പഴയങ്ങാടി: (www.kvartha.com) ജൈവ സങ്കേതമായ മാടായിപ്പാറയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പെടെയുളളവര്‍ക്ക് കഞ്ചാവ് വിറ്റിരുന്ന രണ്ട് യുവാക്കളെ പിടികൂടിയതായി എക്സൈസ്. വില്‍പനയ്ക്കിടെ കഞ്ചാവ് പൊതികളുമായി പഴയങ്ങാടി സ്വദേശികളായ കെ വി സുജേഷ് (34), കെ വി റിയാസ് (37) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
പാപ്പിനിശേരി അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് തൂണോളിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കഞ്ചാവ് പൊതികളുമായി മാടായി വെങ്ങര പ്രദേശത്ത് അസ്വാഭാവികമായ സാഹചര്യത്തില്‍ നില്‍ക്കുകയായിരുന്ന യുവാക്കളെ എക്സൈസ് പിന്‍തുടര്‍ന്ന് സാഹസികമായി കീഴടക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാടായിപ്പാറ കേന്ദ്രീകരിച്ച് കഞ്ചാവ് ഉള്‍പെടെയുളളവ വില്‍പന നടത്തിവരികയായിരുന്നു ഇവരെന്ന് എക്സൈസ് അറിയിച്ചു. നേരത്തെ ഇവരെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്നും ഈ പശ്ചാത്തലത്തിലാണ് ദിവസങ്ങളുടെ നിരീക്ഷണത്തിനൊടുവില്‍ പ്രതികളെ പിടികൂടിയതെന്നും ഇതിന് മുന്‍പും പ്രതികള്‍ക്കെതിരെ കഞ്ചാവ് വില്‍പന നടത്തിയതിന് കേസെടുത്തിരുന്നതായും എക്സൈസ് അറിയിച്ചു.
അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് എം കെ, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) ശ്രീകുമാര്‍ വി പി, സിവില്‍ എക്സൈസ് ഓഫീസര്‍ രജി രാഗ് പി പി, ഷിബു ഒ വി എന്നിവരുമുണ്ടായിരുന്നു.
Keywords: News, Kerala, State, Local-News, Arrested, Drugs, Seized, Accused, Crime, Pazhayangadi: 2 youths arrested by Excise with ganja