Imprisonment | മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങിനെത്തിയ 13കാരനെ നിരന്തരം പീഡിപ്പിച്ചെന്ന കേസ്; ക്ലിനികല്‍ സൈകോളജിസ്റ്റിന് 7വര്‍ഷം കഠിന തടവ്

 


തിരുവനന്തപുരം: (www.kvartha.com) മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങിനെത്തിയ പതിമൂന്നുകാരനെ പല തവണ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ക്ലിനികല്‍ സൈകോളജിസ്റ്റ് ഡോ.കെ ഗിരീഷിനെ (59) ഏഴു വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജ് സുദര്‍ശനാണ് ശിക്ഷ വിധിച്ചത്. ഒന്നരലക്ഷം രൂപ പിഴയും നല്‍കണം. പിഴ തുക കുട്ടിക്ക് കൈമാറണം. പിഴ അടച്ചില്ലെങ്കില്‍ നാല് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.

സര്‍കാര്‍ ഉദ്യോഗസ്ഥനായിരിക്കെ പീഡനം നടത്തി, മാനസിക അസ്വാസ്ഥ്യമുള്ള കുട്ടിയെ പീഡിപ്പിച്ചു, ഒന്നില്‍ കൂടുതല്‍ തവണയുള്ള പീഡനം, മുന്‍പ് പോസ്‌കോ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും കുറ്റം ആവര്‍ത്തിച്ചു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകള്‍ അനുസരിച്ച് 26 വര്‍ഷം തടവുശിക്ഷ ലഭിച്ചെങ്കിലും ഏഴു വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന് പ്രോസിക്യൂടര്‍ വ്യക്തമാക്കി.

സംഭവം ഇങ്ങനെ:

മറ്റൊരു ആണ്‍ക്കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇതേ കോടതി ഒരു വര്‍ഷം മുമ്പ് പ്രതിയെ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ പ്രതി ഹൈകോടതിയില്‍ നിന്നു ജാമ്യം നേടി പുറത്തിറങ്ങി. ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന പ്രതി വീടിനോട് ചേര്‍ന്നുള്ള സ്വകാര്യ ക്ലിനികില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

2015 ഡിസംബര്‍ ആറ് മുതല്‍ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ കൗണ്‍സിലിങ്ങിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ മനോനില കൂടുതല്‍ ഗുരുതരമായി. നിരന്തരമായ പീഡനത്തില്‍ കുട്ടിയുടെ മനോരോഗം വര്‍ധിച്ചു. തുടര്‍ന്ന്, പ്രതി കുട്ടിയെ മറ്റ് ഡോക്ടര്‍മാരെ കാണിക്കാന്‍ പറഞ്ഞു. പീഡനം പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന കുട്ടി വിവരം പുറത്ത് പറഞ്ഞുമില്ല.


Imprisonment | മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങിനെത്തിയ 13കാരനെ നിരന്തരം പീഡിപ്പിച്ചെന്ന കേസ്; ക്ലിനികല്‍ സൈകോളജിസ്റ്റിന് 7വര്‍ഷം കഠിന തടവ്

വീട്ടുകാര്‍ മറ്റ് പല മനോരോഗ വിദഗ്ധരെയും കാണിച്ചെങ്കിലും കുറയാത്തതിനാല്‍ മെഡികല്‍ കോളജ് ആശുപത്രി സൈക്യാട്രി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 2019 ജനുവരി 30ന് ഡോക്ടര്‍മാര്‍ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് രണ്ട് വര്‍ഷം മുമ്പ് ഡോ.കെ ഗിരീഷ് തന്നെ പീഡിപ്പിച്ച വിവരം കുട്ടി പറയുന്നത്. പ്രതി കുട്ടിക്ക് ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിച്ച് കൊടുക്കുമായിരുന്നു എന്നും വെളിപ്പെടുത്തി.

മെഡികല്‍ കോളജ് അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോര്‍ട് പൊലീസ് കേസെടുത്തു. ആദ്യം എടുത്ത കേസില്‍ ജാമ്യത്തില്‍ നില്‍ക്കവെയാണ് ഈ കേസില്‍ അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടര്‍ന്നാണ് കുട്ടിയുടെ അസുഖം മൂര്‍ഛിച്ചതെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വിസ്താര വേളയില്‍ പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂടര്‍ ആര്‍ എസ് വിജയ് മോഹന്‍ ഹാജരായി. ഫോര്‍ട് എസ് ഐമാരായ കിരണ്‍ ടി ആര്‍, എ അനീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

Keywords:  Clinical Psychologist Sentenced To 7 Years Of Imprisonment In POCSO Case, Thiruvananthapuram, News, Dr. Gireesh, POCSO Case, Court, Jailed, Criminal Case, Crime, Psychologist, Child, Complaint, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia