Follow KVARTHA on Google news Follow Us!
ad

Controversy | ജീവനക്കാരുടെ എതിര്‍പ് ഫലം കണ്ടു; ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിക്കുന്നത് സുരക്ഷയ്ക്കായി മാത്രം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Office,Controversy,Government-employees,Allegation,Salary,Kerala,
തിരുവനന്തപുരം: (www.kvartha.com) സെക്രടേറിയറ്റ് ജീവനക്കാര്‍ക്ക് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തി ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാര്‍കുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഒടുവില്‍ സര്‍കാര്‍ പിന്‍മാറി. ജീവനക്കാരുടെ സംഘടനകളുടെ കടുത്ത എതിര്‍പ്പാണ് പിന്‍മാറ്റത്തിന് കാരണം.

അതുകൊണ്ടുതന്നെ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം സുരക്ഷയ്ക്കായി മാത്രം ഉപയോഗിക്കാനും തീരുമാനമായി. പ്രധാനകവാടങ്ങളില്‍ മാത്രമേ സംവിധാനം ഏര്‍പ്പെടുത്തുകയുള്ളൂ. പഞ്ച് ചെയ്തു മുങ്ങുന്ന ജീവനക്കാരെ പിടികൂടാന്‍ ഏപ്രില്‍ ഒന്നു മുതല്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം എല്ലാ സര്‍കാര്‍ ഓഫീസുകളിലും ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം.

എന്നാല്‍ ഇതിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ജീവനക്കാരെ ബന്ദികളാക്കുന്നതാണ് തീരുമാനമെന്നും, ബയോമെട്രിക് പഞ്ചിങ് സംവിധാനത്തെ സ്പാര്‍കുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഓഫിസിനു പുറത്തിറങ്ങിയാല്‍ പോലും ശമ്പളം നഷ്ടപ്പെടുമെന്നുമായിരുന്നു ഇവരുടെ ആരോപണം.

രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് ഓഫീസ് സമയം. സെക്രടേറിയറ്റിലെ എല്ലാ ബ്ലോകുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. രാവിലെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉച്ചയൂണിനു മാത്രമേ ഇടയ്ക്കു പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നുള്ളൂ. സംവിധാനം നടപ്പിലാക്കിയാല്‍ സെക്രടേറിയറ്റിലെ ഒരു ബ്ലോകില്‍നിന്ന് മറ്റൊരു ബ്ലോകിലേക്ക് ഔദ്യോഗിക ആവശ്യത്തിനു പോകുന്നവര്‍ക്കു പോലും ശമ്പളം നഷ്ടപ്പെടുമെന്ന ആക്ഷേപവുമായി ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തി.

ഒന്നാം പിണറായി സര്‍കാരിന്റെ കാലത്താണ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. 1.97 കോടി രൂപ ചിലവാക്കിയാണ് ഉപകരണങ്ങള്‍ വാങ്ങിയത്. പുതിയ സംവിധാനം വരുന്നതോടെ നിലവിലുള്ള പഞ്ചിങ് കാര്‍ഡിനു പകരം പുതിയ കാര്‍ഡ് വരും. ബയോമെട്രിക് പഞ്ചിങ് കഴിഞ്ഞാലേ അകത്തേക്കു കയറാനുള്ള വാതില്‍ തുറക്കൂ. പുറത്തു പോകുമ്പോഴും പഞ്ചിങ് നടത്തണം.

Access control system of secretariat will not connect to punching, Thiruvananthapuram, News, Office, Controversy, Government-employees, Allegation, Salary, Kerala

തിരികെയെത്തുന്നത് അരമണിക്കൂറിനു ശേഷമെങ്കില്‍ അത്രയും മണിക്കൂര്‍ ജോലി ചെയ്തില്ലെന്നു രേഖപ്പെടുത്താനും അല്ലെങ്കില്‍ മതിയായ കാരണം ബോധിപ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു. സംഘടനകള്‍ എതിര്‍ത്തതോടെ ബയോമെട്രിക് സംവിധാനത്തെ സുരക്ഷയ്ക്കായി മാത്രം ഉപയോഗിക്കാനും പഴയ പഞ്ചിങ് രീതി തുടരാനും സര്‍കാര്‍ തീരുമാനിക്കുകയായിരുന്നു.

Keywords: Access control system of secretariat will not connect to punching, Thiruvananthapuram, News, Office, Controversy, Government-employees, Allegation, Salary, Kerala.

Post a Comment