സുരക്ഷാ ക്രമീകരണങ്ങള്‍ വിശദീകരിച്ച് ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് അദ്ദേഹം സര്‍കുലര്‍ അയച്ചത്. വിഐപി സന്ദര്‍ശനത്തിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ വിശദീകരിച്ച് സര്‍കുലര്‍ പുറത്തിറക്കുന്നത് പതിവു നടപടിയാണെങ്കിലും ഈ സര്‍കുലറില്‍ ഊമക്കത്തിനെകുറിച്ചു നടത്തിയ പരാമര്‍ശമാണ് ചര്‍ചയായത്. സര്‍കുലര്‍ ചോര്‍ന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ ഇനി മാറ്റം വരുത്തേണ്ടി വരും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍കുലര്‍ ചോര്‍ന്ന സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി തീവ്രവാദികളില്‍ നിന്നും ഭീഷണി നേരിടുന്നതായി കത്തില്‍ പറയുന്നു. പുല്‍വാമ ആക്രമണത്തിനു ശേഷമുള്ള സാഹചര്യവും വടക്കു പടിഞ്ഞാറന്‍ മേഖലയിലെ അതിര്‍ത്തി സംഘര്‍ഷവും പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങളാണ്. കേരളത്തിന്റെ തീരദേശ മേഖലയിലൂടെ രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ട്.
കേരളത്തിലെ യുവതികള്‍ ഉള്‍പെടെയുള്ളവര്‍ ദാഇഷ്, ജബത് നുസ്‌റ തുടങ്ങിയ സംഘടനകളില്‍ ചേര്‍ന്നിട്ടുണ്ടെന്നും കണ്ണൂരിലെ കനകമലയില്‍നിന്ന് ചില യുവാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തത് ഗൗരവമായി കാണേണ്ടതുണ്ടെന്നും സര്‍കുലറില്‍ വിശദീകരിക്കുന്നു.
രാജ്യത്തു നിരോധിച്ച പോപുലര്‍ ഫ്രണ്ടിന് കേരളത്തില്‍ വേരോട്ടമുണ്ട് എന്നത് പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയാണെന്ന് സര്‍കുലറില്‍ പറയുന്നു. പിഡിപിയുടെയും വെല്‍ഫെയര്‍ പാര്‍ടിയുടെയും ഭീഷണികളും ഗൗരവമായി കാണണം. ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണം. മാവോയിസ്റ്റുകളും സുരക്ഷയ്ക്ക് ഭീഷണിയാണ്. കേന്ദ്ര ഏജന്‍സികളും വിവിധ സംസ്ഥാന ഏജന്‍സികളും നടത്തിയ തിരിച്ചടിയില്‍ നിരവധി മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
മാവോയിസ്റ്റ് മേഖലയില്‍നിന്നും വടക്ക് കിഴക്കന്‍ മേഖലയില്‍നിന്നും തൊഴിലാളികളായി കേരളത്തിലേക്ക് എത്തിയവരും സുരക്ഷാ ഭീഷണിയാണ്. മാവോയിസ്റ്റ് അനുഭാവമുള്ളവര്‍ അതിഥി തൊഴിലാളികളുടെ കൂട്ടത്തില്‍ കടന്നുകയറി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. ഇവരുടെ സാന്നിധ്യം ഈ ജില്ലകളില്‍ വര്‍ധിച്ചിട്ടുണ്ടെന്നും സര്‍കുലര്‍ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിക്കുനേരെ ഉയരാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങളുടെയും കരിങ്കൊടി പ്രകടനങ്ങളുടെയും വിവരങ്ങള്‍ മുന്‍കൂട്ടി ശേഖരിക്കണം. കേരളത്തില്‍ സിപിഎമും ആര്‍ എസ് എസുമായി നിലനില്‍ക്കുന്ന ശത്രുത, വിദ്യാര്‍ഥി സംഘടനകള്‍ക്ക് കേന്ദ്ര സര്‍കാരിനോടുള്ള പ്രതിഷേധം, കേരളത്തിലുള്ളവര്‍ക്ക് ദാഇഷുമായുള്ള ബന്ധം ഇതെല്ലാം ഗൗരവത്തോടെ വിശകലനം ചെയ്യണം. പ്രാദേശിക സാഹചര്യങ്ങളും സുരക്ഷയ്ക്കായി കണക്കിലെടുക്കണം. കൊച്ചി, തിരുവനന്തപുരം സിറ്റി പൊലീസ് കമിഷണര്‍മാര്‍ക്കായിരിക്കും സുരക്ഷയുടെ ചുമതല എന്നും സര്‍കുലറില്‍ പറയുന്നു.
Keywords: Intelligence report on PM Modi’s Kerala visit leaked, Thiruvananthapuram, News, Prime Minister, Narendra Modi, Controversy, Circular, Leaked, Probe, Kerala. Media.