കണ്ണൂര്‍: (www.kvartha.com) ചക്കരക്കല്ലില്‍ വീട് കേന്ദ്രീകരിച്ച് സമാന്തര ബാര്‍ നടത്തിയെന്നകേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിനോദ് എന്ന കുറുക്കന്‍ വിനോദാണ് പിടിയിലായത്. ചക്കരക്കല്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ കുറേക്കാലമായി ഇയാള്‍ മദ്യവില്‍പന നടത്തിവരികയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
സമാന്തര ബാറായാണ് ഇവിടെ വീട് പ്രവര്‍ത്തിച്ചിരുന്നതെന്നും മദ്യം ശേഖരിക്കാന്‍ വീട്ടില്‍ രഹസ്യ അറകളുമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊതു അവധി ദിനങ്ങളിലാണ് ഇയാള്‍ മദ്യവില്‍പന കൂടുതല്‍ നടത്തിയിരുന്നതെന്നും ചക്കരക്കല്‍ ബിവറേജ് സില്‍ നിന്നും മാഹിയില്‍ നിന്നും വില കൂടിയതും അല്ലാത്തതുമായ മദ്യമാണ് ശേഖരിച്ചതെന്നും പൊലീസ് പറഞ്ഞു.
ചക്കരക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. വിവിധ ബ്രാന്‍ഡുകളിലുള്ള നൂറോളം കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് വിനോദിനെ ചോദ്യം ചെയ്തതിനുശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സര്‍കാര്‍ പൊതുഅവധി പ്രഖ്യാപിച്ച ദിവസങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് വിനോദിന്റെ വീട്ടില്‍ എത്തിയിരുന്നതെന്നും ഇയാള്‍ കാരിയര്‍മാരെവെച്ചു മദ്യം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നുവെന്നും കഴിഞ്ഞ കുറെക്കാലമായി പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും ചക്കരക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരി പറഞ്ഞു.
Keywords: News,Kerala,State,Kannur,Case,Arrested,Liquor,Police,Remanded,Local-News, Kannur: Man arrested in liquor selling