Follow KVARTHA on Google news Follow Us!
ad

Inspection | പൊതുമരാമത്ത് വിഭാഗം ചീഫ് ആര്‍കിടെക്ടിന്റെ ഓഫിസില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന; 11 മണിയായിട്ടും ജീവനക്കാര്‍ എത്തിയില്ല, ക്ഷുഭിതനായി പിഎ മുഹമ്മദ് റിയാസ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Minister,Inspection,Office,Kerala,
തിരുവനന്തപുരം: (www.kvartha.com) പൊതുമരാമത്ത് വിഭാഗം ചീഫ് ആര്‍കിടെക്ടിന്റെ ഓഫിസില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന. ഓഫിസില്‍ ജീവനക്കാര്‍ കൃത്യസമയത്ത് ഹാജരാകുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് പബ്ലിക് ഓഫിസ് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് മിന്നല്‍ പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ ഗുരുതരമായ കൃത്യവിലോപമാണ് കണ്ടെത്തിയത്.

ആര്‍കിടെക്റ്റിന്റെ ഓഫിസിലെയും അനുബന്ധ ഓഫിസുകളിലെയും രേഖകള്‍ മന്ത്രി പരിശോധിച്ചു. മൂവ്‌മെന്റ് രെജിസ്റ്റര്‍, കാഷ്വല്‍ ലീവ് രെജിസ്റ്റര്‍, കാഷ് ഡിക്ലറേഷന്‍, സ്റ്റോക് രെജിസ്റ്റര്‍, പഞ്ചിങ് സ്റ്റേറ്റ്‌മെന്റ് തുടങ്ങിയവയാണ് പരിശോധിച്ചത്.

ഓഫിസിലെ ആകെ ജീവനക്കാരുടെ എണ്ണം, രേഖാമൂലം അവധിയെടുത്ത ജീവനക്കാരുടെ എണ്ണം, അനധികൃതമായി ലീവെടുത്ത ജീവനക്കാരുടെ എണ്ണം എന്നിവയും പരിശോധിച്ചു. കാഷ് രെജിസ്റ്ററില്‍ ഒരു എന്‍ട്രി മാത്രമാണ് ഉണ്ടായിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. പഞ്ചിങ് സ്റ്റേറ്റ്‌മെന്റില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ പൊതുമരാമത്ത് വിഭാഗം വിജിലന്‍സ് വിഭാഗത്തെ ചുമതലപ്പെടുത്തി.

11 മണി കഴിഞ്ഞിട്ടും ജീവനക്കാര്‍ എത്താത്തതില്‍ മന്ത്രി ക്ഷുഭിതനായി. പഞ്ചിങ് രെജിസ്റ്റര്‍ ആവശ്യപ്പെട്ട് 20 മിനിറ്റ് കഴിഞ്ഞിട്ടും കിട്ടിയില്ല. ഇതോടെ മന്ത്രിയുടെ ക്ഷോഭം ഇരട്ടിയായി. ബയോമെട്രിക് പഞ്ചിങ് സംവിധാനം നേരത്തെ തന്നെ സ്പാര്‍കുമായി ബന്ധപ്പെടുത്താന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും ചീഫ് ആര്‍കിടെക്റ്റ് ഓഫിസില്‍ ഇത് നടപ്പാക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. ജീവനക്കാരില്‍ ചിലര്‍ പഞ്ച് ചെയ്ത് പിന്നീട് പുറത്തേക്ക് പോകുന്നു എന്ന് പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് മന്ത്രി പറഞ്ഞു.

Minister Muhammed Riyas lightning inspection at office of Chief Architect, Public Works Department, Thiruvananthapuram, News, Politics, Minister, Inspection, Office, Kerala

ജീവനക്കാര്‍ വരുന്നതിലും പോകുന്നതിലും കൃത്യതയില്ല. ഇ ഓഫിസ് ഫയലിങ് കൃത്യമായി നടക്കുന്നില്ല. പഞ്ചിങ് സമ്പ്രദായം ഉള്‍പ്പെടെ പരിഷ്‌കരിച്ച് നടപ്പാക്കുന്നത് സംബന്ധിച്ച് നേരത്തെ പല യോഗങ്ങളിലും പറഞ്ഞതാണ്. ഓഫിസില്‍ കാര്യങ്ങളെല്ലാം ശരിയായി നടക്കുന്നുണ്ടെന്നാണ് ജീവനക്കാര്‍ യോഗങ്ങളില്‍ പറഞ്ഞതെങ്കിലും നേരിട്ട് പരിശോധിച്ചപ്പോള്‍ പലതും കുത്തഴിഞ്ഞ രീതിയിലാണെന്ന് കണ്ടെത്തി. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും പരിശോധനയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

'പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും സുതാര്യത ഉറപ്പുവരുത്തുവാനും തെറ്റായ പ്രവണതകള്‍ പരിപൂര്‍ണമായി ഇല്ലാത്താക്കാനുമുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓഫിസുകളില്‍ കൃത്യസമയത്ത് വരിക, ജോലി ചെയ്യുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പെട്ടെന്ന് പരിഹരിക്കാന്‍ ഇതു അനിവാര്യമാണ്. തെറ്റായ പ്രവണതകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്താനാണ് തീരുമാനം' എന്നും മന്ത്രി പറഞ്ഞു.

Keywords: Minister Muhammed Riyas lightning inspection at office of Chief Architect, Public Works Department, Thiruvananthapuram, News, Politics, Minister, Inspection, Office, Kerala.

Post a Comment