Controversy | മുസ്ലിം ലീഗിന് പുറകെ കോണ്‍ഗ്രസിലും നേതൃത്വത്തിനെതിരെ അണികള്‍; തളിപറമ്പില്‍ കൂട്ടരാജി

 


കണ്ണൂര്‍: (www.kvartha.com) തളിപറമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടരാജിവെച്ച സംഭവം ഒത്തുതീര്‍പ്പാക്കുന്നതിനായി ഡിസിസി നേതൃത്വം അനുരഞ്ജന ചര്‍ചകള്‍ ഊര്‍ജിതമാക്കി. മുസ്ലിം ലീഗിന് പിന്നാലെ കോണ്‍ഗ്രസിലും പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞത് പ്രതിസന്ധി അതിരൂക്ഷമാക്കിയിട്ടുണ്ട്.

തളിപ്പറമ്പിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സിസി ശ്രീധരന്‍ ഉള്‍പ്പെടെ 19 പേരാണ് പാര്‍ടി ഭാരവാഹിത്വം രാജിവെച്ച് ഡിസിസി പ്രസിഡന്റിന് കത്ത് നല്‍കിയത്. മുന്‍ മണ്ഡലം പ്രസിഡന്റും നിലവില്‍ ബ്ലോക് വൈസ് പ്രസിഡന്റുമാണ് ശ്രീധരന്‍. തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കമിറ്റിയിലെ പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചത്.

തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമിറ്റി വിഭജിച്ച് തളിപ്പറമ്പ് ഈസ്റ്റ്, തളിപ്പറമ്പ് ടൗണ്‍ എന്നീ മണ്ഡലങ്ങളാക്കുകയും അഡ്വ. സകരിയ കായക്കൂലിനെ ഈസ്റ്റ് മണ്ഡലത്തിന്റെയും, ടിവി രവി ടൗണ്‍ മണ്ഡലത്തിന്റെയും പ്രസിഡന്റുമാരായി കമിറ്റി നിലവില്‍ വരികയും ചെയ്തിരുന്നു. ടൗണ്‍ മണ്ഡലം പ്രസിഡന്റ് ടിവി രവി മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് അഡ്വ. ടി ആര്‍ മോഹന്‍ദാസിന് മണ്ഡലം പ്രസിഡന്റിന്റെ ചുമതല ലഭിച്ചത്.

തുടര്‍ന്ന് ഈസ്റ്റ് മണ്ഡലത്തെ അവഗണിക്കുന്ന സമീപനമുണ്ടായതോടെ പരാതി ഡിസിസിയിലെത്തിയെങ്കിലും നടപടികളുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് സകരിയ കായക്കൂല്‍ താല്‍കാലിക അവധിയെടുത്തെങ്കിലും പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റിന് നല്‍കാതെ ടൗണ്‍ മണ്ഡലം പ്രസിഡന്റിന് നല്‍കുകയായിരുന്നു.

ഇതിന് ശേഷം ഈസ്റ്റ് മണ്ഡലം കമറ്റിയുടെ പ്രവര്‍ത്തനം മരവിക്കുകയായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാതെ ഏകപക്ഷീയമായി ഈസ്റ്റ് മണ്ഡലം കമിറ്റി പിരിച്ചുവിട്ട് തളിപ്പറമ്പ് മണ്ഡലം കമിറ്റി മാത്രമായി മാറ്റുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് ഈസ്റ്റ് മണ്ഡലം പരിധിയിലെ ബ്ലോക്-മണ്ഡലം-ബൂത് കമിറ്റികളിലെ 19 പേര്‍ പാര്‍ടി ഭാരവാഹിത്വം രാജിവെച്ചത്.

Controversy | മുസ്ലിം ലീഗിന് പുറകെ കോണ്‍ഗ്രസിലും നേതൃത്വത്തിനെതിരെ അണികള്‍; തളിപറമ്പില്‍ കൂട്ടരാജി

മണ്ഡലം വൈസ് പ്രസിഡന്റ്ും നഗരസഭാ കൗണ്‍സിലറുമായ സിപി മനോജ്, ബ്ലോക് സെക്രടറി സിവി ഉണ്ണി, മുന്‍ പ്രസിഡന്റ് ടിവി രവി, മണ്ഡലം കമറ്റി അംഗം കെ മുഹമ്മദ് ശാജി, മണ്ഡലം സെക്രടറിമാരായ സി ചിത്രനാഥന്‍, കെ ഹരിദാസന്‍, മണ്ഡലം പ്രസിഡന്റ് അഡ്വ.സകരിയ കായക്കൂല്‍, ബൂത് ജന.സെക്രടറി വിവി രാമകൃഷ്ണന്‍, മണ്ഡലം സെക്രടറി ടി വിനോദ്, ബൂത് പ്രസിഡന്റ് കെ രവീന്ദ്രന്‍, മണ്ഡലം വൈസ് പ്രസിഡന്റ് എ റശീദാമ്മ, മണ്ഡലം ട്രഷറര്‍ നൗശാദ് ഇല്യംസ്, വൈസ് പ്രസിഡന്റ് എസ് ഇര്‍ശാദ്, 80-ാം നമ്പര്‍ ബൂത് പ്രസിഡന്റ് അബ്ദുല്ല, 81-ാം നമ്പര്‍ ബൂത് പ്രസിഡന്റ് അബ്ദുല്‍ വാഹിദ്, മണ്ഡലം കമിറ്റി അംഗം അസീന്‍, ബൂത് പ്രസിഡന്റുമാരായ കായക്കൂല്‍ ഹംസ, സി പ്രസാദ് എന്നിവരാണ് രാജിവെച്ചത്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിനായി ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ ശക്തമാക്കിയത്.

Keywords:  Taliparamba: After Muslim League, Congress also ranks against leadership: Mass resignation, Kannur, News, Politics, Congress, Muslim-League, Resignation, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia