മുവാറ്റുപുഴ: (www.kvartha.com) യാത്രക്കാരി അബോധാവസ്ഥയിലായതോടെ ആംബുലന്‍സായി മാറി കെഎസ്ആര്‍ടിസി ബസ്. പത്തനംതിട്ട മല്ലപ്പള്ളി ഡിപോയുടെ പാലക്കാട് സൂപര്‍ ഫാസ്റ്റ് ബസിലാണ് സംഭവം. മല്ലപ്പള്ളിയില്‍നിന്ന് പാലക്കാട്ടേയ്ക്ക് പോകുന്നതിനിടെ യാത്രക്കാരിയായ യുവതി ബസില്‍ ബോധംകെട്ട് വീഴുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മറ്റുള്ള യാത്രക്കാരെയും പരിഭ്രാന്തിയിലാക്കിയ സംഭവം നടന്നത്.
യുവതി ബസില്‍ അബോധാവസ്ഥയിലായതോടെ ഉടന്‍തന്നെ ഡ്രൈവര്‍ പ്രസാദ്, കന്‍ഡക്ടര്‍ ജുബിന്‍ എന്നിവര്‍ ചേര്‍ന്ന് ബസ് സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും സജ്ജീകരണങ്ങളുടെ അഭാവം മൂലം ഇവിടെ പ്രവേശിപ്പിക്കാനായില്ല.
ഇതോടെ ബസ് ഒരു പെട്രോള്‍ പമ്പില്‍ കയറ്റി തിരിച്ചശേഷം മുവാറ്റുപുഴയിലെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
പിന്നാലെ ജീവനക്കാര്‍ക്ക് അഭിനന്ദനവുമായി കെഎസ്ആര്‍ടിസി രംഗത്തെത്തി. ബസ് വേഗത്തില്‍ ആശുപത്രിയില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഔദ്യോഗിക ഫേസ്ബുക് പേജില്‍ കെഎസ്ആര്‍ടിസി പങ്കുവച്ചു. പ്രസാദിന്റെയും ജുബിന്റെയും അവസരോചിതമായ ഇടപെടല്‍ മൂലമാണ് യുവതിയെ ആശുപത്രിയില്‍ എത്തിക്കാനും തുടര്‍ചിത്സ നല്‍കുവാനും സാധിച്ചതെന്നും ഇരുവരെയും അഭിനന്ദിക്കുന്നതായും വിഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.
ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുകൊടുത്ത അവിടുത്തെ ജീവനക്കാരോടും മാനേജ്‌മെന്റിനോടും അവശതയിലായ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒരേ മനസ് കാണിച്ച ബസിലെ യാത്രക്കാര്‍ക്കും നന്ദി അറിയിക്കുന്നതായും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
Keywords: News, Kerala, State, KSRTC, Ambulance, Facebook, Facebook Post, Video, Social-Media, KSRTC Bus Took The Passenger Who Felt Unwell To The Hospital