കേന്ദ്രസര്‍കാര്‍ സഹായിച്ചാലും സംസ്ഥാന സര്‍കാര്‍ സഹായിച്ചാലും അവര്‍ക്കൊപ്പം നില്‍ക്കും. ഒരു പാര്‍ടിയെയോ മതത്തെയോ സഹായിക്കണമെന്ന നിലപാടില്ല. ബിജെപി സഹായിച്ചാല്‍ തിരിച്ചു സഹായിക്കുമെന്നത് സഭയുടെ തീരുമാനമല്ലെന്നും മലയോര കര്‍ഷകരുടെ വികാരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിജെപി ഉള്‍പ്പെടെ ഒരു പാര്‍ടിയോടും സഭയ്ക്ക് അയിത്തമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇടതുമുന്നണി സര്‍കാരില്‍ വിശ്വാസമില്ല എന്നതിന് അര്‍ഥമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇടതുമുന്നണി സര്‍കാര്‍ അനുഭാവപൂര്‍വം ചെയ്ത എല്ലാ കാര്യങ്ങളെയും ഞങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഇടതുമുന്നണി സര്‍കാരുമായി ഒരു ഏറ്റുമുട്ടലിന് സഭയ്ക്ക് താല്‍പര്യവുമില്ല. സഭയുടെ മേഖല അതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഷപിന്റെ വാക്കുകള്‍:
ബിജെപിയുമായി സംസാരിക്കാന്‍ പറ്റാത്ത സാഹചര്യമൊന്നുമില്ലല്ലോ. രാജ്യം ഭരിക്കുന്ന ഒരു പാര്‍ടിയോട് സംസാരിക്കുന്നതില്‍ സഭയ്‌ക്കോ സഭാ നേതൃത്വത്തിനോ യാതൊരു അകല്‍ചയുമില്ല. അവരുമായി പല കാര്യങ്ങളും പല സാഹചര്യങ്ങളിലും സംസാരിച്ചിട്ടുണ്ട്. ഇത്തരം ചര്‍ചകള്‍ എല്ലാ മേഖലകളിലും തുടരുന്നതുമാണ്.
ഇതിനെ കതോലികാ സഭയുടെ നിലപാടായിട്ടോ മതപരമായിട്ടോ ചിത്രീകരിക്കേണ്ട ആവശ്യമില്ല. ഞാന്‍ ആ സമ്മേളനത്തില്‍ പ്രകടിപ്പിച്ചത് ഇവിടുത്തെ മലയോര കര്‍ഷകരുടെ വികാരമാണ്. ഇതിനെ സഭയും ബിജെപിയും തമ്മില്‍ സഖ്യമുണ്ടാക്കുന്നു എന്ന രീതിയിലേക്ക് ദുര്‍വ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല.
സഭയ്ക്ക് ആരോടും അയിത്തമില്ല. അയിത്തമെന്നത് പണ്ടേ കേരളത്തില്‍നിന്ന് പടിയിറങ്ങിപ്പോയതാണ്. അതിനുവേണ്ടി കതോലികാ സഭ തന്നെ പരിശ്രമിച്ചതാണ്. അതുകൊണ്ട് അയിത്തം എന്നൊരു വാക്കേ ഞങ്ങളുടെ നിഘണ്ടുവിലില്ല. സഭയ്ക്ക് ആരോടും അസ്പര്‍ശ്യതയുമില്ല. ഇവിടേക്ക് ആരു വന്നാലും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഒരുപോലെ സ്വീകരിക്കും എന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
റബറിന്റെ വില മാത്രമാണോ കര്‍ഷര്‍ നേരിടുന്ന പ്രശ്‌നമെന്ന തരത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ പ്രതികരണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ബിഷപിന്റെ പ്രതികരണം ഇങ്ങനെ: 'റബറിന്റെ വില എന്നത് ഒരു നിസാര വിഷയമായി ഗോവിന്ദന്‍ മാഷിനു തോന്നുന്നുണ്ടായിരിക്കും. പക്ഷേ, മലയോര കര്‍ഷകര്‍ക്ക് അതൊരു നിസാര വിഷയമായി തോന്നുന്നില്ല' മാര്‍ പാംപ്ലാനി പറഞ്ഞു.
കുടിയേറ്റ ജനതയുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നാണ് മാര്‍ ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം പറഞ്ഞത്. വോടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ല. റബറിന്റെ വില 300 ആക്കിയാല്‍ കേന്ദ്രസര്‍കാരിനെ പിന്തുണയ്ക്കുമെന്നും കേരളത്തില്‍ നിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Keywords: Thalassery Bishop promises votes for BJP if rubber price hiked to Rs 300, Thalassery, News, Politics, Religion, Farmers, BJP, CPM, Kerala.