Custody | വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ മര്‍ദിച്ചുകൊലപ്പെടുത്തിയെന്ന സംഭവം; ഉത്തരാഖണ്ഡില്‍ നിന്നും 4 പ്രതികളെ പൊലീസ് പിടികൂടി

 


തൃശൂര്‍: (www.kvartha.com) വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ മര്‍ദിച്ചുകൊലപ്പെടുത്തിയെന്ന സംഭവത്തില്‍ നാലു പ്രതികളെ ഉത്തരാഖണ്ഡില്‍ നിന്നും പൊലീസ് പിടികൂടി. സ്വകാര്യ ബസ് ഡ്രൈവര്‍ പഴുവില്‍ കോട്ടം മമ്മസ്രായിലത്ത് സഹാറി(32) നെ കൊലപ്പെടുത്തിയെന്ന സംഭവത്തിലാണ് ഉത്തരാഖണ്ഡില്‍ ഒളിവില്‍ കഴിയുകയായിരുന്ന ചേര്‍പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ ശനിയാഴ്ച വൈകിട്ടോടെ തൃശൂരില്‍ എത്തിക്കുമെന്നാണ് വിവരം. ശംസുദ്ദീന്റെയും സുഹറയുടെയും മകനായ സഹാര്‍ അവിവാഹിതനാണ്. സഹോദരി: ശാബിത.

സംഭവത്തില്‍ 10 പേര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തെന്നും ആക്രമണത്തിനു നേതൃത്വം നല്‍കിയെന്നു സംശയിക്കുന്ന രാഹുല്‍ വിദേശത്തേക്കു കടന്നതായും പൊലീസ് അറിയിച്ചിരുന്നു. സഹാറിന്റെ പരിചയക്കാരനായിരുന്നു രാഹുല്‍. ഇവര്‍ തമ്മിലുണ്ടായ തര്‍ക്കമാണു സംഭവത്തിന്റെ കാരണമെന്നു സംശയിക്കുന്നു.

വിഷ്ണു, ടിനോ, അഭിലാഷ്, വിജിത്ത്, അരുണ്‍, ജിഞ്ചു ജയന്‍, അമീര്‍ എന്നിവര്‍ക്കെതിരെ പൊലീസ് തിരച്ചില്‍ നോടിസ് പുറപ്പെടുവിച്ചിരുന്നു. കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ കൂടി കൊലക്കുറ്റത്തിനു കേസെടുക്കുകയും ചെയ്തു.

സഹാറിനെതിരായ ആക്രമണത്തിന്റെ ദൃശ്യം മുഴുവന്‍ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സംഭവത്തിന്റെ പിറ്റേന്നുതന്നെ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ അറസ്റ്റ് ചെയ്തില്ല. സഹാറില്‍ നിന്നു ശരിയായ മൊഴി ലഭിച്ചില്ലെന്നായിരുന്നു ന്യായം. തൃപ്രയാര്‍ റൂടിലോടുന്ന ബസിലെ ഡ്രൈവറായ തനിക്ക് റൂടിലെ സമയക്രമത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ മര്‍ദനമേറ്റെന്നു സഹാര്‍ പറഞ്ഞതായും പൊലീസ് അറിയിച്ചിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ചിറയ്ക്കല്‍ കോട്ടം തിരുവാണിക്കാവ് ക്ഷേത്രപരിസരത്തുവച്ച് ഫെബ്രുവരി 18നാണ് എട്ടംഗ സംഘം സഹാറിനെ വളഞ്ഞിട്ടു മര്‍ദിച്ചത്. വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. സഹാറിനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. ചെകിട്ടത്തടിച്ചു കൊണ്ടായിരുന്നു മര്‍ദനത്തിന്റെ തുടക്കം. പുലര്‍ചെ മൂന്നുമണി വരെ വിട്ടയയ്ക്കാതെ തടഞ്ഞുവച്ചു.

Custody | വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ മര്‍ദിച്ചുകൊലപ്പെടുത്തിയെന്ന സംഭവം; ഉത്തരാഖണ്ഡില്‍ നിന്നും 4 പ്രതികളെ പൊലീസ് പിടികൂടി

ആക്രമണത്തില്‍ സഹാറിന്റെ വാരിയെല്ലൊടിഞ്ഞു. നട്ടെല്ലിനു പൊട്ടലുണ്ടായി. വൃക്കകളും അനുബന്ധ ആന്തരികാവയവങ്ങളും തകര്‍ന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹാര്‍ ഒരുവിധം നടന്നു വീട്ടിലെത്തുകയും ഉടനെ കുഴഞ്ഞുവീഴുകയുമായിരുന്നു. വീട്ടുകാരാണു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും പിന്നീടു വെന്റിലേറ്ററിലായി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം ഏഴിനാണ് മരിച്ചത്.

സംഭവം നടന്ന് ഒരു മാസം പൂര്‍ത്തിയാകുമ്പോഴാണ് നാലു പേരെ പൊലീസ് പിടികൂടിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടും അവര്‍ ഒളിവില്‍ പോകാന്‍ കാരണം പൊലീസിന്റെ അനാസ്ഥയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Keywords:  Kerala man assaulted on Feb 18 died, 4 held in Uttarakhand, Thrissur, News, Dead, Attack, Custody, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia