Rahul Gandhi | മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട രാഹുല്‍ ഗാന്ധി എംപി സ്ഥാനത്തിന് അയോഗ്യനെന്ന് വിശദീകരണം

 


ന്യൂഡെല്‍ഹി: (www.kvartha.com) മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി സ്ഥാനത്തിന് അയോഗ്യനെന്ന് വിശദീകരണം. കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്താലേ രാഹുല്‍ ഗാന്ധിക്ക് എംപിയായി തുടരാനാകൂവെന്നാണ് നിയമ വൃത്തങ്ങള്‍ നല്‍കുന്ന പുതിയ വിശദീകരണം.

നിലവില്‍ രാഹുല്‍ ഗാന്ധിയുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. അതുകൊണ്ട് അയോഗ്യത ഇല്ലാതാകുന്നില്ലെന്നും, ശിക്ഷിച്ച ഉത്തരവുതന്നെ സ്റ്റേ ചെയ്യണമെന്നുമാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മേല്‍കോടതി രണ്ടു വര്‍ഷത്തെ ശിക്ഷ ശരിവച്ചാല്‍ വയനാട്ടില്‍ നിന്നുള്ള എംപിയായ രാഹുല്‍ ഗാന്ധി ലോക്സഭയില്‍നിന്ന് അയോഗ്യനാകുമെന്നായിരുന്നു ആദ്യ വിവരമെങ്കിലും, മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയോടെ തന്നെ രാഹുല്‍ ഗാന്ധി അയോഗ്യനായെന്നാണ് പുതിയ വിശദീകരണം. രണ്ടുവര്‍ഷത്തെ തടവിന് പുറമെ 10,000 രൂപ പിഴയും രാഹുലിന് വിധിച്ചിരുന്നു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമര്‍ശമാണ് രാഹുലിന് വിനയായത്. ഇതിനെതിരെ ബിജെപി നേതാവാണ് കോടതിയില്‍ പരാതിയുമായി ചെന്നത്. പ്രസംഗത്തില്‍ മോദി വിഭാഗത്തെ മൊത്തത്തില്‍ അപമാനിച്ചു എന്നായിരുന്നു രാഹുലിനെതിരെയുള്ള പരാതി.

പരാതിയില്‍ സൂറത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം രാഹുല്‍ കുറ്റക്കാരനാണെന്നു കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് ജാമ്യം അനുവദിച്ച കോടതി അപീല്‍ നല്‍കാന്‍ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കുകയും ചെയ്തു.

വിധി പറയുമ്പോള്‍ രാഹുല്‍ കോടതിയിലുണ്ടായിരുന്നു. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി എന്നിവരെ പരാമര്‍ശിച്ച് എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് ഇതിനെതിരെ കോടതിയെ സമീപിച്ചത്.

2019 ഏപ്രില്‍ 13നാണ് കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ച് രാഹുല്‍ ഗാന്ധി പരമാര്‍ശം നടത്തിയത്. 'എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാര്‍ക്കെല്ലാം മോദി എന്നു പേരു വരുന്നത്. ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരും' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. കാവല്‍ക്കാരന്‍ 100 ശതമാനവും കള്ളനാണെന്നു പറഞ്ഞ രാഹുല്‍, മോദി ചങ്ങാത്ത മുതലാളിത്തമാണ് ഇഷ്ടപ്പെടുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.

Rahul Gandhi | മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട രാഹുല്‍ ഗാന്ധി എംപി സ്ഥാനത്തിന് അയോഗ്യനെന്ന് വിശദീകരണം

രാഹുലിന്റെ പരാമര്‍ശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നായിരുന്നു ആരോപണം. തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെന്ന് പൂര്‍ണേഷ് മോദി അവകാശപ്പെട്ടിരുന്നു. ഹൈകോടതി ഈ കേസിന്റെ നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്തിരുന്നെങ്കിലും രണ്ടാഴ്ച മുന്‍പ് സ്റ്റേ നീക്കി. തുടര്‍ന്ന് സൂറത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലെ അന്തിമവാദത്തിനു ശേഷം വ്യാഴാഴ്ച വിധിപറയാന്‍ മാറ്റുകയായിരുന്നു.

Keywords:  Modi surname remarks: Gujarat court holds Rahul guilty in criminal defamation case, New Delhi, News, Politics, Rahul Gandhi, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia