Swetha Menon | ആ ശ്വേത ഞാനല്ല, ബാങ്ക് തട്ടിപ്പിനിരയായിട്ടുമില്ല; വെളിപ്പെടുത്തലുമായി നടി ശ്വേത മേനോന്‍

 


കോട്ടയം: (www.kvartha.com) ബാങ്ക് തട്ടിപ്പിനിരയായതായുള്ള മാധ്യമ വാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി നടി ശ്വേത മേനോന്‍. നടി ശ്വേത മേനോന്‍ ബാങ്ക് തട്ടിപ്പിനിരയായെന്നും അവര്‍ക്ക് ഇതിലൂടെ 57,636 രൂപ നഷ്ടമായെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. തുടര്‍ന്നാണ് താരം വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

'വാര്‍ത്തകളില്‍ പറഞ്ഞിരിക്കുന്ന ശ്വേത ഞാനല്ല. കഴിഞ്ഞ ദിവസം മുതല്‍ ഇതേ കാര്യം തിരക്കി ഒരുപാട് കോളുകളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. തട്ടിപ്പിനിരയായത് ഏതോ ടെലിവിഷന്‍
ആര്‍ടിസ്റ്റാണെന്ന് തോന്നുന്നു. പേരിലുള്ള സാമ്യമാകാം തെറ്റിദ്ധാരണയ്ക്ക് കാരമായതെന്നും' ശ്വേത പറഞ്ഞു.

മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാല്‍പതോളം ഇടപാടുകാര്‍ക്ക് മൂന്നു ദിവസത്തിനുള്ളില്‍ അവരവരുടെ അകൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ നഷ്ടമായെന്നും അതില്‍ നടി ശ്വേത മേനോനും ഉള്‍പ്പെടുന്നുവെന്നു കാട്ടിയാണ് ഫോടോ ഉള്‍പ്പെടെ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.

ലഭിച്ച സന്ദേശത്തിലെ ഒരു ലിങ്കില്‍ ക്ലിക് ചെയ്തതോടെയാണ് അകൗണ്ടില്‍നിന്ന് പലര്‍ക്കും ലക്ഷങ്ങള്‍ ചോര്‍ന്നതെന്നായിരുന്നു റിപോര്‍ട്. ശ്വേത മേമന്‍ എന്നു പേരുളള ടിവി താരമാണ് തട്ടിപ്പിനിരയായത്. പേരിലെ സാദൃശ്യമാണ് നടി ശ്വേത മേനോന്റെ പേര് വാര്‍ത്തകളില്‍ ഉള്‍പ്പെടാന്‍ ഇടയാക്കിയതെന്നാണ് വിവരം.

Swetha Menon | ആ ശ്വേത ഞാനല്ല, ബാങ്ക് തട്ടിപ്പിനിരയായിട്ടുമില്ല; വെളിപ്പെടുത്തലുമായി നടി ശ്വേത മേനോന്‍

കെവൈസി, പാന്‍ വിവരങ്ങള്‍ പുതുക്കണം എന്നാവശ്യപ്പെടുന്ന വ്യാജ സന്ദേശമാണു ലഭിച്ചതെന്ന് പണം നഷ്ടപ്പെട്ട ശേഷമാണു തട്ടിപ്പിനിരയായവരില്‍ പലരും അറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് രഹസ്യവിവരങ്ങള്‍ ആവശ്യപ്പെടുന്ന ഇത്തരം ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക് ചെയ്യരുതെന്ന് മുംബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി.

കെവൈസി, പാന്‍ വിവരങ്ങള്‍ പുതുക്കാത്തതിനാല്‍ ബാങ്ക് അകൗണ്ട് ബ്ലോക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപാടുകാര്‍ക്ക് തട്ടിപ്പുകാര്‍ സന്ദേശം അയച്ചത്. ഈ ലിങ്കുകളില്‍ ക്ലിക് ചെയ്തപ്പോള്‍ അവരവരുടെ ബാങ്കുകളുടേതിനു സമാനമായ വ്യാജ വെബ്സൈറ്റിലാണ് എത്തിയത്. ഇവിടെ കസ്റ്റമര്‍ ഐഡി, പാസ്വേഡ്, മറ്റ് സ്വകാര്യ വിവരങ്ങള്‍ എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതു നല്‍കിയതിനു പിന്നാലെയാണ് നാല്‍പതോളം ഇടപാടുകാരുടെ അകൗണ്ടില്‍നിന്നു ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത്.

Keywords:  Swetha Menon reacts, online bank fraud, Kottayam, News, Cheating,Media, Report, Actress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia