Screened | മയക്കുമരുന്ന് ലഹരിക്കെതിരെ ഹ്രസ്വചിത്രവുമായി കണ്ണൂര്‍ കോര്‍പറേഷന്‍; 'ഔട്ട് ഓഫ് സിലബസ്' ആദ്യപ്രദര്‍ശനം നടത്തി

 



കണ്ണൂര്‍: (www.kvartha.com) ലഹരിക്കെതിരെയുള്ള പ്രചരണാര്‍ഥം കണ്ണൂര്‍ മുനിസിപല്‍ കോര്‍പറേഷന്‍ നിര്‍മിച്ച ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍വെച്ച് മേയര്‍ അഡ്വ. ടി ഒ മോഹനന്റെ അധ്യക്ഷതയില്‍ ടി പത്മനാഭന്‍ ആദ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ലഹരിക്കെതിരായ ഈ ഉദ്യമത്തിലൂടെ കണ്ണൂര്‍ കോര്‍പറേഷന്‍ മറ്റ് തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുകയാണെന്ന് ഹ്രസ്വചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് ടി പത്മനാഭന്‍ പറഞ്ഞു. 

സര്‍കാര്‍ പോലും ഇത്തരം ഒരു ഉദ്യമം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. എന്റെ തലമുറയില്‍പെട്ട പല സാഹിത്യകാരന്മാരും ലഹരി ഉപയോഗിക്കുന്നവരായിരുന്നു. എന്റെ ചെറുപ്പത്തില്‍ കള്ള് പോലുള്ള ലഹരി പാനീയങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് എം ഡി എം എ പോലുള്ള മാരക വിഷമാണ് ഉപയോഗിക്കുന്നത്.

നമ്മുടെ വിദ്യാര്‍ഥികള്‍ ഇതിന്റെ ഉപഭോക്താക്കള്‍ മാത്രമല്ല വാഹകരും പ്രചാരകരുമായും പ്രവര്‍ത്തിക്കുന്നു എന്നത് ഏറ്റവും ഖേദകരമായ സത്യമാണ്. ഇതിന്റെ വേരുകള്‍ നാം വിചാരിക്കാത്ത ദിശകളിലേക്കും വ്യാപിച്ചു എന്നിടത്താണ് ഇത്തരം സിനിമകളുടെ പ്രസക്തി എന്നും അദ്ദേഹം പറഞ്ഞു.

'ഔട്ട് ഓഫ് സിലബസ്' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജലീല്‍ ബാദുശ ആണ്. കര്‍ത്തവ്യവും കടമയും മറന്നുപോകുന്ന സമൂഹത്തിന് പ്രത്യേകിച്ച് വിദ്യാര്‍ഥി സമൂഹത്തിന് നല്‍കുന്ന ജാഗ്രതാ നിര്‍ദേശവും സുരക്ഷിത ബോധവും ആണ് ഔട്ട് ഓഫ് സിലബസിലൂടെ സംവിധായകന്‍ ബാദുശ പറയുന്നത്. 

ജീവിതയാത്രയില്‍ കാലിടറിപ്പോകരുതെന്ന് പലരും ആവര്‍ത്തിച്ച് പറയുന്നിടത്ത് മനോഹരമായ ദൃശ്യവിരുന്നോടെയാണ് സിനിമാ ക്യാമറാമാന്‍ കൂടിയായ സംവിധായകന്‍ ജലീല്‍ ബാദുശ ഔട്ട് ഓഫ് സിലബസ് ഒരുക്കിയിരിക്കുന്നത്. 

Screened | മയക്കുമരുന്ന് ലഹരിക്കെതിരെ ഹ്രസ്വചിത്രവുമായി കണ്ണൂര്‍ കോര്‍പറേഷന്‍; 'ഔട്ട് ഓഫ് സിലബസ്' ആദ്യപ്രദര്‍ശനം നടത്തി


കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ സി കെ സുജിത്തിന്റെ കഥയ്ക്ക് അനിലേഷ് ആര്‍ഷ തിരക്കഥ എഴുതി കണ്ണൂര്‍ കോര്‍പറേഷനാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചടങ്ങില്‍ ഡെപ്യൂടി മേയര്‍ കെ ഷബീന ടീചര്‍ സ്വാഗതം പറഞ്ഞു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരസമര്‍പണം പ്രശസ്ത സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍ നിര്‍വഹിച്ചു.

ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേകരന്‍ ഐ എ എസ്, സിറ്റി പൊലീസ് കമീഷനര്‍ അജിത് കുമാര്‍ ഐ പി എസ്, ഡെപ്യൂടി എക്സൈസ് കമീഷമനര്‍ കെ പ്രേം കൃഷ്ണ, സംവിധായകന്‍ ജലീല്‍ ബാദുശ തുടങ്ങിയവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു.

കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വ. പി ഇന്ദിര, സുരേഷ് ബാബു എളയാവൂര്‍, കണ്ണൂര്‍ ദസറ സംഘാടക സമിതി ജെനറല്‍ കന്‍വീനര്‍ കെ സി രാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് തളിര്‍ ഇവന്‍ഡ്സ് അവതരിപ്പിച്ച സംഗീതനിശയും അരങ്ങേറി.

Keywords:  News, Kerala, State, Kannur, Cinema, Drugs, Entertainment, Top-Headlines, Police, IPS Officer, District Collector, 'Out of Syllabus' screened by Kannur Corporation 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia