കൊച്ചി: (www.kvartha.com) ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചിയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് തുടങ്ങി. തീപ്പിടിത്തത്തിനിരയായ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് തന്നെയാണ് കഴിഞ്ഞദിവസവും മാലിന്യങ്ങള്‍ എത്തിച്ചത്. കൊച്ചി നഗരത്തില്‍ നിന്നുള്ള മാലിന്യവുമായി ലോറികള്‍ വെള്ളിയാഴ്ച രാത്രി പ്ലാന്റില്‍ എത്തി.
എന്നാല്‍ മാലിന്യ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. പൊലീസിന്റെ അകമ്പടിയോടെ ലോറികള്‍ കടത്തിവിട്ടു. പ്ലാന്റില്‍ തീപ്പിടിക്കാത്ത മറ്റു സ്ഥലത്താണ് ലോറികളിലെ മാലിന്യം നിക്ഷേപിച്ചത്.
ബ്രഹ്മപുരത്തെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന മാലിന്യശേഖരണം ഹൈകോടതിയുടെ നിര്‍ദേശത്തോടെ വെള്ളിയാഴ്ച പുനരാരംഭിച്ചിരുന്നു. തീപ്പിടിത്തം ഉണ്ടായശേഷം ആദ്യമായി വെള്ളിയാഴ്ച പുലര്‍ചെ 40 ലോഡ് ജൈവ മാലിന്യം സംസ്‌കരണത്തിനായി പൊലീസ് അകമ്പടിയോടെ ബ്രഹ്മപുരം പ്ലാന്റില്‍ എത്തിച്ചിരുന്നു.
തീ 80% അണച്ചതായി പ്ലാന്റ് സന്ദര്‍ശിച്ച മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ് എന്നിവര്‍ പറഞ്ഞു. വീടുകളില്‍ ഏപ്രില്‍ 10 നകം ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കുമെന്ന് മന്ത്രിമാരായ എം ബി രാജേഷും പി രാജീവും പറഞ്ഞു. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തദ്ദേശ സ്ഥാപനങ്ങളെ മാലിന്യ മുക്തമായി പ്രഖ്യാപിക്കും. പൊതു സ്ഥലങ്ങളിലെ മാലിന്യം നീക്കാന്‍ മേയ് ഒന്നു മുതല്‍ 10 വരെ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
അതേസമയം, അഗ്‌നിബാധയ്ക്ക് ഒന്‍പതാം ദിവസം നേരിയ ശമനമുണ്ടായി. പുകയും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വെള്ളിയാഴ്ച വൈകിട്ടും അങ്ങിങ്ങായി അഗ്‌നിനാളങ്ങള്‍ ഉയര്‍ന്നു. മാലിന്യത്തില്‍ ആറ് അടി ആഴത്തില്‍ വരെ തീയുണ്ട്. പുക പൂര്‍ണമായും ശമിപ്പിക്കാനുള്ള നീക്കം ശനിയാഴ്ചയും തുടരും. ഹിറ്റാചികളുടെ സഹായത്തോടെ പുകയൊതുക്കാനുള്ള ജോലികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 31 വരെ കൊച്ചിയില്‍ പ്രത്യേക കര്‍മപരിപാടി നടത്തുമെന്ന് സര്‍കാര്‍ വ്യത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. അജൈവ മാലിന്യം വാതില്‍പ്പടി ശേഖരണം നടത്തി സംസ്‌കരിക്കാനാണ് തീരുമാനം.
Keywords: News, Kerala, State, Top-Headlines, Latest-News, Trending, Police, Waste Dumb, Ministers, Protest in front of Brahmapuram solid waste disposal plant