/ഭാമ നാവത്ത്
കണ്ണൂര്‍: (www.kvartha.com) മലയാള സിനിമയില്‍ അറുന്നൂറോളം വേഷങ്ങള്‍ ചെയ്ത ഇന്നസെന്റ് ഇതില്‍ അവതരിപ്പിച്ചത് ഏറെയും നര്‍മ്മം തുളുമ്പുന്ന വേഷങ്ങളായിരുന്നുവെങ്കിലും മികച്ച വിലനായും രാഷ്ട്രീയക്കാരനായും അദ്ദേഹത്തിന്റെ വേഷപകര്‍ച്ച കാണികളില്‍ വിസ്മയം സൃഷ്ടിച്ചിട്ടുണ്ട്.
കേളിയെന്ന ഭരതന്‍ ചിത്രത്തിലെ ലാപ്പോസ് മുതലാളിയെന്ന വിലന്‍ ഇന്നസെന്റിന്റെ കരിയറില്‍ തന്നെ മാറ്റം സൃഷ്ടിച്ചതാണ്. ഇന്നസെന്റിനെവെച്ചു ചിരിപ്പിക്കുന്ന മുഖത്തിനിടെയില്‍ ലൈംഗീക ചൂഷണത്തിനുശേഷം അധ്യാപികയെ(ശ്യാമ) കൊന്ന് ചാക്കില്‍ കെട്ടി വികലാംഗനായ നാരായണന്‍ കുട്ടിയുടെ പെട്ടിക്കടയില്‍ ഒളിപ്പിച്ചുവയ്ക്കുകയും പിന്നീട് നാരായണന്‍ കുട്ടിയെ പൊലിസിനെ ഉപയോഗിച്ചു വേട്ടയാടുകയും ചെയ്യുന്ന വിലന്‍ മലയാള സിനിമയില്‍ ഇന്നുവരെ കാണാത്ത തരംഗം സൃഷ്ടിച്ചു. ഭരതനെന്ന(മുരളി) ഗുണ്ടയെ ഉപയോഗിച്ചായിരുന്നു ഈ ക്രൂരകൃത്യം.
പിന്നീട് പല നെഗറ്റീവ് വേഷങ്ങളിലും മലയാളികളുടെ പ്രിയ നടനെ പ്രേക്ഷകര്‍ കണ്ടു. മികച്ച സ്വഭാവനടനുളള പുരസ്‌കാരം നേടിയ മഴവില്‍ കാവടിയെ ദുഷ്ടനായ കാമുകിയുടെ(സിതാര) അച്ഛന്‍ വേഷം അഭിനയിച്ച് തകര്‍ത്തതോടെയാണ് ഹാസ്യം മാത്രമല്ല നെഗറ്റീവ് വേഷങ്ങളും തനിക്ക് ചേരുമെന്ന് ഇന്നസെന്റ് മലയാള സിനിമാലോകത്ത് തെളിയിച്ചത്. പിന്‍ഗാമിയിലെ പട്ടരായ വിലന്‍ വക്കീല്‍ തുടങ്ങി ഒട്ടേറെ വേഷങ്ങളിലൂടെ ഇന്നസെന്റ് ചിരിയിലൊളിപ്പിച്ച നെഗറ്റീവ് റോളുകള്‍ ചെയ്ത് വിജയിപ്പിച്ചു.
ഇരിങ്ങാലക്കുടയിലെ ക്രൈസ്തവ സമുദായ വിശ്വാസികളിലെ ആദ്യ കമ്യൂനിസ്റ്റായിരുന്നു ഇന്നസെന്റീന്റെ പിതാവ്. അക്കാലത്ത് കമ്യുനിസ്റ്റുകാര്‍ക്ക് തെമ്മാടികുഴി വിധിച്ചിരുന്ന സഭയുടെ തിട്ടൂരം വകവയ്ക്കാതെ അദ്ദേഹം കമ്യൂനിസ്റ്റായി തന്നെ ജീവിച്ച് മരിച്ചു. അച്ഛനെ കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചും ഇന്നസെന്റ് തന്നെ പല അഭിമുഖങ്ങളിലും പറയുകയും സ്വന്തം പുസ്തകത്തില്‍ എഴുതുകയും ചെയ്തിട്ടുണ്ട്. അതില്‍ രസകരമായ ചില രംഗങ്ങളുമുണ്ട്.
എന്നാല്‍ മലയാള സിനിമയില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായും നേതാവായും ശോഭിച്ച അപൂര്‍വം ചില നടന്‍മാരിലൊരാളാണ് ഇന്നസെന്റ്. ഇടതായാലും വലതായാലും രാഷ്ട്രീയക്കാരന്റെ മാനറിസങ്ങള്‍ സ്വന്തം അനുഭവങ്ങളുടെ മൂശയില്‍ മിനുക്കി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നും നന്മകളിലെ തോറ്റ എം എല്‍ എ, സന്ദേശത്തില്‍ നാരിയല്‍കാപാനി ചോദിക്കുന്ന യശ്വന്ത് സഹായ്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയെന്ന സത്യന്‍ അന്തിക്കാടിന്റെ തന്നെ സിനിമയിലെ പിന്നോക്ക ജാഥ നടത്തുന്ന കംപ്യൂടര്‍ വിരുദ്ധനായ നേതാവ്, തുടങ്ങി ഇന്‍ഡ്യന്‍ പ്രണയകഥയിലെ ചാനല്‍ ചര്‍ച ഹരമാക്കി ജീവിക്കുന്ന ഖദറിട്ട നേതാവിനെവരെ അദ്ദേഹം മറ്റാര്‍ക്കും കഴിയാത്ത വിധത്തില്‍ അഭിനയിച്ചു ഫലിപ്പിച്ചു.
ചലച്ചിത്രതാരങ്ങളില്‍ മെയ്വഴക്കവും രാഷ്ട്രീയ അടിത്തറയുമുളള അപൂര്‍വം ചിലരിലൊരാളായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെയാണ് അമ്മയെന്ന സൂപര്‍ താരങ്ങളും അവരുടെ ഉപഗ്രങ്ങളും വാഴുന്ന സംഘടനനയെ പതിനെട്ടുവര്‍ഷക്കാലും നയിക്കാന്‍ അദ്ദേഹത്തിനായത്.
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പന്തുതട്ടികളിക്കുന്നത് പോലെയുളള കളി തന്റെടുത്ത് വേണ്ടെന്ന് തന്റെ ഭാര്യ ആലീസ് തനിക്ക് പലപ്പോഴും മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇന്നസെന്റ് പല വേദികളിലും തമാശയായി പറഞ്ഞിട്ടുണ്ട്. പി സി ചാക്കോയെന്ന ദേശീയ തലത്തില്‍ തിളങ്ങി നിന്ന അന്നത്തെ കോണ്‍ഗ്രസ് നേതാവിനെ ചാലക്കുടിയില്‍വെച്ചു തോല്‍പിക്കാനും ഇന്‍ഡ്യന്‍ പാര്‍ലമെന്റിലെത്താനും ഇന്നസെന്റിന് കഴിഞ്ഞത് ജനങ്ങളുടെ പള്‍സറിയുന്ന ഒരു രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്നതുകൊണ്ടാണ്.
മന്ത്രിയായും മുഖ്യമന്ത്രിയുമായൊക്കെ സിനിമയില്‍ തിളങ്ങിയ ഇന്നസെന്റ് യഥാര്‍ത്ഥ ജീവിതത്തില്‍ എംപിയായപ്പോഴും തന്റെ റോള്‍ ഭംഗിയാക്കി. അതുകൊണ്ടാണ് വീണ്ടും ചാലക്കുടിയില്‍ മത്സരിക്കാന്‍ സിപിഎം ഇന്നസെന്റിനെ നിയോഗിച്ചത്.
രണ്ടാമൂഴത്തില്‍ കോണ്‍ഗ്രസ് തരംഗത്തില്‍ പരാജയപ്പെട്ടുവെങ്കിലും മറ്റൊരു ലോക്സഭാ തെരഞ്ഞെടുപ്പ് വരുന്നകാലയളവിലാണ് ഇന്നസെന്റെന്ന രാഷ്ട്രീയ ഉളളടക്കമുളള കലാകാരന്‍ വിടപറയുന്നത്. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളോടും ഒരേ രീതിയില്‍ പെരുമാറുവാനുളള സമത്വസുന്ദരമായ സ്വഭാവശൈലി ഇന്നസെന്റ് ആര്‍ജിച്ചെടുത്തത് തന്റെ ഭൂതകാലത്തിലെ ചുട്ടുനീറും അനുഭവങ്ങളില്‍ നിന്നാണ്.
തുടക്കത്തിലെ തോറ്റുപോയി സ്‌കൂളില്‍ നിന്നും പുറത്തുപോകേണ്ടി വന്ന നിരാലാംബനും പരിഹാസ്യനുമായ ഒരു മനുഷ്യന്‍ ജീവിത സര്‍വകലാശാലയില്‍ നേട്ടത്തിന്റെ വെളളിക്കൊടി പാറിക്കാന്‍ പിന്നീട് ജീവിതത്തില്‍ നടത്തിയപോരാട്ടങ്ങളുടെ കഥയാണ് ചിരിയും ചിന്തയും കലര്‍ത്തി ഇന്നസെന്റ് ഓരോ മലയാളിയോടും പറയുന്നത്.
Keywords: News, Kerala, State, Kannur, Top-Headlines, Trending, Death, Obituary, Actor, Cine Actor, Cinema, Entertainment, Innocent best politician in cinema and real life