Nikesh Kumar | കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ എംവി നികേഷ് കുമാറും; കോണ്‍ഗ്രസില്‍ നിന്നും മണ്ഡലം തിരിച്ചുപിടിക്കാന്‍ തുരുപ്പ് ചീട്ടുമായി സിപിഎം

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ പരിഗണിക്കപ്പെടുന്ന സിപിഎം സ്ഥാനാര്‍ഥികളുടെ ലിസ്റ്റില്‍ മാധ്യമപ്രവര്‍ത്തകന്‍ എംവി നികേഷ് കുമാറും ഉള്‍പെട്ടതായി വിവരം. റിപോര്‍ടര്‍ ചാനലിന്റെ അമരത്ത് നിന്നും ഷെയര്‍ തിരിച്ചുവാങ്ങി ഒഴിവാകാന്‍ തീരുമാനിച്ച നികേഷ് ഇനി താന്‍ സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ തയാറാണെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട്.

മുന്‍മന്ത്രിയും സിപിഎം വിമത നേതാവുമായിരുന്ന എംവി രാഘവന്റെ മകനെ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ടിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്. അതുകൊണ്ടു തന്നെ പാര്‍ടി സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെയാണ് നികേഷ്‌കുമാര്‍.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇനി മത്സരിക്കാനില്ലെന്ന് പാര്‍ടിയില്‍ തുറന്നു പ്രഖ്യാപിച്ചിരിക്കെ ഏതു വിധേനെയെങ്കിലും കണ്ണൂര്‍ മണ്ഡലം പിടിക്കാന്‍ കരുനീക്കം നടത്തുകയാണ് സിപിഎം. നേരത്തെ മുന്‍മന്ത്രി കെകെ ശൈലജയെ കണ്ണൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ടി പരിഗണിച്ചിരുന്നുവെങ്കിലും തനിക്ക് ലോക് സഭയിലേക്ക് മത്സരിക്കാന്‍ വ്യക്തിപരമായ താല്‍പര്യമില്ലെന്ന് ശൈലജ പാര്‍ടിയെ അറിയിച്ചതായും സൂചനയുണ്ട്.

ഈ സാഹചര്യത്തിലാണ് എംവി നികേഷ് കുമാറിനെപ്പോലെ രാഷ്ട്രീയ ഇതര മേഖലകളില്‍ വ്യക്തിപ്രഭാവമുളളവരെ സിപിഎം തേടുന്നത്. എന്നാല്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ നികേഷ് കെഎം ശാജിയോട് പരാജയപ്പെട്ടത് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

Nikesh Kumar | കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ എംവി നികേഷ് കുമാറും; കോണ്‍ഗ്രസില്‍ നിന്നും മണ്ഡലം തിരിച്ചുപിടിക്കാന്‍ തുരുപ്പ് ചീട്ടുമായി സിപിഎം

അതേസമയം നികേഷിന്റെ പൊതുസ്വീകാര്യത പാര്‍ടി സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഗുണം ചെയ്യുമെന്നാണ് സിപിഎം ഔദ്യോഗിക നേതൃത്വത്തിന്റെ വിലയിരുത്തല്‍. എംവി ആറിന്റെ കാലശേഷം സിഎംപിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ പ്രബലരായ അരവിന്ദാക്ഷന്‍ വിഭാഗത്തെ സിപിഎം ചേരിയിലേക്ക് ആനയിച്ചത് നികേഷ് കുമാറിന്റെ നിലപാടുകളാണ്.

സിപിഎം നേതൃത്വവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന എംവി നികേഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ണൂര്‍ മണ്ഡലത്തില്‍ നടക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. ഇതിനിടെ റിപോര്‍ടര്‍ ചാനല്‍ എഡിറ്റോറിയല്‍ ചുമതലയില്‍ നിന്നുമൊഴിഞ്ഞാല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ സജീവമാകാന്‍ എംവി നികേഷ് കുമാറിനോട് സിപിഎം നേതൃത്വം നിര്‍ദേശിച്ചതായും വിവരമുണ്ട്.

Keywords:  MV Nikesh Kumar is also in the LDF candidate list in Kannur, Kannur, News, Lok Sabha, Election, Politics, News ,CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia