പാലക്കാട്: (www.kvartha.com) അജ്ഞാതര്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച് റോഡില്‍ ഉപേക്ഷിച്ചതായി പരാതി. കഞ്ചിക്കോടാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മൂന്നു വാഹനങ്ങളിലായെത്തിയ അക്രമിസംഘം, ബെംഗ്‌ളൂറില്‍നിന്ന് പ്ലൈവുഡ് കയറ്റിയെത്തിയ വാഹനത്തിലുണ്ടായിരുന്ന തൃശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ നൗശാദ്, ആശിഫ് എന്നിവരെ മര്‍ദിക്കുകയായിരുന്നു. യുവാക്കളുടെ വാഹനവും മൊബൈല്‍ ഫോണുകളും അക്രമിസംഘം തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു.
പുലര്‍ചെ 4.30ഓടെയാണ് സംഭവം. വാഹനത്തില്‍നിന്ന് പിടിച്ചിറക്കിയ ഇരുവരെയും അക്രമികള്‍ ക്രൂരമായി മര്‍ദിക്കുകയും പിന്നീട് രണ്ടുപേരെയും രണ്ടു വാഹനങ്ങളില്‍ കയറ്റി, ഒരാളുമായി വാഹനം പാലക്കാട് ഭാഗത്തേക്ക് പോയി. ഇയാളെ പിന്നീട് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം ഇറക്കിവിട്ടു. രണ്ടാമനെ കയറ്റിയ സംഘം തൃശൂരിലേക്കുള്ള വഴിയില്‍ വടക്കഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലും ഉപേക്ഷിച്ചു. ഇരുവരുടെയും മൊബൈല്‍ ഫോണുകളും പഴ്‌സും അക്രമികള്‍ കവര്‍ന്നതായാണ് മൊഴി.
ദേശീയ പാതയില്‍ കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലാണ് ഇത്തരമൊരു ആക്രമണം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായി. കുഴല്‍പ്പണ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവത്തേക്കുറിച്ച് വാളയാര്‍ സിഐയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News,Kerala,State,Police,Local-News,attack,Investigates, Youths attacked in Palakkad