ഹേഗ്: (www.kvartha.com) യുക്രൈനെതിരായ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ICC)യുടേതാണ് നടപടി. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് അറസ്റ്റ് വാറന്റ്.
യുക്രൈയിനില്‍ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയെന്നതാണ് കുറ്റം. കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയതിനും അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തതിനും പുടിന്‍ ഉത്തരവാദിയാണെന്ന് വാറന്റില്‍ പറയുന്നു.
2022 ഫെബ്രുവരി 24 മുതലെങ്കിലും യുക്രേനിയന്‍ അധിനിവേശ പ്രദേശത്ത് കുറ്റകൃത്യങ്ങള്‍ നടന്നതായും വാറന്റില്‍ ആരോപിക്കപ്പെടുന്നു. സമാനമായ കുറ്റങ്ങളില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള റഷ്യയുടെ പ്രസിഡന്‍ഷ്യല്‍ കമീഷണറായ മരിയ എല്‍വോവ-ബെലോവയ്ക്കെതിരെയും വാറന്റ് പുറപ്പെടുവിച്ചതായി ഹേഗ് ആസ്ഥാനമായുള്ള ഐസിസി അറിയിച്ചു.
ഈ സാഹചര്യത്തില്‍ പുടിനോ, റഷ്യന്‍ ഫെഡറേഷനിലെ ചില്‍ഡ്രന്‍സ് റൈറ്റ്‌സ് കമീഷന്‍ പ്രസിഡന്റ് മരിയ ബിലോവയോ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പരിധിയില്‍ പെടുന്ന 123 രാജ്യങ്ങളില്‍ എവിടെയെങ്കിലും കാലുകുത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
ഐസിസിയുടെ നടപടിയെ യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ സ്വാഗതം ചെയ്തു. നിതീയുടെ ചക്രങ്ങള്‍ തിരിഞ്ഞു തുടങ്ങിയെന്നാണ് ദിമിത്രോ ഐസിസിയുടെ നടപടിയെ പ്രകീര്‍ത്തിച്ചത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ നീതി നടപ്പാക്കുന്നതിനുള്ള ആദ്യ പടിയാണിതെന്ന് യുക്രൈന്റെ പ്രസിഡന്‍ഷ്യല്‍ ചീഫ് ഓഫ് സ്റ്റാഫ് ആന്ദ്രീ യെര്‍മാര്‍ക് പ്രതികരിച്ചു. ഇതൊരു തുടക്കമാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
യുക്രൈനിന്റെ പ്രോസിക്യൂടര്‍ ജെനറല്‍ ആന്‍ഡ്രി കോസ്റ്റിനും വാറന്റിനെ അഭിനന്ദിച്ചു. ചരിത്രപരമായ തീരുമാനമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അതേസമയം, വാറന്റ് പുറപ്പെടുവിച്ചെങ്കിലും കോടതിയ്ക്ക് സ്വന്തമായി പൊലീസ് ഫോഴ്‌സ് ഇല്ലാത്തതിനാല്‍ അതാത് രാജ്യങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കനുസരിച്ചേ അറസ്റ്റുണ്ടാവാനിടയുള്ളൂ. ഇതേ വാറന്റുണ്ടായിരുന്ന മുന്‍ സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീര്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പരിധിയില്‍ പെടുന്ന ദക്ഷിണാഫ്രികയും ജോര്‍ദാനും അടക്കം സന്ദര്‍ശിച്ചിരുന്നെങ്കിലും അറസ്റ്റുണ്ടായില്ല. 2019ല്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഇനിയും ഒമറിനെ അറസ്റ്റ് ചെയ്തിട്ടില്ല.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പരിധിയില്‍ പെടാത്ത രാജ്യമാണ് റഷ്യ എന്നതും പുടിന് അനുകൂലമാണ്. അംഗമല്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അധികാര പരിധിയെ യുക്രൈന്‍ അംഗീകരിക്കുന്നുണ്ട്.
അതേസമയം, മുന്‍ ലൈബീരിയന്‍ പ്രസിഡന്റ് ചാള്‍സ് ടെയ്‌ലറിനെ 2012ല്‍ യുദ്ധക്കുറ്റം ചുമത്തി കോടതി അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ സൈബീരിയന്‍ പ്രസിഡന്റ് സ്ലോബോദാന്‍ മിലോസെവിച് യുഗോസ്ലാവിലെ കൂട്ടക്കുരുതിയില്‍ വിധി കാത്തുകഴിയവെ 2006ലാണ് മരിച്ചത്. മുന്‍ ബോസ്‌നിയന്‍ സെര്‍ബ് പ്രസിഡന്റ് റഡോവാന്‍ കരാസികിനെയും 2008ല്‍ കോടതി അറസ്റ്റ് ചെയ്തിരുന്നു.
Keywords: News, World, international, Ukraine, Russia, President, Arrest, Court, Top-Headlines, Latest-News, World Court Issues Arrest Warrant Against Vladimir Putin Over Children's Rights