Follow KVARTHA on Google news Follow Us!
ad

HAM Radio | ഹാം റേഡിയോയെ പരിചയപ്പെട്ടാലോ? അറിയേണ്ടതെല്ലാം

What is HAM Radio? #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-മുജീബുല്ല കെഎം

(www.kvartha.com) നമ്മള്‍ പലതരത്തിലുള്ള ഹോബികളെപ്പറ്റി കേട്ടിട്ടുണ്ടാകും. എന്നാല്‍ ലോകം മുഴുവന്‍ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ സഹായിക്കുന്ന ഒരു ഹോബിയുണ്ട്; സാധാരണ റേഡിയോയിലൂടെ നമുക്ക് കേള്‍ക്കാന്‍ മാത്രമല്ലേ കഴിയൂ? എന്നാല്‍ ഹാം റേഡിയോയിലൂടെ കേള്‍ക്കാനും സംസാരിക്കാനും സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാം റേഡിയോ ഓപ്പറേറ്റര്‍മാരോട് നിങ്ങളുടെ വീട്ടിലിരുന്നു സംസാരിക്കുന്നതിനെക്കുറിച്ച് ഒന്ന് സങ്കല്പിച്ചു നോക്കൂ. വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദര്‍ഭങ്ങളിലെ വാര്‍ത്താവിനിമയം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങള്‍ ഉപയോഗിച്ച് സ്വകാര്യവ്യക്തികള്‍ നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ അഥവാ അമച്വര്‍ റേഡിയോ എന്നു പറയുന്നത്.
  
HAM Radio, Mujeebullah KM

ഹാം എന്ന പേര് രൂപപെട്ടത്തിനു പിന്നില്‍ ഒരു കഥയുണ്ട്. 1888-ല്‍ ഹെര്‍ട്ട്‌സ് എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ വൈദ്യുതികാന്തിക തരംഗങ്ങളെ പറ്റി പ്രതിപാദിക്കുകയും ആംസ്‌ട്രോങ്ങ് റേഡിയോ ഫ്രീക്വന്‍സിക്ക് ഉപയോഗയോഗ്യമായ ഓസിലേറ്റര്‍ സര്‍ക്ക്യൂട്ട് നിര്‍മ്മിക്കുകയും മാര്‍ക്കോണി വയറില്ലാതെ ആശയങ്ങള്‍ കൈമാറാന്‍ കഴിയുന്ന യന്ത്രം ഉപയോഗിച്ച് വാര്‍ത്താവിനിമയം നടത്തുകയും ചെയ്തപ്പോള്‍ ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് Hertz, Armstrong, Marconi (HAM) ഹാം എന്ന പേര് രൂപപ്പെടുത്തിയതത്രേ.

മേശപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ചെറിയ ഒരു റേഡിയോ സ്റ്റേഷന്‍ തന്നെയാണ് ഹാം വയര്‍ലസ് സെറ്റ് അഥവാ ട്രാന്‍സീവര്‍ (ട്രാന്‍സ്മിറ്ററും റിസീവറും ചേര്‍ന്നത്). ഇതില്‍ ഒരു റേഡിയോ പ്രക്ഷേപണിയും റേഡിയോ സ്വീകരണിയും ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്നു. റേഡിയോ സ്റ്റേഷന്‍ അഥവാ പ്രസരണി-അന്തരീഷത്തിലേയ്ക്ക് റേഡിയോ സന്ദേശങ്ങള്‍ അയക്കുന്നു. റേഡിയോ റിസീവര്‍ അഥവാ സ്വീകരണി ആ സന്ദേശങ്ങള്‍ പിടിച്ചെടുത്ത് കേള്‍പ്പിക്കുന്നു. ഇങ്ങനെയുള്ള ഒരു സംവിധാനത്തെ ഒരു വയര്‍ലെസ് സെറ്റ് അഥവാ ട്രാന്‍സീവര്‍ (ട്രാന്‍സ്മിറ്റര്‍+ റിസീവര്‍) എന്നു പറയുന്നു.

സാധാരണ മൂന്ന് ബാന്‍ഡുള്ള (MW, SW1, SW2) റേഡിയോ സ്വീകരണി ഉപയോഗിച്ച് ഹാം റേഡിയോ സന്ദേശങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. അവയില്‍ 40 മീറ്ററില്‍ (7 MHz) Beat frequency oscillator ഘടിപ്പിച്ചു ട്യൂണ്‍ ചെയ്താല്‍ ചെറുതായി സംഭാഷണം കേള്‍ക്കാം. റേഡിയോയുടെ ഏരിയലില്‍ അല്‍പം വയര്‍കൂടി വലിച്ചുകെട്ടിയാല്‍ സംഭാഷണം വ്യക്തമായി കേള്‍ക്കുവാന്‍ സാധിക്കും. ഇന്ത്യയില്‍ ഇതുവരെ 38000 അധികം ഹാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്

ലൈസന്‍സിനുള്ള നടപടികള്‍

12 വയസ്സ് കഴിഞ്ഞ ഇന്ത്യന്‍ പൗരന്‍ ആയ ആര്‍ക്കു വേണമെങ്കിലും ഹാം റേഡിയോ ഓപ്പറേറ്റര്‍ ആകാം; പക്ഷെ അതിനായി ഒരു പരീക്ഷ പാസാവേണ്ടതുണ്ട്. പരീക്ഷയ്ക്ക് വിദ്യാഭ്യാസ യോഗ്യത നിഷ്‌കര്‍ഷിച്ചിട്ടില്ല. ഹാം റേഡിയോ ലൈസന്‍സിനുള്ള പരീക്ഷക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. https://saralsanchar(dot)gov(dot)in/എന്ന പോരാട്ടലിലൂടെ രജിസ്റ്റര്‍ ചെയ്ത് പരീക്ഷക്കും ലൈസന്‍സിനും അപേക്ഷിക്കാവുന്നതാണ്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള വയര്‍ലെസ് പ്ലാനിങ് ആന്‍ഡ് കോ ഓര്‍ഡിനേഷന്‍ വിങ് (WPC) ആണ് ഇന്ത്യയില്‍ ഹാം റേഡിയോ ലൈസന്‍സ് നല്കാന്‍ ചുമതലപ്പെട്ട അതോറിറ്റി.

പരീക്ഷ നടത്തി ലൈസന്‍സ് നല്‍കുന്നതും ചെയ്യുന്നതും അവര്‍ തന്നെ. രണ്ടുതരം ലൈസന്‍സുകളാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്: 1 - ജനറല്‍ ഗ്രേഡ്. 2 - റെസ്ട്രിക്റ്റഡ് ഗ്രേഡ്. മൂന്നു വിഷയങ്ങള്‍ അടങ്ങുന്ന അധികം ബുദ്ധിമുട്ടില്ലാത്ത ഒരു ചെറിയ പരീക്ഷയാണുള്ളത്. റേഡിയോ തിയറി ആന്‍ഡ് പ്രാക്റ്റീസ്, അമച്വര്‍ റേഡിയോ നിയമങ്ങള്‍, മോഴ്‌സ് കോഡ് (അയക്കലും സ്വീകരിക്കലും), വാര്‍ത്താവിനിമയ രീതികള്‍, പ്രാഥമിക ഇലക്ട്രോണിക്‌സ് അറിവ് ഇവയാണ് വിഷയങ്ങള്‍. ഈ നൂറു മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ടാവും. റെസ്ട്രിക്റ്റഡ് ഗ്രേഡ് ലൈസന്‍സിന് മോഴ്സ് കോഡ് ആവശ്യമില്ല. റെസ്ട്രിക്റ്റഡ് ഗ്രേഡ് ലൈസന്‍സിന്, പരീക്ഷയില്‍ ഓരോ വിഷയത്തിനും 40 ശതമാനവും എല്ലാ വിഷയങ്ങള്‍ക്കും കൂടി 50 ശതമാനവും മാര്‍ക്കും, ജനറല്‍ ഗ്രേഡ് ലൈസന്‍സിന്, പരീക്ഷയില്‍ ഓരോ വിഷയത്തിനും 50 ശതമാനവും എല്ലാ വിഷയങ്ങള്‍ക്കും കൂടി 60 ശതമാനവും മാര്‍ക്കും വാങ്ങിയാല്‍ പരീക്ഷ പാസ് ആകാം.

എന്നാല്‍ പരീക്ഷ പാസ് ആയാല്‍ ഉടനെ വയര്‍ലെസ് സെറ്റ് ഉപയോഗിക്കാന്‍ കഴിയില്ല. നിര്‍ദിഷ്ട ലൈസന്‍സ് ഫീസ് അടച്ചു കാത്തിരിക്കണം. പോലീസ്, ഇന്റലിജന്‍സ് ബ്യൂറോ വെരിഫിക്കേഷനുകള്‍ക്ക് ശേഷം നിങ്ങളുടെ ലൈസന്‍സ് ലഭിക്കും . അതോടെ വയര്‍ലെസ്സ് സെറ്റ് ഉപയോഗിച്ച് തുടങ്ങാം. മൂന്നു വിഷയങ്ങള്‍ അടങ്ങുന്ന അധികം ബുദ്ധിമുട്ടില്ലാത്ത ഒരു ചെറിയ പരീക്ഷയാണുള്ളത്. കേരളത്തില്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്തുള്ള മോണിറ്ററിങ്ങ് സ്റ്റേഷനാണ് ഹാം റേഡിയോ അനുമതിക്കായുള്ള പരീക്ഷ നടത്തുന്നത്.
       
HAM Radio, Mujeebullah KM

ചില സംശയങ്ങള്‍ക്കുള്ള മറുപടികള്‍.

1. ആര്‍ക്കൊക്കെ ഹാം റേഡിയോ ഓപ്പറേറ്റര്‍ ആവാം ?
12 വയസ്സ് കഴിഞ്ഞ ആര്‍ക്കു വേണമെങ്കിലും ഹാം റേഡിയോ ഓപ്പറേറ്റര്‍ ആകാം അതിനായി ഒരു പരീക്ഷ പാസാവേണ്ടതുണ്ട്.

2. ലൈസെന്‍സ് ആവശ്യമാണോ ? ആരാണ് ലൈസന്‍സ് നല്‍കുന്നത് ?
കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള വയര്‍ലെസ് പ്ലാനിങ് ആന്‍ഡ് കോ ഓര്‍ഡിനേഷന്‍ വിങ് അഥവാ ഡബ്‌ള്യു പി സി ആണ് ഇന്ത്യയില്‍ ലൈസന്‍സ് നല്കാന്‍ ചുമതലപ്പെട്ട അതോറിറ്റി. പരീക്ഷ നടത്തി ലൈസന്‍സ് ഇഷ്യു ചെയ്യുന്നതും അവര്‍തന്നെ

3.പരീക്ഷ എങ്ങനെയാണ് ?
ഇന്ത്യയില്‍ രണ്ടുതരം ലൈസന്‍സുകളാണ് ലഭ്യമായിട്ടുള്ളത്
1 . ജനറല്‍ ഗ്രേഡ്
2 . റെസ്ട്രിക്ടഡ് ഗ്രേഡ്
റേഡിയോ തിയറി ആന്‍ഡ് പ്രാക്റ്റീസ്, റേഡിയോ റെഗുലേഷന്‍സ്, മോഴ്‌സ് കോഡ്, ബേസിക് ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളില്‍ നിന്ന് നൂറു മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ടാവും. റെസ്ട്രിക്ടഡ് ഗ്രേഡ് ലൈസന്‍സിന് മോഴ്‌സ് കോഡ് ആവശ്യമില്ല. യഥാക്രമം 55%, 50% മാര്‍ക്ക് വാങ്ങിയാല്‍ പരീക്ഷ പാസ് ആകാം.

4.പരീക്ഷ പാസ്സ് ആയാല്‍ വയര്‍ലെസ്സ് സെറ്റ് ഉപയോഗിക്കാമോ ?
ഇല്ല, പരീക്ഷ പാസ് ആയ ശേഷം നിര്‍ദിഷ്ട ലൈസന്‍സ് ഫീസ് അടച്ചു കാത്തിരിക്കുക. പോലീസ്, ഇന്റലിജന്‍സ് ബ്യൂറോ വെരിഫിക്കേഷനുകള്‍ക്ക് ശേഷം നിങ്ങളുടെ ലൈസന്‍സ് തപാലില്‍ അയച്ചു കിട്ടും. അത് കയ്യില്‍ കിട്ടിയാല്‍ വയര്‍ലെസ്സ് സെറ്റ് ഉപയോഗിച്ച് തുടങ്ങാം

5. ആരോടൊക്കെ സംസാരിക്കാം?
ഇന്ത്യയില്‍ 38000 ലൈസന്‍സ് ഹോള്‍ഡര്‍മാരാണ് ഉള്ളത്. പത്തു വര്‍ഷം മുന്‍പ് നടത്തിയ കണക്കെടുപ്പ് പ്രകാരം ലോകത്താകമാനം അന്‍പതുലക്ഷത്തിലതികം ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുണ്ട്. ഇവരില്‍ ആരോട് വേണമെങ്കിലും സൗജന്യമായി സംസാരിക്കാന്‍ ഹാം റേഡിയോ ഉപയോഗിക്കാം.

6. വയര്‍ലെസ്സ് സെറ്റുകള്‍ക്ക് അഞ്ചു കിലോമീറ്റര്‍ ദൂരമല്ലേ റേഞ്ച് കിട്ടൂ, പിന്നെങ്ങനെ ഇത്ര ദൂരം സംസാരിക്കും ?
തെറ്റിദ്ധാരണയാണ്, പോലീസും മറ്റും ഉപയോഗിക്കുന്ന ചെറിയ സെറ്റുകള്‍ കണ്ടിട്ടാണ് പലരും ഇങ്ങനെ സംശയിക്കുന്നത്.

ഹാംറേഡിയോ പ്രവര്‍ത്തിപ്പിക്കുന്നത് പ്രധാനമായും മൂന്ന് തരം ഫ്രീക്വന്‍സി ഉപയോഗിച്ചാണ്, HF, VHF, UHF. ഇവയില്‍ തന്നെ വിവിധ ബാന്‍ഡുകള്‍ വേറെയുമുണ്ട്. എച് എഫ് ഫ്രീക്വന്‍സി ഉപയോഗിച്ച നിങ്ങള്‍ക്ക് ലോകത്തിന്റെ എല്ലാ കോണിലേക്കും സംസാരിക്കാന്‍ കഴിയും . കൂടാതെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെ സയന്റിസ്റ്റുകളോട് പോലും ഹാം റേഡിയോ ഓപ്പറേറ്റര്‍ക്ക് സംസാരിക്കാന്‍ അനുവാദം ഉണ്ട്.

7. എവിടെ വേണമെങ്കിലും കൊണ്ട് നടന്ന് ഉപയോഗിക്കാമോ?
വളരെ പ്രസക്തമായ ചോദ്യമാണ്. വയര്‍ലെസ് സെറ്റുകള്‍ കൊണ്ട് നടന്ന് ഉപയോഗിക്കാന്‍ അനുവാദം ഇല്ല. ലൈസന്‍സ് നല്‍കുന്നത് ഏത് അഡ്രസ്സില്‍ ആണോ അവിടെ മാത്രമേ ഇത് 'നിയമപരമായി' ഉപയോഗിക്കാന്‍ കഴിയു. എന്നാല്‍ ചില പരീക്ഷണങ്ങള്‍ക്കു വേണ്ടിയും, ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് വേണ്ടിയും പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും മറ്റും ഒരു സ്ഥലത്തേക്ക് പ്രത്യേക ലൈസന്‍സുകള്‍ അനുവദിക്കാറുണ്ട്. വാഹനങ്ങളില്‍ ഘടിപ്പിച്ച ഉപയോഗിക്കാനും മറ്റും അനുവാദം ഇല്ല.

8. മൊബൈല്‍ ഫോണുകളും മറ്റും ഇത്ര വ്യാപകമായ കാലത്ത് എന്തിനാണ് ഇത്ര ബുദ്ധിമുട്ടി ഹാം ആകുന്നത്?
ഹാം റേഡിയോ തികച്ചും ഒരു ഹോബി ആണ്. സൗഹൃദങ്ങള്‍ ഉണ്ടാക്കാനും ഇലക്ട്രോണിക്‌സ് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താനും താല്പര്യമുള്ളവര്‍ക്ക് ഹാം റേഡിയോ സഹായകരമാകും. ആദ്യത്തെ സോഷ്യല്‍ മീഡിയ എന്നറിയപ്പെടുന്ന വിനോദമാണ് ഹാം റേഡിയോ

9 എന്താണ് പ്രയോജനം ?
സൗഹൃദ വലയമാണ് ഏറ്റവും വലിയ പ്രയോജനം. കേരളത്തിന്റെ എന്നല്ല ഇന്ത്യയുടെ എന്നല്ല ലോകത്തിന്റെ തന്നെ എല്ലാകോണിലും സുഹൃത്തുക്കള്‍ ഉണ്ടാകാന്‍ ഹാംറേഡിയോ സഹായിക്കും. മറ്റു സോഷ്യല്‍ മീഡിയ പോലെ ഫേക്ക് അക്കൗണ്ടുകള്‍ ഇല്ല എന്നതാണ് നേട്ടം. ഓട്ടോ ഡ്രൈവര്‍, കര്‍ഷകന്‍ തുടങ്ങി നാസ ശാസ്ത്രജ്ഞന്‍ മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് വരെ അടങ്ങുന്ന വലിയ കമ്മ്യൂണിറ്റി ആണ് ഹാം റേഡിയോ. ശെരിക്കും നാനാത്വത്തില്‍ ഏകത്വം. എല്ലാവരെയും തുല്യരായി കാണുന്ന ഈ കൂട്ടായ്മയില്‍ വലിപ്പച്ചെറുപ്പമില്ലാതെ ആരെയും പേരെടുത്തു വിളിക്കാം എന്നതും വലിയ പ്രത്യേകതയാണ്.

10. എത്ര ചിലവ് വരും ?
പരീക്ഷ ഫീസ് 100 രൂപ , ലൈസന്‍സ് ഫീസ് 20 വര്ഷം കാലാവധി ഉള്ളതിന് 2000 രൂപ. ലൈഫ് ടൈം ലൈസന്‍സ് 4000 രൂപ. കേരളത്തില്‍ പലയിടത്തും പരീക്ഷ എഴുതാം എന്ന് വാഗ്ദാനം ചെയ്തു ഭീമമായ തുക ഈടാക്കുന്ന തട്ടിപ്പുകാര്‍ ധാരാളമായുണ്ട്. അവിടെയൊന്നും ചെന്നുപെട്ട വഞ്ചിക്കപ്പെടാതിരിക്കുക. ആയിരം രൂപയില്‍ താഴെ ചിലവാക്കി ലോകം മുഴുവന്‍ സംസാരിക്കാവുന്ന തരം വയര്‍ലെസ്സ് സെറ്റുകള്‍ നിര്‍മിക്കാന്‍ കഴിയും. അതിനു മറ്റ് ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ സഹായിക്കുകയും ചെയ്യും. അതിനു കഴിയില്ലെങ്കില്‍ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും മറ്റും വാങ്ങാവുന്നതാണ്. രണ്ടായിരം രൂപ മുതല്‍ ലക്ഷങ്ങള്‍ വിലയുള്ള എക്വിപ്‌മെന്റ്‌സ് വരെ ലഭ്യമാണ്.

11. ലൈസന്‍സ് ഇല്ലാതെ ഉപയോഗിച്ചാല്‍ എന്ത് സംഭവിക്കും

വയര്‍ലെസ്സ് മോണിറ്ററിങ് സ്റ്റേഷനുകള്‍ എന്നൊരു സംവിധാനം ഉണ്ട്. എല്ലാ വയര്‍ലെസ്സ് സന്ദേശങ്ങളും അവരുടെ നിരീക്ഷണത്തിലാണ്. ഇല്ലീഗല്‍ ട്രാന്‍സ്മിഷനുകള്‍ കണ്ടുപിടിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ തന്നെ അവിടെയുണ്ട്. പിടിക്കപ്പെട്ടാല്‍ രാജ്യദ്രോഹക്കുറ്റം വരെ ചുമത്തപ്പെടാം

കൂടുതല്‍ എന്തെങ്കിലും ?

* വളരെ ഏറെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാണ് ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍

* ദേശാന്തര വാര്‍ത്താവിനിമയം അസാധ്യമായിരുന്നു കാലത്തു അന്യരാജ്യങ്ങളില്‍ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അത്യാവശ്യ മരുന്നുകള്‍ പൈലറ്റുമാര്‍ വഴി എത്തിച്ചു കൊടുത്തിരുന്നു

* സുനാമി വന്നപ്പോള്‍ ഒറ്റപ്പെട്ടുപോയ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സഹായം എത്തിച്ചത് അവിടെ നിന്ന് പ്രവര്‍ത്തിച്ച വനിതാ ഹാം റേഡിയോ പ്രവര്‍ത്തകയാണ്.

* കുവൈത് യുദ്ധകാലത് അവിടുന്ന് ഇന്ത്യയിലേക്ക് കമ്മ്യൂണിക്കേഷന്‍ എത്തിച്ചത് ഒരു ഹാം റേഡിയോ ഓപ്പറേറ്റര്‍ ആയിരുന്നു

* നേപ്പാള്‍ ഭൂകമ്പ സമയത് ലോകത്തു തന്നെ ആദ്യമായി ആ രാജ്യവുമായി വാര്‍ത്താവിനിമയ ബന്ധം സ്ഥാപിച്ചത് കോഴിക്കോടുള്ള ബാങ്ക് ഉദ്യോഗസ്ഥനായ ഹാം റേഡിയോ ഓപ്പറേറ്റര്‍ ആണ്

* ചെന്നൈ ദുരന്ത സമയത്ത് സ്തുത്യര്‍ഹ സേവനം നടത്തിയിരുന്നു

* ഓഖി ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതില്‍ കൊല്ലത്തെ ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ നല്‍കിയ സേവനം വിലമതിക്കാനാവില്ല.

* രാജീവ് ഗാന്ധി വധത്തെ തുടര്‍ന്ന് എല്‍ ടി ടി സന്ദേശങ്ങള്‍ ചോര്‍ത്തി സൈന്യത്തിനെ സഹായിച്ചത് ഹാംറേഡിയോ പ്രവര്‍ത്തകരാണ്.

* കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത് ആയ ഇടമലക്കുടിയില്‍ തെരഞ്ഞടുപ്പ് കമീഷനു വേണ്ടി വാര്‍ത്താവിനിമയം നടത്തിയത് ഹാം റേഡിയോ പ്രവര്‍ത്തകരാണ്

* ചില പ്രമുഖ ഹാം റേഡിയോ ഓപ്പറേറ്റര്‍മാരായിരുന്നവരെ കൂടി പരിചയപ്പെടുത്തി അവസാനിപ്പിക്കാം

യൂറി ഗഗാറിന്‍
കല്പന ചൗള
ജോര്‍ദാന്‍ രാജാവ് കിംഗ് ഹുസൈന്‍
രാജീവ് ഗാന്ധി
അമിതാഭ് ബച്ചന്‍
കമല്‍ ഹാസന്‍
ചാരുഹാസന്‍
സോണിയ ഗാന്ധി
മമ്മൂട്ടി
ലോക് നാഥ് ബെഹ്റ
സിബി മാത്യൂസ്.

Keywords: Article, Examination, Study, Education, Police, Students, HAM Radio, Mujeebullah KM, What is HAM Radio?
< !- START disable copy paste -->

Post a Comment