ന്യൂഡെല്‍ഹി: (www.kvartha.com) വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ സഹോദരിയുടെ മുന്‍ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. കിഴക്കന്‍ ഡെല്‍ഹിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കല്യാണ്‍വാസിലെ 44-ാം ബ്ലോകിലെ താമസക്കാരനായ നീരജ് (40) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നീരജിന്റെ ഭാര്യ വിമല്‍(38), അമ്മ സുനിത (60) എന്നിവര്‍ക്ക് പരുക്കേറ്റു.
പൊലീസ് പറയുന്നത്: ശനിയാഴ്ച പുലര്‍ചെയാണ് കൊലപാതകം നടന്നത്. കുത്തേറ്റ് ഗുരുതര പരുക്കേറ്റ നീരജിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നീരജിന്റെ സഹോദരിയുടെ മുന്‍ ഭര്‍ത്താവാണ് തങ്ങളെ ആക്രമിച്ചതെന്ന് നീരജിന്റെ ഭാര്യയും മാതാവും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയുടെ കൂടെ വേറെയും ആളുകളുണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നതെന്നും ഇവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ഉത്തരാഖണ്ഡില്‍ നിന്നെത്തിയ ഇയാള്‍ രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകായിരുന്നു. ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ഭാര്യയും മറ്റുള്ളവരും രക്തത്തില്‍ കുളിച്ച് കിടക്കുന്ന നീരജിനെയാണ് കണ്ടത്. തൊട്ടടുത്ത് കത്തിയുമായി നില്‍ക്കുന്ന സഹോദരിയുടെ മുന്‍ ഭര്‍ത്താവും. ഉച്ചത്തില്‍ നിലവിളിച്ചതോടെ ഇയാള്‍ തങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: News, National, Local-News, New Delhi, Killed, Accused, Police, Crime, Man Killed In East Delhi; Police starts investigation