Follow KVARTHA on Google news Follow Us!
ad

CM | ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വിവിധ ഇനം സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ നല്‍കുന്നതിനായി 16,730.67 കോടി രൂപ അനുവദിച്ചു #Social-security- Pension, #Chief-Minister-Pinarayi-Vijayan
തിരുവനന്തപുരം: (www.kvartha.com) വിഷുവും ചെറിയ പെരുന്നാളും അനുബന്ധിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സാമൂഹ്യസുരക്ഷ പെന്‍ഷനുകളുടെ വിതരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അര്‍ഹതയുള്ള 50,20,611 ഗുണഭോക്താക്കള്‍ക്ക് ജനുവരി മാസത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനു 750,78,79,300 രൂപയും 50,35,946 ഗുണഭോക്താക്കള്‍ക്ക് ഫെബ്രുവരി മാസത്തിലെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 753,13,99,300 രൂപയും ആണ് അനുവദിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇക്കാലയളവിനുള്ളില്‍ വിവിധ ഇനം സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ നല്‍കുന്നതിനായി 16,730.67 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍കാര്‍ വിതരണം ചെയ്യുന്ന അഞ്ചിനം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഇനങ്ങളിലായി ആകെ 52,17,642 ഗുണഭോക്താക്കളാണുള്ളത്.

ഇതില്‍ ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ എന്നിവ ലഭിക്കുന്ന 47,55,920 ഗുണഭോക്താക്കളില്‍ 6,88,329 പേര്‍ക്കു മാത്രമാണ് എന്‍ എസ് എ പി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്. ഇതിനായി പ്രതിവര്‍ഷം 232 കോടിയോളം തുക കേന്ദ്ര വിഹിതമായി ലഭിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്രയും പേരില്‍ വാര്‍ധക്യ കാല പെന്‍ഷന്‍ ലഭിക്കുന്ന 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് 500 രൂപയും അതില്‍ താഴെയുള്ളവര്‍ക്ക് 200 രൂപയുമാണ് കേന്ദ്ര വിഹിതം. വികലാംഗ പെന്‍ഷനില്‍ 80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ള 18 വയസ്സിനും അതിനു മുകളിലുമുള്ളവര്‍ക്ക് 300 രൂപയും വിധവ പെന്‍ഷനില്‍ 40 വയസ്സു മുതല്‍ 80 വയസ്സു വരെയുള്ളവര്‍ക്ക് 300 രൂപയുമാണ് കേന്ദ്ര വിഹിതം. അതിനാല്‍ ഇവര്‍ക്കെല്ലാം ഓരോ മാസവും ലഭിക്കുന്ന 1600 രൂപയില്‍ ബാക്കി തുക ചിലവഴിക്കുന്നത് സംസ്ഥാന സര്‍കാരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

എല്ലാത്തരം ധനസഹായങ്ങളും തങ്ങളുടെ പി എഫ് എം എസ് സോഫ് റ്റ് വെയര്‍ വഴി തന്നെയാകണമെന്ന നിബന്ധന കേന്ദ്ര സര്‍കാര്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് 2021 ജനുവരി മുതല്‍ സംസ്ഥാന സര്‍കാര്‍ എന്‍ എസ് എ പി ഗുണഭോക്താക്താക്കള്‍ക്ക് വിതരണം ചെയ്ത ധനസഹായത്തിന്റെ കേന്ദ്രവിഹിതമായ 463.96 കോടി രൂപ സംസ്ഥാന സര്‍കാരിന് ഇതുവരെ ലഭിച്ചിട്ടില്ല.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ പോലും, കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതല്‍ എന്‍ എസ് എ പി ഗുണഭോക്താക്കള്‍ ഉള്‍പെടെ പെന്‍ഷന്‍ അര്‍ഹതയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കും മുഴുവന്‍ തുകയും സംസ്ഥാന സര്‍കാര്‍ നല്‍കി വരുന്നു.

എന്‍ എസ് എ പി ഗുണഭോക്താക്കളുടെ കേന്ദ്ര വിഹിതം തുടര്‍ന്നും ലഭ്യമാക്കുന്നതിനായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് പഞ്ചായത് വകുപ്പ് ഉപയോഗിക്കുന്ന സേവന സോഫ് റ്റ് വെയറിനെ പി എഫ് എം എസുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പ്രസ്തുത വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എന്‍ എസ് എ പി ഗുണഭോക്താക്കള്‍ക്കുള്ള സംസ്ഥാന വിഹിതവും കേന്ദ്ര വിഹിതവും പ്രത്യേകമായി ബാങ്ക് അകൗണ്ടില്‍ ക്രഡിറ്റ് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്.

സാമൂഹ്യസുരക്ഷ സര്‍കാരുകളുടെ ഉത്തരവാദിത്തമല്ലാതെ മാറിക്കൊണ്ടിരിക്കുന്ന ഈ നവ ഉദാരവല്‍കരണ കാലഘട്ടത്തിലും പരിമിതികള്‍ ഏറെയുണ്ടായിട്ടും അവയെല്ലാം തരണം ചെയ്ത് ജനക്ഷേമം ഉറപ്പിച്ചു മുന്നോട്ടു പോകാന്‍ എല്‍ഡിഎഫ് സര്‍കാരിനാകുന്നു എന്നത് അഭിമാനകരമാണ്. ജനങ്ങള്‍ സര്‍കാരിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനമാണ് ഈ സര്‍കാര്‍ നടത്തുന്നതെന്ന വസ്തുതയ്ക്ക് ഇക്കാര്യം അടിവരയിടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ചിലര്‍ ഈ നേട്ടത്തെ ഇകഴ്ത്തിക്കാണിക്കാനും മറ്റു ചിലര്‍ പങ്കു പറ്റാനുമുള്ള വ്യഗ്രതയിലാണ്. 2011-16-ലെ യുഡിഎഫ് സര്‍കാരിന്റെ കാലത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ക്കായി ചിലവഴിച്ചത് 9,311.22 കോടി രൂപയായിരുന്നു. അതിന്റെ മൂന്നു മടങ്ങിലും അധികമാണ് (30054.64 കോടി രൂപ) കഴിഞ്ഞ എല്‍ഡിഎഫ് സര്‍കാര്‍ അതിനായി ചിലവഴിച്ച തുക.

അക്കാലത്ത് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം 34,43,414 ആയിരുന്നെങ്കില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍കാരിന്റെ കാലത്തത് 49,85,861 ആയി ഉയര്‍ന്നു. സിഎജി റിപോര്‍ടിനെ അടിസ്ഥാനമാക്കി അനര്‍ഹരായ ആളുകളെ ഒഴിവാക്കിക്കൊണ്ട് അര്‍ഹരായ കൂടുതല്‍ ആളുകളിലേക്ക് സഹായം എത്തിക്കാനാണ് എല്‍ഡിഎഫ് സര്‍കാര്‍ ശ്രമിച്ചു വരുന്നത്. അതുകൊണ്ട് ഇന്ന് ആ സഹായം അര്‍ഹരായ അരക്കോടിയില്‍ അധികം ആളുകളിലെത്തിക്കാന്‍ നമുക്ക് സാധിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് സര്‍കാര്‍ വരുമ്പോള്‍ പെന്‍ഷന്‍ തുക പ്രതിമാസം 300 രൂപയായിരുന്നു. അവര്‍ അത് ആദ്യ വര്‍ഷം 400 രൂപയും രണ്ടാം വര്‍ഷം 525 രൂപയും ആക്കി ഉയര്‍ത്തി. ദേശീയ നയത്തിന്റെ ഭാഗമായി 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാര്‍ധക്യകാല പെന്‍ഷന്‍ 400ല്‍ നിന്നും 900 രൂപയായും, വികലാംഗ പെന്‍ഷന്‍ 700 രൂപയായും ഉയര്‍ത്തി. യുഡിഎഫ് സര്‍കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു തൊട്ടുമുന്‍പായി മാര്‍ച് മാസത്തില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാര്‍ധക്യകാല പെന്‍ഷന്‍ 1500 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു.

ഈ ഉയര്‍ത്തപ്പെട്ട വാര്‍ധക്യകാല പെന്‍ഷന്റേയും വികലാംഗ പെന്‍ഷന്റേയും ഗുണഭോക്താക്കള്‍ മൊത്തം ഗുണഭോക്താക്കളുടെ 15 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. 85 ശതമാനമാനം ആള്‍ക്കാര്‍ക്കും യുഡിഎഫ് കാലത്ത് ലഭിച്ച പെന്‍ഷന്‍ തുക 525 രൂപയായിരുന്നു. ആ സര്‍കാര്‍ ആകെ കൊണ്ടുവന്ന വര്‍ധനവ് വെറും 225 രൂപ.

പെന്‍ഷന്‍ തുക നാമമാത്രമായേ വര്‍ധിപ്പിച്ചുള്ളൂ എന്നതു പോകട്ടെ, ആ തുക അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുകയും ചെയ്തു. 19 മാസത്തെ കുടിശ്ശികയായി പെന്‍ഷന്‍ ഇനത്തില്‍ യുഡിഎഫ് സര്‍കാര്‍ വരുത്തിവച്ച 1473.2 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് കൊടുത്തു തീര്‍ത്തത് തുടര്‍ന്നു വന്ന എല്‍ഡിഎഫ് ഗവണ്‍മെന്റാണ്. കഴിഞ്ഞ സര്‍കാര്‍ അധികാരമേറ്റതിനു ശേഷം എല്ലാ പെന്‍ഷനുകളും 1000 രൂപയാക്കി ഉയര്‍ത്തി. 2017 മുതല്‍ അത് 1100 രൂപയായും 2019ല്‍ അത് 1200 രൂപയായും 2020ല്‍ 1400 രൂപയായും വര്‍ധിപ്പിച്ചു. നിലവില്‍ അത് 1600 രൂപയാണ്.

കേരളത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷം നേതൃത്വം നല്‍കിയ സര്‍കാരുകളുടെ കാലത്താണ് അവ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുള്ളതെന്ന് കാണാം. 1980ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായ ശേഷമാണ് കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ആരംഭിച്ചത്. അന്ന് 2.94 ലക്ഷം തൊഴിലാളികള്‍ക്ക് 45 രൂപ വച്ച് ലഭിച്ച പ്രതിമാസ പെന്‍ഷന്‍ പിന്നീട് പരിഷ്‌കരിച്ചത് 1987ല്‍ നായനാര്‍ സര്‍കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോഴായിരുന്നു.

Chief Minister Pinarayi Vijayan says distribution of social security pension for January and February is going on, Thiruvananthapuram, News, Politics, Pension, Distribution, UDF, LDF, Chief Minister,  Pinarayi Vijayan, Letter, Kerala

പെന്‍ഷനുകളൊക്കെ എല്ലാ സര്‍കാരുകളും വര്‍ധിപ്പിക്കാറുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് മുന്നണി 1981 മുതല്‍ 1987 വരെ അധികാരത്തിലിരുന്നിട്ടും കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല. അതിനു ആറുവര്‍ഷത്തിനു ശേഷം വീണ്ടും ഇടതുപക്ഷ സര്‍കാര്‍ വരേണ്ടി വന്നു. 1995ല്‍ എന്‍ എസ് എ പിയുടെ ഭാഗമായി വാര്‍ധക്യകാല പെന്‍ഷന്‍ വരുമ്പോള്‍ അധികാരത്തില്‍ ഇരുന്നത് യുഡിഎഫ് സര്‍കാര്‍ ആയിരുന്നു. പക്ഷേ, ആ പെന്‍ഷന്‍ വയോധികര്‍ക്ക് ലഭിക്കാന്‍ 1996-ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരേണ്ടിവന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതൊക്കെയാണ് വസ്തുതകളെന്നിരിക്കേ, സാധാരണക്കാര്‍ക്ക് ഉപകാരപ്രദമായ ഒരു ക്ഷേമപദ്ധതിയെക്കുറിച്ചു പോലും അസത്യം പ്രചരിപ്പിച്ചു സര്‍കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും ബിജെപിയും സംയുക്തമായി ശ്രമിക്കുന്നത്. എന്നാല്‍ അതിനു മുന്നിലൊന്നും പതറാതെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച് അഭിമാനപൂര്‍വം ഈ ഗവണ്‍മെന്റ് മുന്നോട്ടു പോവുകയാണ്.

അതുകൊണ്ടാണ് ആത്മവിശ്വാസത്തോടെ 'ഇത് ഞങ്ങളുടെ സര്‍കാര്‍' എന്നു പ്രഖ്യാപിക്കാന്‍ ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് സാധിക്കുന്നത്. അവരോടൊപ്പം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍കാരുണ്ടെന്ന ഉറപ്പാണ് നാളേയ്ക്കുള്ള യാത്രയില്‍ ഈ നാടിന്റെ കൈമുതല്‍. കൂടുതല്‍ കരുത്തോടെ ഒരു മനസ്സോടെ നവകേരളം പടുത്തുയര്‍ത്താന്‍ നമുക്കു മുന്നോട്ടു പോകാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Chief Minister Pinarayi Vijayan says distribution of social security pension for January and February is going on, Thiruvananthapuram, News, Politics, Pension, Distribution, UDF, LDF, Chief Minister,  Pinarayi Vijayan, Letter, Kerala. 

Post a Comment