കണ്ണൂര്‍: (www.kvartha.com) വളപട്ടണം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഗുണ്ടാ നേതാവ് തീവെച്ചു നശിപ്പിച്ചതായി പൊലീസ്. വിവിധ കുറ്റകൃത്യങ്ങളില്‍ പിടികൂടിയ അഞ്ച് വാഹനങ്ങളാണ് പൂര്‍ണമായി കത്തി നശിച്ചത്. ചൊവ്വാഴ്ച പുലര്‍ചെ മൂന്ന് മണിക്കാണ് സംഭവം. സംഭവത്തിന് പിന്നില്‍ അട്ടിമറിയാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.
പൊലീസ് പറയുന്നത്: അഗ്‌നിക്കിരയായ വാഹനങ്ങളില്‍ കണ്ണൂരിലെ പ്രമുഖ ഗുണ്ടാ നേതാവ് ചാണ്ടി ഷമീന്റെതുമുണ്ട്. കഴിഞ്ഞ ദിവസം വളപട്ടണം പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനെ കയ്യേറ്റം ചെയ്തതിന് ചാണ്ടി ഷമീമിനെതിരെ കേസെടുത്തിരുന്നു. പൊലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പെട്ടയാളാണ് ചാണ്ടി ഷമീം.
നേരത്തെ പൊലീസിനെ വെല്ലുവിളിക്കുന്ന ഇയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തീവയ്പിന് പിന്നില്‍ ചാണ്ടി ഷമീമാണെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കണ്ണൂരില്‍ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയ അഞ്ച് വാഹനങ്ങള്‍ പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. സംഭവ സമയം മറ്റാരും സ്റ്റേഷന് പുറത്തുണ്ടായിരുന്നില്ലെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
വിവിധ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ വാഹനങ്ങള്‍ കത്തി നശിച്ചതോടെ വെട്ടിലായിരിക്കുകയാണ് വളപട്ടണം പൊലീസ്. നേരത്തെ തളിപറമ്പ് അക്കി പറമ്പില്‍ ട്രഞ്ചിംഗ് മൈതാനത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തി നശിച്ചിരുന്നു.
Keywords: News, Kerala, State, Kannur, police-station, Police, Fire, Vehicles, Vehicle catches fire at Valapattanam police station premises