തിരുവനന്തപുരം: (www.kvartha.com) ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയ വിദേശസഞ്ചാരിയെ സ്വകാര്യവാഹനം ഉപയോഗിച്ചെന്നാരോപിച്ച് ടാക്‌സി ഡ്രൈവര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. നെതര്‍ലന്‍ഡ്‌സ് സ്വദേശി കാല്‍വിന്‍ സ്‌കോള്‍ടണ്‍ (27) ആണ് പട്ടാപ്പകല്‍ മര്‍ദനത്തിനിരയായത്. സംഭവത്തില്‍ വിഴിഞ്ഞം സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ ശാജഹാനെ(40) കോവളം പൊലീസ് അറസ്റ്റ് ചെയ്തു.
പരാതിക്കടിസ്ഥാനമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ടാക്‌സി സവാരി വിളിക്കാതെ സ്വകാര്യവാഹനം ഉപയോഗിച്ചതിനാണ് ടാക്‌സി ഡ്രൈവര്‍ അക്രമം അഴിച്ചുവിട്ടത്. കാല്‍വിന്‍ ലൈറ്റ് ഹൗസ് ബീച് റോഡില്‍ താമസിക്കുന്ന ഹോടെലിന് മുന്നില്‍നിന്ന് സുഹൃത്തിന്റെ കാറില്‍ കയറവേ ബൈകിലെത്തിയ ശാജഹാന്‍ വാഹനം വിലങ്ങനെ നിര്‍ത്തി കാല്‍വിനെ കാറില്‍നിന്ന് വലിച്ചിറക്കിയ ശേഷം ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു.
മര്‍ദനം തടയാന്‍ ശ്രമിച്ചപ്പോഴാണ് കാല്‍വിനുനേരെ ആക്രമണമുണ്ടായത്. സമീപത്തു കിടന്ന കരിങ്കല്ലെടുത്ത് ആക്രമിക്കാനും മുതിര്‍ന്നെന്ന് കാല്‍വിന്റെ സുഹൃത്തായ മലയാളി യുവാവ് പറഞ്ഞു. തലയ്ക്ക് പിന്നിലും കൈക്കും മര്‍ദനമേറ്റ കാല്‍വിനും പരുക്കേറ്റ കാര്‍ ഡ്രൈവറും ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ടോടെ പൊലീസ് കാല്‍വിനുമായി സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി. കാറിലുണ്ടായിരുന്ന കാല്‍വിന്റെ പിതാവ് സ്‌കോള്‍ടണ്‍ ആക്രമണത്തില്‍നിന്നും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഫുട്‌ബോള്‍ കളിക്കാരനായ പിതാവും ടെനിസ് കളിക്കാരനായ കാല്‍വിനും ചികിത്സാര്‍ഥം കുറച്ചു നാള്‍ കേരളത്തില്‍ ചെലവഴിക്കാനാണ് എത്തിയത്. ആക്രമണത്തെതുടര്‍ന്ന് ഭയന്നുപോയ ഇരുവരും വൈകാതെ മടങ്ങുമെന്നും നടുക്കം മാറാത്ത കാല്‍വിന്‍ അക്രമത്തെ കുറിച്ച് പ്രതികരിക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണെന്നും സുഹൃത്ത് പറഞ്ഞു.
Keywords: News, Kerala, State, Thiruvananthapuram, Top-Headlines, Foreigners, Foreign, attack, Arrested, Accused, Police, Complaint, Thiruvananthapuram: Foreigner attacked by Taxi Driver