കോഴിക്കോട്: (www.kvartha.com) പൊലീസുകാരന്റെ പിടിവാശി മൂലം പിഎസ്‌സി പരീക്ഷ എഴുതാന്‍ അവസരം നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥി പരീക്ഷ എഴുതി. പിഎസ്‌സിയുടെ പ്രത്യേക അനുമതിയോടെ ആറ് മാസത്തിനുശേഷമാണ് രാമനാട്ടുകര മുട്ടുംകുന്ന്താഴെ പാണഴിമേത്തല്‍ അരുണ്‍ നിവാസില്‍ ടി കെ അരുണ്‍ (29) പരീക്ഷയെഴുതിയത്.
വഴി മുടക്കിയ പൊലീസുകാരന്റെ പണി കളയാതിരിക്കാന്‍ പരാതി പിന്‍വലിച്ച് യുവാവ് മാപ്പ് നല്‍കുകയും ചെയ്തു. 2022 ഒക്ടോബര്‍ 22നാണ് യുവാവിന് പൊലീസിന്റെ ദുര്‍വാശിയില്‍ പരീക്ഷ നഷ്ടമായത്. ബിരുദം അടിസ്ഥാനയോഗ്യതയായ തസ്തികകളിലേക്ക് നിയമനത്തിന് പിഎസ്‌സി നടത്തിയ പ്രിലിമിനറി പരീക്ഷ എഴുതാന്‍ മീഞ്ചന്ത ജിവിഎച്എസ്എസിലേക്ക് ബൈകില്‍ പോവുകയായിരുന്നു അരുണ്‍.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരീക്ഷ എഴുതാന്‍ ഒന്നരയ്‌ക്കെങ്കിലും പരീക്ഷാകേന്ദ്രത്തിലെത്തി റിപോര്‍ട് ചെയ്യണം. ഇതിനുള്ള തിരക്കിനിടിയില്‍ ഫറോക്ക് സ്റ്റേഷന്‍ പരിസരത്ത് ഗതാഗത തടസ്സമുണ്ടായപ്പോള്‍ അരുണ്‍ യു ടേണ്‍ എടുത്ത് മറ്റൊരു വഴിക്ക് പോകാന്‍ ശ്രമിച്ചു. ഈ സംഭവം ഫറോക്ക് ജംക്ഷനില്‍ ഗതാഗതം നിയന്ത്രിക്കുകയായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രഞ്ജിത്ത് പ്രസാദിന്റെ ശ്രദ്ധയില്‍പെട്ടു.
അതോടെ ബൈക് തടഞ്ഞ് താക്കോല്‍ ഊരിമാറ്റുകയായിരുന്നുവെന്നും പിഎസ്‌സി പരീക്ഷയ്ക്ക് പോവുകയാണെന്ന് പറഞ്ഞിട്ടും വിട്ടില്ലെന്നും യുവാവ് ആരോപിച്ചിരുന്നു. തുടര്‍ന്ന് 1.20ന് ബൈക് തൊട്ടടുത്തുള്ള സ്റ്റേഷനിലേക്ക് മാറ്റി പൊലീസുകാരന്‍ കാന്റീനിലേക്ക് പോയി. അരുണിനെ സ്റ്റേഷനില്‍ നിര്‍ത്തിക്കുകയും ചെയ്തു. പിന്നീട് 1.55ന് സ്ഥലത്തെത്തിയ എഎസ്‌ഐ വിവരമറിഞ്ഞ് ജീപില്‍ അരുണിനെ പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും സമയം വൈകിയതിനാല്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല.
Keywords: News, Kerala, State, Kozhikode, Examination, PSC, Top-Headlines, Police men, police-station, Police, Kozhikode: Candidate writes PSC exam with special permission in Kozhikode