കൊച്ചി: (www.kvartha.com) ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ അണയ്ക്കാനുള്ള ശ്രമം ഊര്‍ജിതമാക്കുമെന്ന് കലക്ടര്‍ ഡോ. രേണുരാജ്. തീ അണയ്ക്കാന്‍ അഗ്‌നിരക്ഷാസേന തന്നെ ശ്രമം തുടരുമെന്നും ഇതിനു ഹെലികോപ്റ്റര്‍ പ്രയോജനപ്പെടില്ലെന്നാണ് വിലയിരുത്തലെന്നും കലക്ടര്‍ വ്യക്തമാക്കി.
ശക്തിയേറിയ മോടറുകള്‍ എത്തിച്ച് സമീപത്തെ പുഴയില്‍നിന്ന് വെള്ളം പമ്പു ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു. ബ്രഹ്‌മപുരത്തും സമീപത്തും ഉള്ളവര്‍ ഞായറാഴ്ച വീടുകളില്‍ തന്നെ കഴിയണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. അത്യാവശ്യമില്ലാത്ത സ്ഥാപനങ്ങള്‍ തുറക്കരുത്. ബ്രഹ്‌മപുരത്ത് കൂടുതല്‍ ഓക്‌സിജന്‍ കിയോസ്‌കുകള്‍ സജ്ജമാക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ഹെലികോപ്റ്ററില്‍ വെള്ളമെത്തിച്ച് തീ അണയ്ക്കാനായിരുന്നു നേരത്തേ ശ്രമം. തീ നിയന്ത്രണവിധേയമാക്കാന്‍ വ്യോമസേന എത്തിയേക്കുമെന്നും സൂചനകളുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയോടെ തീ നിയന്ത്രണ വിധേയമായില്ലെങ്കില്‍ വ്യോമസേനയുടെ സഹായം തേടുമെന്നു കലക്ടര്‍ അറിയിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്.
പടര്‍ന്നു പിടിച്ച തീ 70 ഏകറോളം ഭാഗത്താണ് വ്യാപിച്ചത്. തീനാളങ്ങളുടെ ശക്തി കുറഞ്ഞെങ്കിലും പുക വമിക്കുന്നതു തുടരുകയാണ്. ഏരൂര്‍, ഇന്‍ഫോപാര്‍ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളില്‍ പുക ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പരിസരവാസികള്‍ക്ക് ശ്വാസതടസം ഉള്‍പ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായി. അഗ്‌നിരക്ഷാസേന യൂനിറ്റുകള്‍ സ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്.
Keywords: Kochi chokes as fire blazes on at waste plant, collector says situation under control, Kochi, News, Fire, District Collector, Helicopter, Kerala.