തിരുവനന്തപുരം: (www.kvartha.com) നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധ സമരത്തിനിടെ നാടകീയ രംഗങ്ങള്‍. അസാധാരണ പ്രതിഷേധ സമരവുമായെത്തിയ പ്രതിപക്ഷം സ്പീകറുടെ ഓഫിസിന് മുന്നില്‍ കുത്തിയിരുന്നു. തുടര്‍ച്ചയായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീകര്‍ എ എന്‍ ശംസീറിന്റെ ഓഫിസ് ഉപരോധിച്ചത്.
പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ വലിച്ചിഴച്ച് നീക്കാന്‍ ശ്രമം നടന്നു. വാച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തിനിടെ ടി ജെ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ കുഴഞ്ഞു വീണു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാച് ആന്‍ഡ് വാര്‍ഡ് അംഗത്തിനും ദേഹാസ്വാസ്ഥ്യമുണ്ടായി.
സ്പീകറെ ഓഫിസിലേക്ക് കയറ്റാനായി ഭരണപക്ഷ എംഎല്‍എമാരും രംഗത്തെത്തിയതോടെ സംഘര്‍ഷമായി. ഭരണപ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തിനിടെ സ്പീകര്‍ ഓഫിസിലേക്ക് കയറി. ഇതിനിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം തിരുവഞ്ചൂരിനെ വാച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു.
അതേസമയം, സ്പീകറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തില്‍ നാല് എംഎല്‍എമാര്‍ക്ക് പരുക്കേറ്റതായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ പറഞ്ഞു. സഭയിലെ മുതിര്‍ന്ന എംഎല്‍എ മാരിലൊരാളായയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് ഡെപ്യൂടി ചീഫ് മാര്‍ഷല്‍ ആദ്യം ആക്രമിച്ചതെന്നും അതിന്റെ കൂടെ ഭരണകക്ഷിയിലെ എംഎല്‍എമാര്‍ മന്ത്രിമാരുടെ സ്റ്റാഫ് ഇവരെല്ലാവരും ചേര്‍ന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാലു പേര്‍ക്കാണ് പരുക്കേറ്റത്. സനീഷ് കുമാര്‍ എഎല്‍എ, എ കെ എം അശ്‌റഫ്, ടി വി ഇബ്രാഹിം, കെ കെ രമ എന്നിവര്‍ക്കാണ് ആക്രമണമേറ്റത്.
സനീഷ് കുമാര്‍ ബോധരഹിതനായി വീണതിന് ശേഷമാണ് ആശുപത്രിയിലേക്ക് പോയത്. ബാക്കിയുള്ള മൂന്ന് എംഎല്‍എമാര്‍ക്കും പരുക്കേറ്റു. എന്തിന് വേണ്ടിയാണ്, ഇവര്‍ ആരോടാണ് അസംബ്ലിക്ക് അകത്തും പുറത്തും ധിക്കാരം കാണിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. നിയമസഭ കൂടുമ്പോള്‍ അവര്‍ക്കിഷ്ടമുളള കാര്യങ്ങള്‍ പറയാന്‍ വേണ്ടി മാത്രമാണോ ഞങ്ങള്‍ വരുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളിലാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സ്പീകറും പ്രതിപക്ഷവും തമ്മില്‍ ഏറെ നാളായി അഭിപ്രായ വ്യത്യാസമുണ്ട്. പ്രതിപക്ഷ അംഗങ്ങള്‍ ചെറിയ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്നും അവര്‍ തോല്‍ക്കുമെന്നും സ്പീകര്‍ കഴിഞ്ഞദിവസം പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രസ്താവനയിലുള്ള അതൃപ്തി പ്രതിപക്ഷം നേരിട്ട് സ്പീകറെ അറിയിച്ചു. മുഖ്യമന്ത്രിയെ ഭയന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോടിസിന് അവതരണാനുമതി നിഷേധിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
Keywords: News, Kerala, State, Thiruvananthapuram, MLA, Assembly, Top-Headlines, Latest-News, Trending, Politics, Political party, party, Opposition leader, Opposition Protest Infront of Speaker Office at Assembly