PDT Achary | രാഹുല്‍ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ ലോക്‌സഭ സെക്രടേറിയറ്റിന്റെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്ന് ഭരണഘടനാ വിദഗ്ധര്‍; സിറ്റിങ് എം പിയെ അയോഗ്യനാക്കാനുള്ള അധികാരം രാഷ്ട്രപതിക്ക്

 


ന്യൂഡെല്‍ഹി: (www.kvartha.com) സൂറത് കോടതി വിധിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ ലോക്‌സഭ സെക്രടേറിയറ്റിന്റെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്ന് വ്യക്തമാക്കി ഭരണഘടനാ വിദഗ്ധര്‍. ഭരണഘടനയുടെ ആര്‍ടികിള്‍ 103 പ്രകാരം സിറ്റിങ് എംപിയെ അയോഗ്യനാക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് ലോക്‌സഭ മുന്‍ സെക്രടറി ജെനറല്‍ പിഡിടി ആചാരി വ്യക്തമാക്കി.

കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്റെ ഉപദേശ പ്രകാരമാണ് രാഷ്ട്രപതി അയോഗ്യത പ്രഖ്യാപിക്കേണ്ടതെന്നും തുടര്‍ന്ന് മാത്രമേ അയോഗ്യനാക്കപ്പെട്ട എംപി പ്രതിനിധീകരിച്ച ലോക്‌സഭ മണ്ഡലത്തില്‍ ഒഴിവ് വന്നതായുള്ള വിവരം ലോക്‌സഭ സെക്രടേറിയറ്റിന് പ്രഖ്യാപിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനാപരമായ വലിയ പിഴവ് രാഹുല്‍ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ സെക്രടറി ജെനറലിന്റെ നടപടിയില്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്‌സഭ സെക്രടേറിയറ്റിന്റെ വിജ്ഞാപനത്തെ നിയമപരമായി ചോദ്യം ചെയ്യാന്‍ സാധിക്കുന്നതാണ്. രാഷ്ട്രപതിയുടെ അഭിപ്രായം വരാതെ സീറ്റില്‍ ഒഴിവ് വന്നതായി പ്രഖ്യാപിക്കാന്‍ പാടില്ലെന്നാണ് 2009ലെ സുപ്രീംകോടതി വിധിയെന്നും പിഡിടി ആചാരി മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ ദുരുപയോഗമാണ് രാഹുല്‍ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ നടപടിയെന്ന് അഭിഭാഷകന്‍ കാളീശ്വരം രാജും പ്രതികരിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്റെ ഉപദേശ പ്രകാരം രാഷ്ട്രപതിയാണ് അയോഗ്യത കല്‍പിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണഘടന ആര്‍ടികിള്‍ 103ന്റെ താല്‍പര്യത്തെ വ്യക്തമായി വിലയിരുത്താതെയാണ് ഓടോമാറ്റിക് ഡിസ്‌ക്വാളിഫികേഷന്‍ എന്ന നിലയിലെ പരികല്‍പനയാണ് സുപ്രീംകോടതി മുന്നോട്ടുവെച്ചത്. തികച്ചും ജനാധിപത്യ വിരുദ്ധവും ഉപരിവിപ്ലവുമായ വിധിയായിരുന്നു. ഇത് നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയത്തിലെ ക്രിമിനല്‍ വത്കരണത്തിനെതിരായ വിധിയായി ഇത് തെറ്റിദ്ധരിക്കപ്പെട്ടു.

രാഷ്ട്രീയവും ക്രിമിനല്‍ കുറ്റവും തമ്മിലുള്ള വ്യത്യാസം വളരെ ലോലവും വളരെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്തതുമാണ്. ഒരു രാഷ്ട്രീയ നേതാവിനെ വൈരാഗ്യത്തിന്റെയും എതിര്‍പ്പിന്റെയും പേരില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുത്താന്‍ വളരെ വേഗത്തില്‍ സാധിക്കും. അതിന്റെ ക്ലാസിക് ഉദാഹരണമാണ് രാഹുല്‍ ഗാന്ധിക്കെതിരായ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചതും പ്രകടിപ്പിച്ചതും രാഷ്ട്രീയപരമാണ്. പൊതുവിഷയത്തില്‍ രാഷ്ട്രീയമായി അഭിപ്രായം പറഞ്ഞതിനാണ് രാഹുല്‍ അയോഗ്യനാക്കപ്പെട്ടതെന്നും കാളീശ്വരം രാജ് വ്യക്തമാക്കി.

PDT Achary | രാഹുല്‍ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ ലോക്‌സഭ സെക്രടേറിയറ്റിന്റെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്ന് ഭരണഘടനാ വിദഗ്ധര്‍; സിറ്റിങ് എം പിയെ അയോഗ്യനാക്കാനുള്ള അധികാരം രാഷ്ട്രപതിക്ക്

സൂറത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയത്. വെള്ളിയാഴ്ച ഉച്ചയോടെ ലോക്‌സഭ സെക്രടേറിയറ്റ് ആണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. കോടതി വിധി പുറപ്പെടുവിച്ച മാര്‍ച് 23 മുതല്‍ രാഹുല്‍ അയോഗ്യനാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

അംഗത്വം റദ്ദാക്കിയ സാഹചര്യത്തില്‍ വയനാട് എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പ്രവേശിക്കാനോ നടപടികളില്‍ ഭാഗമാകാനോ പാടില്ലെന്ന് സെക്രടേറിയറ്റ് വ്യക്തമാക്കി. ഭരണഘടനയുടെ ആര്‍ടികിള്‍ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ എട്ട് പ്രകാരവുമാണ് നടപടി. മേല്‍കോടതിയും ശിക്ഷ അംഗീകരിച്ചാല്‍ വയനായി ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും.

Keywords:  No automatic disqualification for Rahul Gandhi: PDT Achary, New Delhi, News, Politics, Rahul Gandhi, Criticism, Trending, Controversy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia