ലക്‌നൗ: (www.kvartha.com) യുപിയിലെ ഇറ്റായില്‍ റാണി അവനിബായ് ലോധി സര്‍കാര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ സിറിന്‍ജ് മാറ്റാതെ കുത്തിവച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് എച്‌ഐവി ബാധിച്ചതായി പരാതി. ഫെബ്രുവരി 20നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് എച്‌ഐവി ടെസ്റ്റ് ഫലം പോസിറ്റീവ് ആയപ്പോള്‍ ആശുപത്രിക്കാര്‍ അവളെ പെട്ടെന്ന് തന്നെ അവിടെ നിന്ന് മാറ്റിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
അതേസമയം, ഈ പെണ്‍കുട്ടിക്ക് മാത്രമല്ല, ഒരുപാട് കുട്ടികളെയും ഇതേ സിറിന്‍ജ് വച്ച് തന്നെയാണ് ഡോക്ടര്‍ കുത്തിവച്ചിരിക്കുന്നതെന്നും ഇക്കാര്യം കൂടി പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് മജിസ്‌ട്രേറ്റിന് റിപോര്‍ട് നല്‍കുമെന്ന് ഇറ്റാ ചീഫ് മെഡികല്‍ ഓഫീസര്‍ ഉമേഷ് കുമാറും അറിയിച്ചിട്ടുണ്ട്.
വലിയ ചര്‍ച്ചയായതോടെ യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പ്രതാപും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ആശുപത്രി മേധാവിയോട് വിശദകരണം ചോദിച്ചിട്ടുണ്ടെന്നും ആരുടെയെങ്കിലും ഭാഗത്ത് നിന്ന് ഗുരുതരമായ പിഴവുണ്ടായിട്ടുണ്ടെങ്കില്‍ കൃത്യമായ നടപടിയുണ്ടാകുമെന്നും ഇദ്ദേഹം അറിയിച്ചു.
എച്‌ഐവി അഥവാ 'ഹ്യൂമണ്‍ ഇമ്യൂനോ ഡെഫിഷ്യന്‍സി വൈറസ്' ബാധിതരുടെ രക്തം, ശുക്ലം, സ്വകാര്യഭാഗങ്ങളിലെ സ്രവം എന്നിവയിലൂടെയെല്ലാം രോഗം പകരാം. എച്‌ഐവി അണുബാധയുണ്ടായാലും വര്‍ഷങ്ങളോളം അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. അതേസമയം പരിശോധനയില്‍ വൈറസ് ബാധ കണ്ടെത്താം.
എച്‌ഐവി ചികിത്സിക്കാതെ തുടരുമ്പോള്‍ അത് ക്രമേണ എയ്ഡ്‌സിലേക്കുമെത്തുന്നു. ഇതിന് സാധാരണനിലയില്‍ എട്ട് മുതല്‍ 10 വര്‍ഷം വരെയെല്ലാം എടുക്കാറുണ്ട്. വിവിധ രോഗങ്ങളോടും അണുബാധകളോടുമെല്ലാം പോരാടാനുള്ള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെട്ടുവരുന്ന അവസ്ഥയാണ് എച്‌ഐവി അണുബാധയില്‍ കാണപ്പെടുക.
വൈറസ് ഒരിക്കല്‍ ശരീരത്തിലെത്തിയാല്‍ പിന്നെ പൂര്‍ണമായി ഇതില്‍ നിന്നൊരു മടങ്ങിപ്പോക്ക് സാധ്യമല്ല. വൈറസ് പെരുകാതിരിക്കാനും അതുവഴി രോഗം മൂര്‍ഛിക്കുന്നത് തടയാനുമായിട്ടാണ് എച്‌ഐവി ബാധിതര്‍ മരുന്ന് കഴിക്കുന്നത്. ഇതുതന്നെയാണ് എച്‌ഐവിയുടെ ആകെ ചികിത്സ.
Keywords: News,National,India,Lucknow,Uttar Pradesh,HIV Positive,Girl,Complaint, Protest,hospital, Health,Health & Fitness,Disease,Local-News, UP Girl Tests HIV Positive After Doctor Uses Same Syringe, Claims Family, Explanation Sought