ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് ആദ്യമായി എച്3എന്‍2 വൈറസ് ബാധയേറ്റ് രണ്ടുപേര്‍ മരിച്ചതായി സര്‍കാര്‍ വൃത്തങ്ങള്‍. മരിച്ചവരില്‍ ഒരാള്‍ ഹരിയാന സ്വദേശിയും ഒരാള്‍ കര്‍ണാടകയിലെ ഹാസന്‍ സ്വദേശിയുമാണ്. ആദ്യ മരണം സംഭവിച്ചത് കര്‍ണാടകയിലായിരുന്നു.
മാര്‍ച് ഒന്നിനാണ് കര്‍ണാടകയിലെ ഹാസന്‍ സ്വദേശിയായ 82 കാരന്‍ മരിച്ചത്. ഇതിന് ശേഷമാണ് ഇദ്ദേഹത്തിന് എച്3എന്‍2 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഹാസനില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
കടുത്ത പനി ബാധിച്ചതോടെ ഫെബ്രുവരി 24നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്ത്മ- ബിപി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഇദ്ദേഹത്തിന് നേരത്തെ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരിച്ചയാളുമായി അടുത്ത് ഇടപഴകിയിരുന്നവരെ സൂക്ഷ്മനിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
അതേസമയം ഹരിയാനയില്‍ മരിച്ച രോഗിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. രാജ്യത്ത് ഇതുവരെ 90 പേര്‍ക്ക് എച്3എന്‍2 പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്. ഇതില്‍ കൂടുതലും ഡെല്‍ഹിയിലാണെന്നാണ് വിവരം.
എന്താണ് എച്3എന്‍2 വൈറസ് ബാധ?
എച്3എന്‍2 വൈറസ് ബാധ അഥവാ ഹോങ്കോങ് ഫ്‌ലൂ എന്നറിയപ്പെടുന്ന വൈറസ് അണുബാധയില്‍ കോവിഡിന്റേതിന് സമാനമായ ലക്ഷണങ്ങളാണത്രേ ഏറെയും കാണിക്കുക. എച്1എന്‍1 അണുബാധയിലും അങ്ങനെ തന്നെ.
തുടര്‍ച്ചയായ ചുമ, പനി, കുളിര് ഒപ്പം ശ്വാസതടസും ശ്വാസമെടുക്കുമ്പോള്‍ ചെറിയ ശബ്ദം വരുന്നതുമാണ് എച്3എന്‍2വിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഓക്കാനം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളും കണ്ടുവരുന്നു. ഒരാഴ്ചയിലധികം ഈ ലക്ഷണങ്ങള്‍ തുടരാം.
എളുപ്പത്തില്‍ ഒരു രോഗിയില്‍ നിന്ന് മറ്റൊരു രോഗിയിലേക്ക് പകരാമെന്നതിനാല്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മാസ്‌ക് ധരിക്കുന്നതും സാമൂഹികാകലം പാലിക്കുന്നതും അനാവശ്യമായ ആള്‍ക്കൂട്ടങ്ങളൊഴിവാക്കുന്നതും കൈകള്‍ ശുചിയായി സൂക്ഷിക്കുന്നതുമെല്ലാം അണുബാധ പകരുന്നതിനെ പ്രതിരോധിക്കും.
ആരിലാണ് അപകടസാധ്യത കൂടുതല്‍?
പ്രായമായവരിലാണ് എച്3എന്‍2 വൈറസ് ബാധ കൂടുതലും അപകടമായി വരുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. ഹാസനില്‍ മരിച്ച ഗൗഡേയുടെ കേസില്‍ ഉള്ളതുപോലെ ആസ്ത്മ- ബിപി പോലുള്ള മെഡികല്‍ പ്രശ്‌നങ്ങള്‍ നേരത്തെ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നീ വിഭാഗങ്ങളും ജാഗ്രത പാലിക്കണം.
Keywords: News, National, India, Death, Health, Disease, Top-Headlines, Latest-News, India's first two deaths due to H3N2 Influenza virus from Karnataka, Haryana