് ഉയരുന്നു. 1994ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 16.99 ശതമാനം വോട്ട് വിഹിതത്തോടെ ബിജെപി 40 സീറ്റുകള്‍ നേടി. 1999-ല്‍ ഇത് 44 സീറ്റുകളും 2004-ല്‍ 79 സീറ്റുകളുമായി. 2007ല്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കി കോണ്‍ഗ്രസ് ജെഡിഎസുമായുള്ള സഖ്യം തകര്‍ത്ത് ബി എസ് യെദ്യൂരപ്പ സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി.

44 സീറ്റുകളുള്ള ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുകയും 2007 നവംബര്‍ 12 ന് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു, എന്നാല്‍ കഷ്ടിച്ച് ഒരാഴ്ചയ്ക്ക് ശേഷം, ജെഡി (എസ്) നേതൃത്വം ബിജെപിയെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചതിനാല്‍ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. 2008-ല്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍, ബിജെപി 110 സീറ്റുകളിലേക്ക് കൂടുതല്‍ മെച്ചപ്പെട്ടു. യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, 2008 മെയ് മുതല്‍ 2011 ഓഗസ്റ്റ് വരെ സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി സദാനന്ദ ഗൗഡ ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ അധികാരത്തില്‍ തുടര്‍ന്നുള്ളൂ. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പ്, ഗൗഡയെ മാറ്റി ജഗദീഷ് ഷെട്ടറിനെ മുഖ്യമന്ത്രിയാക്കി. യെദ്യൂരപ്പ, നാല് തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടും ഒരിക്കല്‍ പോലും മുഴുവന്‍ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല.

2013ല്‍ ബിജെപി വലിയ പരാജയം നേരിട്ടു. സീറ്റുകള്‍ 40 ആയും വോട്ട് വിഹിതം 19.89 ശതമാനമായും കുറഞ്ഞു. ആ വര്‍ഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു. ബിജെപിയില്‍ മോദി യുഗം ആരംഭിച്ച ശേഷം 2018ല്‍ പാര്‍ട്ടി നില വീണ്ടെടുക്കുകയും 104 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും ചെയ്തു. വോട്ട് വിഹിതം 36.22 ശതമാനമായിരുന്നു.

വോട്ട് വിഹിതത്തില്‍ മുന്നില്‍ കോണ്‍ഗ്രസ്

1985ലും 1994ലും ഒഴികെ കര്‍ണാടകയില്‍ നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളിലും സ്ഥിരമായി നിലനിന്ന ഒരു കാര്യം, അധികാരം നഷ്ടപ്പെട്ടപ്പോഴും വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസാണ് മുന്നില്‍ എന്നതാണ്. സംസ്ഥാനത്ത് ഒരിക്കലും 26% വോട്ടിന് താഴെ താഴ്ന്നിട്ടില്ല. 2018 ലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 38.04 ശതമാനമായിരുന്നു, ഇത് ബിജെപിയേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ്.

1985ല്‍ ജനതാ പാര്‍ട്ടി 139 സീറ്റുകള്‍ നേടുകയും 43.60 ശതമാനം വോട്ട് വിഹിതം നേടുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസിന്റെ 65 സീറ്റുകളും 40.82 ശതമാനം വോട്ടുവിഹിതവുമാണ് ലഭിച്ചതാണ്. ഈ സമയത്താണ് കോണ്‍ഗ്രസിന് ആദ്യമായി വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം നഷ്ടമായത്. 1994ല്‍ ജനതാദള്‍ 115 സീറ്റും 33.54 ശതമാനം വോട്ടും നേടി അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന് 34 സീറ്റും 26.95 ശതമാനം വോട്ടും മാത്രമാണ് ലഭിച്ചത്. 1983ല്‍ കര്‍ണാടകയിലെ ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ജനതാ പാര്‍ട്ടി നേതാവ് രാമകൃഷ്ണ ഹെഗ്ഡെ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ കോണ്‍ഗ്രസ് ആയിരുന്നു സംസ്ഥാനത്തെ പ്രബല ശക്തി.

നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. ഉദാഹരണത്തിന്, 1957-ല്‍ ആറ് സീറ്റുകള്‍ കോണ്‍ഗ്രസിന് എതിരില്ലാതെ ലഭിച്ചു. 1962ല്‍ താളിക്കോടിയിലും ഹുന്‍സൂരിലും മത്സരിച്ച രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചു. 1967-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ എതിരില്ലാതെ വിജയിച്ചു.

1969ല്‍ ഇന്ദിരാഗാന്ധിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് ശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ നിജലിംഗപ്പ ആയിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. നിജലിംഗപ്പയുടെ നേതൃത്വത്തിലുള്ള വിഭാഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഓര്‍ഗനൈസേഷന്‍) അല്ലെങ്കില്‍ കോണ്‍ഗ്രസ് (ഒ) ആയി മാറി. 1972-ല്‍ കോണ്‍ഗ്രസ് (ഒ) 176 സീറ്റുകളില്‍ മത്സരിക്കുകയും 24 സീറ്റുകള്‍ മാത്രം നേടുകയും ചെയ്തു. മറുവശത്ത് കോണ്‍ഗ്രസ് (ഐ) 52.17 ശതമാനം വോട്ട് വിഹിതത്തോടെ 165 സീറ്റുകള്‍ നേടി വന്‍ ജനവിധി നേടി.

ജനതാ പാര്‍ട്ടികളുടെ അത്ഭുതങ്ങള്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് ആദ്യം താഴെയിറക്കിയത് ജനതാ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന് എതിരായ നിരവധി പാര്‍ട്ടികളുടെ സഖ്യമായി, 1978-ല്‍ കര്‍ണാടകയില്‍ ജനതാ പാര്‍ട്ടി ആദ്യ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. 222 സീറ്റുകളില്‍ മത്സരിച്ച് 59 ഇടത്ത് വിജയിച്ചു. 37.95 ശതമാനം വോട്ട് വിഹിതവും നേടി. അഞ്ച് വര്‍ഷത്തിന് ശേഷം, ഹെഗ്ഡെയുടെ നേതൃത്വത്തില്‍ പാര്‍ട്ടി 95 സീറ്റുകളിലേക്ക് ഉയര്‍ന്നു, ഇത് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചു.

ജനതാ പാര്‍ട്ടിയുടെ പരീക്ഷണം അധികനാള്‍ നീണ്ടുനിന്നില്ല - കേന്ദ്രത്തിലും സംസ്ഥാനത്തും. 1988ല്‍ നിരവധി ജനതാ പാര്‍ട്ടി വിഭാഗങ്ങളും ചില ചെറിയ പാര്‍ട്ടികളും ചേര്‍ന്ന് ജനതാദള്‍ രൂപീകരിച്ചു. 1989ല്‍ 209 സീറ്റില്‍ മത്സരിച്ച ജനതാദള്‍ 24 സീറ്റില്‍ മാത്രം വിജയിച്ചു, 27.08 ശതമാനം വോട്ടാണ് നേടിയത്. പക്ഷെ, 1994ല്‍ 115 സീറ്റുകളും 33.54 ശതമാനം വോട്ടും നേടി പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്തു.1999-ല്‍ അന്നത്തെ മുഖ്യമന്ത്രി ജെ എച്ച് പട്ടേല്‍ കേന്ദ്രത്തില്‍ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എയ്ക്ക് പാര്‍ട്ടിയുടെ പിന്തുണ നല്‍കി. ഇതോടെ ദേവഗൗഡയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പിരിഞ്ഞ് ജനതാദള്‍ (സെക്കുലര്‍) സ്ഥാപിച്ചു.

1999ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 203 സീറ്റുകളില്‍ മത്സരിച്ച ജെഡി(എസ്) 10.42 ശതമാനം വോട്ട് വിഹിതത്തോടെ 10 സീറ്റില്‍ മാത്രം വിജയിച്ചു. 2004ല്‍ 220 സീറ്റുകളില്‍ മത്സരിച്ച് 58 സീറ്റുകള്‍ നേടി 20.77 ശതമാനം വോട്ട് നേടിയതാണ് ജെഡി(എസ്)ന്റെ എക്കാലത്തെയും മികച്ച പ്രകടനം. അതിനുശേഷം, അതിന്റെ വോട്ട് വിഹിതം 20 ശതമാനത്തില്‍ താഴെയായി തുടരുന്നു. സീറ്റുകളുടെ എണ്ണം 40 കടന്നിട്ടില്ല.

2004ല്‍ ഒരു കക്ഷിക്കും കേവലഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ജെഡി(എസ്) കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുകയും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ധരം സിംഗ് മുഖ്യമന്ത്രിയായി. എന്നിരുന്നാലും, ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം, സര്‍ക്കാരിനെ താഴെയിറക്കിക്കൊണ്ട് ജെഡി (എസ്) സഖ്യത്തില്‍ നിന്ന് പുറത്തുപോയി. 2006 ഫെബ്രുവരിയില്‍ ബിജെപിയുടെ പിന്തുണയോടെ ജെഡി(എസ്) വീണ്ടും സര്‍ക്കാര്‍ രൂപീകരിച്ചു, ദേവഗൗഡയുടെ മകന്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി. എന്നിരുന്നാലും, 2007 ഒക്ടോബറില്‍ സര്‍ക്കാര്‍ വീണതോടെ അദ്ദേഹത്തിന്റെ കാലാവധിയും ഹ്രസ്വകാലമായിരുന്നു.

2018-ല്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോള്‍ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തില്‍ കുമാരസ്വാമി വീണ്ടും മുഖ്യമന്ത്രിയായി. 2019 ജൂലൈയില്‍ ചില എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറി ജെഡി (എസ്)-കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തുകയും ചെയ്തതോടെ അദ്ദേഹത്തിന് ഈ സ്ഥാനത്ത് ഒരു വര്‍ഷം മാത്രമേ ലഭിച്ചുള്ളൂ. സിപിഐക്കും സിപിഎമ്മിനും സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചുവടുവയ്പ് നടത്താനായിട്ടില്ല. 1957 മുതല്‍ സംസ്ഥാനത്ത് നടന്ന 14 നിയമസഭാ തിരഞ്ഞെടുപ്പുകളിലും സിപിഐയും 1967 മുതല്‍ സിപിഎമ്മും മത്സരിച്ചിട്ടുണ്ട്. എന്നിരുന്നാലും, രണ്ട് പാര്‍ട്ടികളുടെയും സീറ്റ് ഒരിക്കലും ഇരട്ട അക്കത്തില്‍ കടന്നിട്ടില്ല, വോട്ട് വിഹിതം വളരെ നിസാരമാണ്.

Keywords: Karnataka-Election-News, Congress-News, JDS-News, BJP-News, National News, Malayalam News, Bengaluru News, Karnataka News, Karnataka: BJP's rise, Cong's firm hold.
< !- START disable copy paste -->

Post a Comment