തൃശൂര്‍: (www.kvartha.com) പെരിങ്ങോവില്‍ ഇവന്റ് മാനേജ്‌മെന്റ് കംപനിയുടെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റിന്റെ ഗോഡൗണില്‍ ആണ് തീ പിടിച്ചത്. തീപടര്‍ന്നതോടെ ഇവിടെ ഉണ്ടായിരുന്ന നായ്ക്കുട്ടികള്‍ വെന്തുമരിച്ചു. 10 യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
അതിനിടെ, ഗോഡൗണിലേക്ക് പടര്‍ന്നുകയറിയ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍മാന്‍ കുഴഞ്ഞുവീണു. കുന്നംകുളം ഫയര്‍ഫോഴ്സ് യൂനിറ്റിലെ വിപിനാണ് കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
തീപ്പിടിത്തത്തോടെ രണ്ട് കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഇവന്റ് മാനേജ്‌മെന്റ് ഉടമ പറഞ്ഞു. ഗോഡൗണിലെ സാധനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു. സ്ഥാപനത്തിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നുവെന്ന് ഉടമ ശംസുദ്ദീന്‍ പറഞ്ഞു. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് തീയിട്ടത് സ്ഥാപനത്തിലേക്ക് പടരുകയായിരുന്നെന്നാണ് വിവരം. പ്രദേശത്ത് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. പ്രദേശത്താകെ വലിയ രീതിയില്‍ പുക വ്യാപിച്ചിട്ടുണ്ട്.
നാട്ടുകാരും പൊലീസും അഗ്‌നിശമന സേനയുടെ ഒപ്പം തീയണയ്ക്കാന്‍ പരിശ്രമിക്കുകയാണ്. കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ടപ്പോള്‍ തന്നെ കെട്ടിടത്തിന് സമീപത്തുള്ള വഴിയിലൂടെ വാഹനങ്ങള്‍ പോകുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. അലങ്കാരത്തിനുള്ള പ്ലൈവുഡ് സാധനങ്ങളാണ് വളരെ പെട്ടെന്ന് തീപ്പിടിച്ചത്. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ ഭൂരിഭാഗം സാധനങ്ങളും കത്തിനശിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം, പാലക്കാടിന് പിന്നാലെ തൃശ്ശൂരിലും കാട്ടുതീ പടരുന്നു. മരട്ടിച്ചാല്‍, മാന്ദാമംഗലം മേഖലയില്‍ 100 ഏകറോളം വനഭൂമി കത്തി നശിച്ചു. നാലുദിവസമായിട്ടും കാട്ടുതീ അണയ്ക്കാനായില്ല. ചിമ്മിനി വനമേഖലയില്‍ നിന്നാണ് കാട്ടുതീ വ്യാപിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫയര്‍ ലൈന്‍ ഇട്ട് തീ കെടുത്താന്‍ വനം വകുപ്പിന്റെ ശ്രമം തുടരുകയാണ്.
Keywords: News, Kerala, State, Thrissur, Fire, Top-Headlines, died, Dog, Police, Thrissur: Fire break out in an event management godown