Follow KVARTHA on Google news Follow Us!
ad

Pinarayi Vijayan | 'വ്യാജ വീഡിയോ നിര്‍മാണവും സംപ്രേക്ഷണവും മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ല'; നിയമസഭയില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി; വ്യാജ റിപോര്‍ടുകള്‍ നല്‍കുന്നവര്‍ക്ക് സ്വദേശാഭിമാനിയുടെ പേര് ഉച്ചരിക്കാന്‍ പോലും അവകാശമില്ലെന്ന് വിമര്‍ശനം

Pinarayi Vijayan about action against Asianet, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) വ്യാജ വീഡിയോ നിര്‍മാണവും സംപ്രേക്ഷണവും മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവളറിയാതെ അതില്‍ പെടുത്തുക കൂടി ചെയ്തിട്ട് മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറയുന്നത് ധീരമായ പത്രപ്രവര്‍ത്തനമല്ല. ഇത്തരം ദുഷിപ്പുകള്‍ മാധ്യമരംഗത്ത് ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷം പേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോടീസിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
              
Latest-News, Kerala, Thiruvananthapuram, Top-Headlines, Pinarayi-Vijayan, Chief Minister, Journalists, Media, Fake, Asianet, Controversy, Investigates, Crime, Pinarayi Vijayan about action against Asianet.

മാധ്യമസ്വാതന്ത്ര്യത്തിന്റെ വിഷയമേ ഈ പ്രശ്നത്തില്‍ ഉള്‍പെട്ടിട്ടില്ല. ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായി നടപടി എടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴില്‍ എന്താണ് എന്നതു നോക്കിയല്ല. അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിബിസി റെയ്ഡുമായി ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ പൊലീസ് പരിശോധനയെ താര്യതമ്യപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിബിസിക്കെതിരായ നടപടി ഒരു ഭരണാധികാരിയുടെ വര്‍ഗീയ കലാപത്തിലെ പങ്ക് വെളിച്ചത്തു കൊണ്ടുവന്നതിനായിരുന്നു. ഇവിടുണ്ടായ വ്യാജ വീഡിയോ നിര്‍മാണമോ അത് ഏതെങ്കിലും സര്‍കാരിനോ ഭരണാധികാരിക്കോ എതിരെയുള്ള തുറന്നു കാട്ടലല്ല. അതില്‍ അധികാരത്തിലുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും വിരോധം തോന്നേണ്ട കാര്യമില്ല. ഇവിടെ പ്രതികാര നടപടി എന്നോ വൈരനിര്യാതന നടപടി എന്നോ ഒന്നും പറഞ്ഞാല്‍ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു വ്യക്തി ഒരു സംഭവത്തിന്റെ കാര്യത്തില്‍ പരാതിയുമായി വരുന്നു. അത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അങ്ങനെ ഒരു പരാതി വന്നാല്‍ പൊലീസ് എന്തു ചെയ്യണം ഇത് മാധ്യമവുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ് കീറി കൊട്ടയിലിടണോ അതാണോ നിയമവ്യവസ്ഥ പ്രതിപക്ഷമായിരുന്നു ഗവണ്‍മെന്റിലെങ്കില്‍ അതാണോ ചെയ്യുക. സര്‍കാരിനെതിരായ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ പ്രതികാര നടപടികള്‍ ഉണ്ടായിട്ടുണ്ട്. അത് ഇവിടെയല്ല. ദ വയര്‍, ന്യൂസ് ചെക് എന്നിവയ്ക്കെതിരെ, അദാനി ഗ്രൂപ് ഏറ്റെടുക്കുന്നതിനു മുമ്പുളള എന്‍ഡിടിവിക്കെതിരെ. ആ നടപടികള്‍ ഒന്നും വാര്‍ത്തേതര കാര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല. സര്‍കാരിനെതിരെ വാര്‍ത്ത കൊടുത്തതിനായിരുന്നു. അന്നൊന്നും ഈ പ്രതിഷേധക്കാരെയൊന്നും കണ്ടില്ല.

കുറ്റകൃത്യം ചെയ്യുന്നതു മാധ്യമ പ്രവര്‍ത്തകരാണെങ്കില്‍ നടപടി വേണ്ട എന്നു പറയുന്നതല്ല നമ്മുടെ ഐപിസിയും സിആര്‍പിസിയും. മാധ്യമ പ്രവര്‍ത്തകര്‍ എന്നും അല്ലാത്തവര്‍ എന്നും പൗരജനങ്ങളെ ഭരണഘടന രണ്ടായി വേര്‍തിരിച്ചു കാണുന്നുമില്ല. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ പ്രവര്‍ത്തനത്തിന് എല്ലാ പരിരക്ഷയും ഉണ്ടാവും. ഈ സര്‍കാരിനെതിരെ എന്തെല്ലാം വിമര്‍ശനങ്ങള്‍ എഴുതി എന്തെല്ലാം വിളിച്ചു പറഞ്ഞു വല്ല നടപടിയും ഉണ്ടായോ പകപോക്കലുണ്ടായോ ഇല്ല. പക്ഷെ, അതുപോലല്ല ഈ പ്രമേയത്തിന് അടിസ്ഥാനമായ കുറ്റകൃത്യം. ഈശ്വരന്‍ തെറ്റു ചെയ്താല്‍ അതും താന്‍ റിപോര്‍ട് ചെയ്യും എന്നാണു സ്വദേശാഭിമാനി പറഞ്ഞത്. വ്യാജ റിപോര്‍ടുകള്‍ നല്‍കുന്നവര്‍ക്ക് ആ പേര് ഉച്ചരിക്കാന്‍ പോലും അവകാശമില്ല. പെണ്‍കുട്ടികളെ ദുരുപയോഗിച്ചു വ്യാജം സൃഷ്ടിക്കുന്നവര്‍ ഉണ്ടാവുമെന്ന് സ്വപ്നത്തില്‍പോലും സ്വദേശാഭിമാനി കരുതിയിട്ടുണ്ടാവില്ല.

അക്രമം ഉണ്ടായിട്ടില്ലെന്നും സമാധാനപരമായ പ്രതിഷേധ പ്രകടനമേ ഉണ്ടായിട്ടുള്ളു എന്നുമാണ് വ്യാജ വീഡിയോ നിര്‍മിച്ചതായ പരാതി നേരിടുന്ന ചാനലിലെ വിഷ്വലില്‍ നിന്നുപോലും വ്യക്തമാവുന്നത്. അതേസമയം, പരാതിക്കു മേല്‍ നടപടി ഉണ്ടായിട്ടുമുണ്ട്. മാധ്യമ സ്വാതന്ത്ര്യമെന്നത് അസത്യം അറിയിക്കാനുള്ള സ്വാതന്ത്യമല്ല, മറിച്ച് വായനക്കാരന്റെ സത്യം അറിയാനുള്ള സ്വാതന്ത്ര്യമാണ്. അതു സര്‍കാര്‍ പരിരക്ഷിക്കും. മാധ്യമ സ്വാതന്ത്ര്യത്തില്‍ നിന്നു ധാര്‍മികത ചോര്‍ത്തിക്കളയുന്നതിനെതിരെയാണ് സ്വാഭാവികമായും ഉല്‍ക്കണ്ഠ പ്രകടിപ്പിക്കേണ്ടത്.

എതിരഭിപ്രായങ്ങള്‍ എഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നത് ഞങ്ങളുടെ രീതിയല്ല. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും രീതിയാണ്. അടിയന്തരാവസ്ഥയില്‍ നടന്ന സെന്‍സര്‍ഷിപും കുല്‍ദീപ് നയ്യാരെപ്പോലുള്ളവരുടെ അറസ്റ്റും മറക്കാനാവില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ആ വാര്‍ത്ത പുറത്തുവരുന്നത് തടയാന്‍ മാധ്യമങ്ങള്‍ക്ക് വൈദ്യുതി നിഷേധിച്ചതും മറക്കാനാവില്ല. ഏഴു വിദേശ റിപോര്‍ടര്‍മാരെ രാജ്യത്തിനു പുറത്താക്കി. 250 പത്രപ്രവര്‍ത്തകരെ ജയിലിലടച്ചു. 54 പേര്‍ക്ക് അക്രഡിറ്റേഷന്‍ നിഷേധിച്ചു. ഇത് കോണ്‍ഗ്രസ് രീതി. ഭീകരവിരുദ്ധ രീതികള്‍ വരെ പത്രക്കാര്‍ക്കെതിരെ പ്രയോഗിച്ചു.

പത്രസ്ഥാനപങ്ങളില്‍ റെയ്ഡ് നടത്തുന്നതും പത്രക്കാരെ ജയിലിലടക്കുന്നതും പത്രമാരണ നിയമങ്ങള്‍ ഉണ്ടാക്കുന്നതും പത്രങ്ങളെ തങ്ങളുടെ ചങ്ങാത്ത മുതലാളിത്ത കോര്‍പറേറ്റുകളെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതും പത്രങ്ങള്‍ക്ക് ന്യൂസ്പ്രിന്റ് ക്വാട വെട്ടിക്കുറക്കുന്നതും പരസ്യങ്ങള്‍ നിഷേധിക്കുന്നതും നിങ്ങള്‍ ഇരുകൂട്ടരുടെയും രീതി. വാര്‍ത്താ ഏജന്‍സികളെ സമാഹരിച്ച് സംഘപരിവാറിന്റെ കീഴിലാക്കുന്നതും പത്രസ്ഥാപനങ്ങള്‍ വരെ പൂട്ടിക്കുന്നതും ഒക്കെ നിങ്ങളുടെ രീതി. ഇതൊന്നും ഞങ്ങളുടേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കേണ്ട. ഞങ്ങളെന്നും, എപ്പോഴും, നാളെയും മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയിട്ടുണ്ട്. ഇനി പോരാടുകയും ചെയ്യും.

ദേശാഭിമാനി റിപോര്‍ടറെ പ്രതിപക്ഷ പത്രസമ്മേളനത്തില്‍ നിന്നും ഇറക്കിവിട്ടിട്ട് ഇവിടെ പ്രതിഷേധമൊന്നും കണ്ടില്ല. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോട് വന്ന് ചില പ്രത്യേക മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികളെ കണ്ടു. അതുമുതല്‍ ഇവിടെ ഇടതുപക്ഷ വേട്ട ചില മാധ്യമസ്ഥാപനങ്ങള്‍ ശക്തമാക്കി. മുന്‍പ് ഗുജറാതില്‍ കണ്ടതുപോലെയുള്ള വ്യാജവാര്‍ത്തകളുടെ നിര്‍മിതിയും പ്രചാരണവും. അതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല. ഇപ്പോള്‍ ഈ നോടീസിന് ആധാരമായ പ്രശ്നവും ഗവണ്‍മെന്റിനെ ബാധിക്കുന്നതല്ല. ഒരു കുറ്റകൃത്യം നടന്നു. നിയമം അതിന്റെ വഴിയേ പോകുന്നു, കുറ്റകൃത്യത്തെ മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിവേഷം അണിയിച്ച് ന്യായീകരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നു. ജനങ്ങള്‍ക്കു സത്യമറിയാം. നിയമം നിയമത്തിന്റെ വഴിക്കേ പോകൂ.

മാധ്യമ വിമര്‍ശനങ്ങള്‍ സാധാരണ നിലയില്‍ ഞങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നതാണ്. വിമര്‍ശനങ്ങള്‍ സ്വയംവിമര്‍ശനങ്ങളിലേക്കും തിരുത്തലിലേക്കും നയിക്കും എന്ന് കരുതുന്നവരാണ് ഞങ്ങള്‍. എന്നാല്‍ വിമര്‍ശനത്തിന്റെ പേരില്‍ വ്യാജ നിര്‍മിതികള്‍ ഉണ്ടായാലോ? അതിനെ തടയാന്‍ നിയമങ്ങളുണ്ട്. ആ നിയമങ്ങളെ വെല്ലുവിളിക്കരുത്. നീതി നടപ്പാക്കുന്നതിന് കൂച്ചുവിലങ്ങിടരുത്. അത്തരം ശ്രമങ്ങള്‍ ജനവിരുദ്ധമാണ് എന്നത് ഓര്‍ക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓഫീസിനുള്ളിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി, ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്ന സ്ഥാപനത്തിന്റെ പരാതിയെത്തുടര്‍ന്ന് ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 149, 447, 506 വകുപ്പുകള്‍ പ്രകാരം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും എട്ടു പ്രതികളെ അറസ്റ്റുചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുമുണ്ടെന്നും കേസിന്റെ തുടരന്വേഷണം നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോടീസ് നല്‍കിയത്.

Keywords: Latest-News, Kerala, Thiruvananthapuram, Top-Headlines, Pinarayi-Vijayan, Chief Minister, Journalists, Media, Fake, Asianet, Controversy, Investigates, Crime, Pinarayi Vijayan about action against Asianet.
< !- START disable copy paste -->

Post a Comment