തിരുവനന്തപുരം: (www.kvartha.com) കോവളത്ത് ബൈകിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമരം എം എ വിഹാറില്‍ ഷണ്‍മുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ മകന്‍ യുവാന്‍ ആണ് മരിച്ചത്. അമ്മയ്‌ക്കൊപ്പം റോഡ് മുറിച്ചു കടക്കവെയാണ് അപകടം സംഭവിച്ചത്.
കോവളം - മുക്കോല ബൈപാസില്‍ പോറോഡ് പാലത്തിന് സമീപമാണ് സംഭവം. അമിത വേഗതയില്‍ ചീറിപ്പാഞ്ഞെത്തിയ ബൈക് കുട്ടിയെ ഇടിച്ചിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തിനുശേഷം ഇടിച്ചിട്ട ബൈക് നിര്‍ത്താതെ പോയി. കുട്ടിയുടെ അമ്മയ്ക്ക് പരുക്കില്ല.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്ക് ശേഷമാണ് നാടിനെ വേദനയിലാഴ്ത്തിയ അപകടം നടന്നത്. അമ്മയ്‌ക്കൊപ്പം കടയില്‍ പോയി സാധനം വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ബൈപാസ് മുറിച്ച് കടക്കുന്നതിനിടെയാണ് മുക്കോല ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ ഇരുചക്രവാഹനം കുട്ടിയെ ഇടിച്ച് തെറിപ്പിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
അമ്മയുടെ കൈ പിടിച്ചു നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ബൈക് വന്ന് കുട്ടിയെ ഇടിക്കുന്നത്. നിമിഷ വേഗത്തില്‍ അമ്മയുടെ കൈ മകന്റെ പിടി വിട്ടു പോയി. എന്താണ് സംഭവിച്ചതെന്ന് അറിയാതെ അമ്മ പകച്ചു. ഈസമയം, നാട്ടുകാര്‍ ഓടി കൂടി നോക്കിയപ്പോള്‍ കുറേ ദൂരത്ത് കൂട്ടി കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ മെഡികല്‍ കോളജ് ആശുപ്രതിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുവാന്റെ സഹോദരന്‍ യശ്വന്ത്. കോവളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്തുനിന്നും അപകടത്തിനിടയാക്കിയ ബൈകിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തു. വാഹനം കണ്ടെത്താന്‍ സി സി ടി വി കാമറകള്‍ പൊലീസ് പരിശോധിക്കും.
Keywords: News, Kerala, State, Thiruvananthapuram, Accident, Accidental Death, Bike, Child, CCTV, Local-News, Case, Police, Thiruvananthapuram: 4 year old boy died in bike accident in Kovalam