ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ചന്ദൗസി മേഖലയില്‍ ഉരുളക്കിഴങ്ങ് ശീതീകരണ സംഭരണിയുടെ മേല്‍ക്കൂര തകര്‍ന്ന് എട്ടുപേര്‍ക്ക് ദാരുണാന്ത്യം. അനശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 11 പേരെ രക്ഷപ്പെടുത്തി. നിരവധിപേരെ കാണാതായിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ സ്‌നിഫര്‍ നായക്കളെ ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നുണ്ടെന്ന് സംഭാല്‍ ഡിഎം മനീഷ് ബന്‍സാല്‍ അറിയിച്ചു.
നേരത്തെ തന്നെ ഗോഡൗണ്‍ ശോച്യാവസ്ഥയിലാണെന്ന് റിപോര്‍ട് ഉണ്ടായിരുന്നു. ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സംഭാല്‍ സ്റ്റേഷനിലെ പൊലീസ് സൂപ്രണ്ട് (എസ്പി) ചക്രേഷ് മിശ്ര അറിയിച്ചു.
അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മൊറാദാബാദ് കമീഷണറുടെയും ഡിഐജിയുടെയും നേതൃത്വത്തില്‍ ഒരു കമിറ്റി രൂപീകരിച്ച് അപകടത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായവും പ്രഖ്യാപിച്ചു.
Keywords: News, National, Accident, Death, Labours, Minister, Police, Yogi Adityanath, CM, Chief Minister, Injured, UP: 8 died, 11 rescued after cold storage roof collapses in Sambhal