കോട്ടയം: (www.kvartha.com) പഴയിടത്ത് ദമ്പതികളെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പഴയിടം ചൂരപ്പാടി അരുണ്‍ ശശിക്ക് (39) വധശിക്ഷ വിധിച്ച് കോടതി. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി (2) ജഡ്ജി ജെ നാസറാണ് വിധി പറഞ്ഞത്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
സംരക്ഷിക്കേണ്ടയാള്‍തന്നെ ക്രൂരമായ കൊലപാതകം നടത്തിയെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
2013 ലാണ് ക്രൂരമായ ഇരട്ട കൊലപാതകം നടന്നത്. ഓഗസ്റ്റ് 28 നാണ് ചിറക്കടവ് പഞ്ചായതിലെ പഴയിടത്ത് റിട. പിഡബ്ല്യുഡി സൂപ്രണ്ട് പഴയിടം തീമ്പനാല്‍ (ചൂരപ്പാടിയില്‍) എന്‍ ഭാസ്‌കരന്‍ നായര്‍ (75), ഭാര്യ റിട. കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പഴയിടം ഷാപിന്റെ എതിര്‍വശത്തുള്ള ഇരുനില വീടിന്റെ താഴത്തെ നിലയില്‍ കോണിപ്പടിയുടെ സമീപത്താണ് ദമ്പതികളുടെ മൃതദേഹങ്ങള്‍ കിടന്നിരുന്നത്. തലയ്ക്ക് പിന്നില്‍ ചുറ്റികകൊണ്ട് അടിച്ചതിനുശേഷം തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
സംഭവദിവസം രാത്രി എട്ടോടെ വീട്ടിലെത്തിയ അരുണ്‍ ടിവി കാണുകയായിരുന്ന ഭാസ്‌കരന്‍ നായരെയാണ് ആദ്യം കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് മുകളിലത്തെ നിലയില്‍ നിന്നിറങ്ങി വന്ന തങ്കമ്മയെയും കൊലപ്പെടുത്തി. എറണാകുളം റേഞ്ച് ഐജിയായിരുന്ന പത്മകുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രതിക്കായി അന്വേഷണം നടക്കുന്നതിനിടെ കോട്ടയം കഞ്ഞിക്കുഴിയില്‍ മാല മോഷണക്കേസില്‍ അരുണ്‍ പൊലീസിന്റെ പിടിയിലായി. ചോദ്യം ചെയ്യലിലാണ് പഴയിടം കേസിന്റെ ചുരുളഴിഞ്ഞത്.
തങ്കമ്മയുടെ സഹോദരപുത്രനാണ് പ്രതിയായ അരുണ്‍. കാര്‍ വാങ്ങാന്‍ പണം കണ്ടെത്താനാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.
വിചാരണയ്ക്കിടെ ഒളിവില്‍ പോയ അരുണ്‍ ഷോപിങ് മാളില്‍ നടന്ന മോഷണത്തില്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയിലായി. അവിടെ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെ പ്രത്യേക വാറന്റ് നല്‍കിയാണ് പ്രതിയെ കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി രണ്ടില്‍ എത്തിച്ചത്.
Keywords: News, Kerala, State, Kottayam, Crime, Case, Murder case, Accused, Court, Court Order, Punishment, Fine, Pazhayidam twin murder case; Culprit gets death sentance