തിരുവനന്തപുരം: (www.kvartha.com) ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും 18 മന്ത്രിമാരേയും പ്രതിയാക്കി ഫയല്‍ ചെയ്ത പരാതിയില്‍ ലോകായുക്ത വെള്ളിയാഴ്ച വിധി പറയും. വിധി എതിരായാല്‍ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് നിയമവിഗ്ധര്‍ പറയുന്നു.
വെള്ളിയാഴ്ച വിധി പറയേണ്ട കേസുകളുടെ പട്ടികയില്‍ ദുരിതാശ്വാസനിധി കേസും ഉള്‍പെടുത്തുകയായിരുന്നു. ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍കാരിന്റെ കാലത്ത് കെടി ജലീലിന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്.
ദുരിതാശ്വാസനിധി കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡികറ്റ് അംഗം ആര്‍ എസ് ശശികുമാര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. വിധി പ്രഖ്യാപിക്കാനായി ലോകായുക്തയ്ക്കു പരാതി നല്‍കാന്‍ നിര്‍ദേശിച്ച കോടതി, ഏപ്രില്‍ മൂന്നിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്. വിധി വൈകുന്നതിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചിലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതിനെതിരെയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തത്.
സിപിഎം സംസ്ഥാന സെക്രടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സര്‍കാര്‍ ഉദ്യോഗത്തിനും മറ്റ് ആനു കൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച് 18ന് വാദം പൂര്‍ത്തിയായിരുന്നു. ആറു മാസത്തിനുള്ളില്‍ ഹര്‍ജിയില്‍ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാന്‍ ലോകായുക്ത തയാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹൈകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ലോകായുക്തയില്‍ കേസിന്റെ വാദം നടക്കുന്നതിനിടെ, ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍കാര്‍ അടുത്തിടെ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ കഴിയുന്നതാണ് ലോകായുക്തയുടെ 14-ാം വകുപ്പ്.
ലോകായുക്തയുടെ റിപോര്‍ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയില്‍ കെടി ജലീലിനു മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടിവന്നതിനാലാണ് ഭേദഗതി കൊണ്ടുവന്നത്. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പ് വയ്ക്കാന്‍ വിസമ്മതിച്ചതോടെ പഴയ നിയമമാണ് നിലനില്‍ക്കുന്നത്.
Keywords: Lok Ayukta to consider plea over 'delay' in delivering verdict in case against CM Pinarayi Vijaya, Thiruvananthapuram, News, Lokayuktha, Chief Minister, Pinarayi-Vijayan, Criticism, Politics, Kerala.
Lok Ayukta | ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം: മുഖ്യമന്ത്രിയേയും 18 മന്ത്രിമാരേയും പ്രതിയാക്കി ഫയല്‍ ചെയ്ത പരാതിയില്‍ ലോകായുക്ത വിധി വെള്ളിയാഴ്ച; എതിരായാല്‍ പിണറായി വിജയന്‍ രാജിവെക്കേണ്ട സാഹചര്യം
#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Lokayuktha,Chief Minister,Pinarayi-Vijayan,Criticism,Politics,Kerala,