Follow KVARTHA on Google news Follow Us!
ad

K phone | കെ ഫോണ്‍ പദ്ധതിക്ക് പ്രൊപ്രൈറ്റര്‍ മോഡല്‍; കേരള സ്‌പെയ്‌സ് പാര്‍കിന്റെ ചീഫ് എക്‌സിക്യൂടീവ് ഓഫീസറായി ജി ലെവിനെ നിയമിക്കാന്‍ തീരുമാനിച്ചു

Thiruvananthapuram,News,Cabinet,Politics,Internet,Kerala,
തിരുവനന്തപുരം: (www.kvartha.com) കെ- ഫോണ്‍ പദ്ധതി മോണിറ്റൈസ് ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കുന്നതിന് നിയോഗിച്ച ഐടി സെക്രടറി കണ്‍വീനറായ ആറംഗ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചു.

മാനേജ്‌മെന്റ് ചുമതല കെ-ഫോണ്‍ ലിമിറ്റഡില്‍ നിക്ഷിപ്തമാക്കി മറ്റ് പ്രവര്‍ത്തനങ്ങള്‍ ഔട് സോഴ്‌സ് ചെയ്തുകൊണ്ടുള്ള പ്രൊപ്രൈറ്റര്‍ മോഡല്‍ കെ ഫോണ്‍ പദ്ധതിക്ക് സ്വീകരിക്കും.

സര്‍കാര്‍ ഓഫീസുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നതിന് ഒപ്റ്റികല്‍ നെറ്റ് വര്‍ക് ടെര്‍മിനല്‍ (ഒഎന്‍ടി) വരെയുള്ള പ്രവര്‍ത്തനവും പരിപാലനവും (ഓപറേഷന്‍ & മെയ്ന്റനന്‍സ്), സിസ്റ്റം ഇന്റഗ്രേറ്ററായ ബിഇഎല്‍ (ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്) മുഖേന കെ-ഫോണ്‍ ഉറപ്പുവരുത്തണം. സര്‍കാര്‍ ഓഫീസുകളില്‍ ലാന്‍ (LAN), വൈഫൈ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഏജന്‍സികളെ എംപാനല്‍ ചെയ്തിട്ടുണ്ടെന്ന് കെ എസ് ഐ ടി ഐ എല്‍ ഉറപ്പു വരുത്തണം.

ഇന്റര്‍നെറ്റും ഇന്‍ട്രാനെറ്റും ലഭ്യമാക്കുന്നതിന് എല്ലാ സര്‍കാര്‍ ഓഫീസുകളോടും വെവ്വേറെ ബിലുകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടുന്നതിനു പകരം, സര്‍കാര്‍ കെ-ഫോണ്‍ ലിമിറ്റഡിന് മൊത്തമായോ ത്രൈമാസ തവണകളായോ പേയ്‌മെന്റായി തുക നല്‍കും.

30,000 സര്‍കാര്‍ സ്ഥാപനങ്ങളുടെ ഒപ്റ്റികല്‍ നെറ്റ് വര്‍ക് ടെര്‍മിനല്‍ (ഒഎന്‍ടി) വരെയുള്ള പ്രവര്‍ത്തനവും പരിപാലനവും (ഓപറേഷന്‍ & മെയ്ന്റനന്‍സ്) മാത്രമാണ് സിസ്റ്റം ഇന്റഗ്രേറ്ററായ ബിഇഎല്‍(ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്) കൈകാര്യം ചെയ്യുന്നത്. അതില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് ഒരു മാനേജ്ഡ് സര്‍വീസ് പ്രൊവൈഡറിന്റെ (എം എസ് പി) വൈദഗ്ധ്യം ആവശ്യമാണ്. ആതിനാല്‍, കെ-ഫോണ്‍ ലിമിറ്റഡിന്റെ സാങ്കേതികവും വാണിജ്യപരവുമായ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി, ടെന്‍ഡര്‍ പ്രക്രിയയിലൂടെ, ഒരു മാനേജ്ഡ് സര്‍വീസ് പ്രൊവൈഡറെ (എം എസ് പി)തിരഞ്ഞെടുക്കും.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയുടെ ടെന്‍ഡര്‍ കാലാവധി അഞ്ച് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിനുള്ള സാധ്യത ടെന്‍ഡര്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കും.

സാങ്കേതിക നവീകരണം, സുരക്ഷ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ സാങ്കേതിക വിഷയങ്ങളിലും കെ-ഫോണ്‍ ബോര്‍ഡിന് ഉപദേശം നല്‍കുന്നതിനായി ഡിപാര്‍ട്‌മെന്റ് ഓഫ് ടെലികമ്യൂണികേഷന്‍സില്‍ നിന്നുള്ള അംഗത്തെ കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള ടെക്‌നിക്കല്‍ കമിറ്റിയെ ശാക്തീകരിക്കും.

കെ - ഫോണ്‍ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ നേടുന്ന രീതിയിലായിരിക്കണം പ്രവര്‍ത്തനം നിര്‍വഹിക്കേണ്ടതെന്നും തീരുമാനിച്ചു.

നിയമനം


കേരള സ്‌പെയ്‌സ് പാര്‍കിന്റെ ചീഫ് എക്‌സിക്യൂടീവ് ഓഫീസറായി ജി ലെവിനെ നിയമിക്കാന്‍ തീരുമാനിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.

ഗവ. പ്ലീഡര്‍


തൃശ്ശൂര്‍ ജില്ലാ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂടറായി കെ ബി സുനില്‍ കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു.

മുന്‍കാല പ്രാബല്യം

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമികല്‍സ് ലിമിറ്റഡിലെ ഓഫീസര്‍ കാറ്റഗറിയില്‍പ്പെട്ട ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പള പരിഷ്‌കരണ പ്രകാരമുളള അലവന്‍സുകള്‍ക്ക് 01-04-2017 മുതല്‍ പ്രാബല്യം നല്‍കാന്‍ തീരുമാനിച്ചു.

സിഡിറ്റിലെ അഞ്ച് ശാസ്ത്ര വിഭാഗങ്ങളില്‍പ്പെടുന്ന സി എസ് ഐ ആര്‍ സ്‌കെയിലില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് എഴാം ശമ്പള പരിഷ്‌ക്കരണത്തിന്റെ ഭാഗമായുള്ള കൗണ്‍സില്‍ ഓഫ് സൈന്റിഫിക് ആന്‍ഡ് ഇന്റസ്ട്രിയല്‍ റിസര്‍ച് ( സി എസ് ഐ ആര്‍) സ്‌കെയിലുകള്‍ നിബന്ധനകളോടെ അനുവദിക്കാന്‍ തീരുമാനിച്ചു. പുതുക്കിയ ശമ്പള സ്‌കെയിലുകള്‍ക്ക് 2016 ജനുവരി ഒന്ന് മുതല്‍ പ്രാബല്യം ഉണ്ടാകും.

കാലാവധി ദീര്‍ഘിപ്പിച്ചു

കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റികല്‍ കമീഷന്റെ കാലാവധി 14-03-2023 മുതല്‍ 13-03-2024 വരെ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.

തസ്തിക


കേരള സ്റ്റേറ്റ് ആലൈഡ് ആന്‍ഡ് ഹെല്‍ത് കെയര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ 2023 അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിപ്പിക്കാന്‍ തീരുമാനിച്ചു. കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒമ്പത് തസ്തികകള്‍ സൃഷ്ടിക്കും.

കൊല്ലം തലവൂര്‍ ദേവി വിലാസം ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ കൊമേഴ്‌സ് ബാചിന് എച് എസ് എസ് ടി ജൂനിയറിന്റെ ഒരു തസ്തികയും, എച് എസ് എസ് ടി-യുടെ മൂന്ന് തസ്തികകളും സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ധനസഹായം സ്വീകരിക്കുന്നതിന് അംഗീകാരം

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് കീഴില്‍ റെസിലിയന്റ് കേരള പ്രോഗ്രാം ഫലപ്രാപ്തിയധിഷ്ഠിത (Resilient Kerala Programme for Results) വായ്പാ പദ്ധതിയുടെ ഭാഗമായി ലോകബാങ്കില്‍ നിന്നും 150 ദശലക്ഷം ഡോളര്‍ അധിക ധനസഹായം സ്വീകരിക്കുന്നതിന് അംഗീകാരം നല്‍കി.

വായ്പ സ്വീകരിക്കുന്നത് സംബന്ധിച്ച് പരസ്പരാലോചനകള്‍ നടത്തുക, സംസ്ഥാന സര്‍ക്കാരിനു വേണ്ടി പ്രോഗ്രാം കരാറില്‍ ഒപ്പു വയ്ക്കുക എന്നിവ ഉള്‍പ്പെടെയുള്ള അനന്തര നടപടികള്‍ സ്വീകരിക്കുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി & സി.ഇ.ഒ, ആര്‍.കെ.ഐയെ ചുമതലപ്പെടുത്തും.

Proprietor model for K phone project, Thiruvananthapuram, News, Cabinet, Politics, Internet, Kerala


കരട് അംഗീകരിച്ചു


1971 ലെ കേരള സ്വകാര്യ വനങ്ങള്‍ ( നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും) നിയമം ഭേദഗതി ചെയ്യുന്നതിന് തയാറാക്കിയ 2023 ലെ കേരള സ്വകാര്യ വനങ്ങള്‍ ( നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും) ഭേദഗതി ബിലിന്റെ കരട് അംഗീകരിച്ചു. ഈ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.

Keywords: Proprietor model for K phone project, Thiruvananthapuram, News, Cabinet, Politics, Internet, Kerala.

Post a Comment